ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കൊറോണ വാക്സിൻ്റെ മൂന്നാംഘട്ട ട്രയൽ പുനരാരംഭിച്ചു
താത്കാലികമായി നിറുത്തി വച്ചിരുന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കൊറോണ വാക്സിൻ ട്രയൽ പുനരാരംഭിച്ചു. ട്രയലിൽ പങ്കെടുത്ത ഒരു വോളണ്ടിയർക്ക് അസുഖബാധയുണ്ടായതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്ര സെനക്കയും മൂന്നാം ഘട്ട ട്രയൽ നിറുത്തിവച്ചത്. വോളണ്ടിയർക്ക് രോഗാവസ്ഥയുണ്ടായത് വാക്സിനുമായി ബന്ധപ്പെട്ടാണോയെന്ന അന്വേഷണം നടക്കുകയാണെന്ന് വാക്സിൻ സെൻറർ വിശദീകരണം നല്കിയിരുന്നു. എന്നാൽ വാക്സിൻ ട്രയൽ സുരക്ഷിതമാണെന്നും മുന്നോട്ടുള്ള പഠനങ്ങൾ തുടരുകയാണെന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഇന്ന് അറിയിച്ചു.
ട്രയൽ തുടരുമെന്നത് ശുഭകരമായ വാർത്തയാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. എന്നാൽ ട്രയലിൽ പങ്കെടുക്കുന്നവരുടെ സുരക്ഷിതത്വത്തിനു മുൻഗണന നല്കും. അതിൻ്റെ ഭാഗമായാണ് ട്രയൽ നിർത്തേണ്ടി വന്നതെന്ന് ഹെൽത്ത് സെക്രട്ടറി വ്യക്തമാക്കി. ഇത്രയും വലിയ ട്രയലുകൾ നടക്കുമ്പോൾ വോളണ്ടിയർമാരിൽ ഏതാനും പേർക്കെങ്കിലും രോഗാവസ്ഥ ഉണ്ടാകുമെന്നത് പ്രതീക്ഷിച്ചിരുന്നതാണെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി അറിയിച്ചു. ട്രയൽ തുടരാൻ ഇൻഡിപെൻഡൻ്റ് സേഫ്റ്റി റിവ്യൂ കമ്മിറ്റി, യുകെ റെഗുലേറ്റർ, ദി മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്റർ ഏജൻസി എന്നിവ അനുമതി നല്കി.
വോളണ്ടിയർക്കുണ്ടായ അസുഖബാധയുടെ വിവരങ്ങൾ പുറത്തു വിടില്ലെന്ന് വാക്സിൻ സെൻറർ അറിയിച്ചു. വാക്സിൻ സ്വീകരിച്ച ഒരാൾക്ക് ട്രാൻസ് വേഴ്സ് മയലിറ്റിസ് എന്ന രോഗാവസ്ഥയാണ് ഉണ്ടായതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. സ്പൈനൽ കോർഡിന് ഇൻഫ്ളമേഷൻ ഉണ്ടാകുന്ന അവസ്ഥയാണിത്.