Thursday, 07 November 2024

റോയൽ മെയിലിൽ പോസ്റ്റൽ ലെറ്ററുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. ശനിയാഴ്ചകളിൽ ലെറ്റർ വിതരണം നിർത്താൻ സാധ്യത

ബ്രിട്ടീഷ് പോസ്റ്റൽ സർവീസായ റോയൽ മെയിൽ ശനിയാഴ്ചകളിൽ കത്തുകൾ വിതരണം ചെയ്യുന്നത് നിർത്താൻ ആലോചിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് പോസ്റ്റൽ കത്തുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. ഏകദേശം 1.1 ബില്യൺ കത്തുകളുടെ കുറവാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2020 ഓഗസ്റ്റ് വരെയുള്ള റിപ്പോർട്ടിൽ റോയൽ മെയിൽ രേഖപ്പെടുത്തിയത്. ശനിയാഴ്ചകളിൽ കത്തുകൾ വിതരണം ചെയ്യുന്നത് നിർത്തിയാലും പാർസൽ സർവ്വീസുകൾ ആഴ്ചയിൽ ഏഴു ദിവസവും തുടരാനാണ് തീരുമാനം.

ലോക്ക് ഡൗൺ കാലത്ത് പാർസൽ സർവ്വീസുകളിൽ വൻപിച്ച കുതിച്ചു കയറ്റം നടത്തിയതാണ് റോയൽ മെയിൽ ആ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണം. ഏകദേശം 177 മില്യൺ അധിക ഓൺലൈൻ ഷോപ്പിംഗ് പാർസൽ സർവ്വീസുകളാണ് ലോക്ക് ഡൗൺ സമയത്ത് റോയൽ മെയിൽ ഡെലിവറി നടത്തിയത്. വിവിധ ബിസിനസ്സ് ആവശ്യങ്ങൾക്കായി കത്തിടപാടുകൾ നടക്കുന്നത് മൂലം തിങ്കൾ മുതൽ വെള്ളിവരെ പോസ്‌റ്റൽ സർവ്വീസുകൾ മുടങ്ങാതെ തുടരും. ആയിരകണക്കിന് ഉപഭോക്തൃ സർവ്വേകൾക്കും സ്റ്റാഫ് മീറ്റിംഗുകൾക്കും ശേഷമാണ് റോയൽ മെയിൽ എക്സിക്യൂട്ടീവുകൾ പുതിയ തീരുമാനത്തിൽ എത്തിച്ചേർന്നത്.

അപ്രതീക്ഷിതമായി പാർസൽ സർവീസിൽ ഉണ്ടായ വർധന 139 മില്യൺ പൗണ്ട് അധിക വരുമാനമാണ് റോയൽ മെയിലിന് നേടി കൊടുത്തത്. ഇതിനെത്തുടർന്ന് ഓഹരി വിലയിൽ 25% വർധനയുണ്ടായി. ഷെയർ വില 43.7 പെൻസ് വർദ്ധിച്ച് 218.3 പെൻസിലേക്ക് ഉയർന്നു. സോർട്ടിങ് മെഷീനുകളും കയ്യോപ്പു പതിപ്പിക്കുന്ന സംവിധാനങ്ങളും പരിഷ്കരിക്കാനും റോയൽ മെയിൽ തീരുമാനിച്ചു.
 

Other News