ഇംഗ്ലണ്ടിലെ യൂണിവേഴ്സികളിൽ കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഡിപ്പാർട്ട്മെൻറ് ഓഫ് എഡ്യൂക്കേഷൻ പുറത്തിറക്കി
ഇംഗ്ലണ്ടിലെ യൂണിവേഴ്സികളിൽ കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഡിപ്പാർട്ട്മെൻറ് ഓഫ് എഡ്യൂക്കേഷൻ പുറത്തിറക്കി. പുതിയ മാർഗ്ഗ നിർദ്ദേശമനുസരിച്ച് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ പ്രാദേശിക കൊറോണ വൈറസ് വ്യാപനം ശക്തമാകുന്ന സാഹചര്യങ്ങളിൽ അവരവരുടെ താമസ കേന്ദ്രങ്ങളിൽ തന്നെ തുടരുകയും, വീടുകളിലേക്ക് പോകുന്നത് ഒഴിവാക്കുകയും ചെയ്യണം. വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ഡി എഫ് ഇ യൂണിവേഴ്സിറ്റികൾക്ക് കർശന നിർദ്ദേശം നൽകി. പ്രാദേശിക കൊറോണ വ്യാപന നിയന്ത്രണത്തിന് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതോടൊപ്പം സുരക്ഷിതമായ സാമൂഹിക ഇടപെടലിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട ശരിയായ പദ്ധതികൾ ഉണ്ടായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നയങ്ങളും യൂണിവേഴ്സിറ്റികൾ ഇതിനകം തയ്യാറാക്കിയ പദ്ധതികളും സംയോജിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റർമാർ. കാമ്പസുകളിൽ വിദ്യാർഥികളും അധ്യാപകരും എത്തി തുടങ്ങി. ചില യൂണിവേഴ്സിറ്റികൾ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. കൊറോണ ലക്ഷണങ്ങളുള്ള വിദ്യാർത്ഥികളും അവരുടെ താമസ സ്ഥലത്തുള്ള മറ്റുള്ളവരും അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പിന്തുണയോടെ അവിടെ തന്നെ സെൽഫ് ഐസലേറ്റ് ചെയ്യണമെന്നും ഡി എഫ് ഇ നിർദ്ദേശിച്ചു. കമ്മ്യുണൽ അല്ലെങ്കിൽ ഡൈനിങ് ഏരിയകളുടെ ഉപയോഗം ഒരു സമയം ആറ് പേർക്ക് മാത്രമായി പരിമിതപ്പെടുത്തും. പൊതു ബാത്ത്റൂം, കിറ്റ്ച്ചെൻ എന്നിവ മുപ്പത് പേർക്കു വരെ ഉപയോഗിക്കാമെങ്കിലും പരമാവധി ആറ് പേരിൽ കൂടുതലുള്ള ഒത്തു ചേരലുകൾ ഒഴിവാക്കണമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.