Wednesday, 22 January 2025

എൻ‌എച്ച്‌എസിൻ്റെ കോവിഡ് -19 കോണ്ടാക്റ്റ് ട്രേസിംഗ് അപ്ലിക്കേഷൻ സെപ്റ്റംബർ 24 മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും നിലവിൽ വരും

എൻ‌എച്ച്‌എസിൻ്റെ കോണ്ടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷൻ സെപ്റ്റംബർ 24 ന് ഇംഗ്ലണ്ടിലും വെയിൽസിലും പ്രവർത്തനം തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ആദ്യം അറിയിച്ചതിനേക്കാൾ നാലുമാസം വൈകിയാണ് ആപ്പ് ലോഞ്ച് ചെയ്യപ്പെടുന്നത്. കോൺ‌ടാക്റ്റ് ട്രെയ്‌സിംഗ് നടപ്പാക്കുന്നതിൻ്റെ ഭാഗമായി കസ്റ്റമേഴ്സിന് ചെക്ക് ഇൻ ചെയ്യാൻ ക്യുആർ കോഡുകൾ പ്രദർശിപ്പിക്കാൻ ബിസിനസ്സ്‌ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിൽ ഐൽ ഓഫ് വൈറ്റ്, ഈസ്റ്റ് ലണ്ടൻ ബൊറോ ന്യൂഹാം എന്നിവിടങ്ങളിലാണ് ആപ്പ് ട്രയൽ ചെയ്യപ്പെടുന്നത്. സ്വതന്ത്രമായ ഫ്രെയിം വർക്കിൽ ഒരു ആപ്ലിക്കേഷൻ നിർമ്മിക്കാനുള്ള പ്രാരംഭ ശ്രമത്തിൽ ഐഫോണുകളിലെ പ്രകടനം മോശമായതോടെ ആൻഡ്രോയ്‌ഡിന്റെയും ആപ്പിളിന്റെയും ഫ്രെയിം വർക്കിൽ വീണ്ടും ആപ്പ് പുന:സൃഷ്ടിക്കുകയായിരുന്നു.

ഇംഗ്ലണ്ടിലും വെയിൽസിലും ഉടനീളമുള്ള ബിസിനസ്സുകൾ എൻ‌എച്ച്എസ് പോസ്റ്ററുകൾ അച്ചടിച്ച് പ്രദർശിപ്പിക്കാനും ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ഉപയോക്താക്കളെ സഹായിക്കാനും അവരുടെ സാന്നിധ്യം ക്യു ആർ കോഡ് സ്കാൻ ചെയ്ത് രേഖപ്പെടുത്താനും സർക്കാർ അഭ്യർത്ഥിച്ചു. കൊറോണ വ്യാപന സാഹചര്യം ഉണ്ടായാൽ കൃത്യമായി ട്രെയ്സ് ചെയ്ത് വിവരങ്ങൾ ശേഖരിക്കാൻ ഈ ആപ്ലിക്കേഷൻ വഴി സാധിക്കും. എന്നിരുന്നാലും വ്യക്തിഗത ബാറുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പുകൾ എന്നിവ കോൺ‌ടാക്റ്റ് ട്രെയ്‌സിംഗ് ആവശ്യങ്ങൾക്കായി സന്ദർശകരുടെ രേഖകൾ സൂക്ഷിക്കുന്നത് തുടരേണ്ടതാണ്. അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്തവരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ ശേഖരിക്കുന്നതിന് സ്വന്തം രജിസ്റ്റർ സൂക്ഷിക്കുന്നത് സഹായകമാകും.

അത്യാധുനിക സാങ്കേതികവിദ്യ ഉൾപ്പെടെ വൈറസ് പടരുന്നത് നിയന്ത്രിക്കാൻ മറ്റു മാർഗങ്ങളും ഉപയോഗിക്കേണ്ടതുണ്ടെന്ന് ആരോഗ്യ സാമൂഹിക പരിപാലന സെക്രട്ടറി മാറ്റ് ഹാനോക്ക് പ്രസ്താവിച്ചു. നിർണ്ണായക സമയത്ത് വൈറസ് വ്യാപനം നിയന്ത്രിക്കാൻ ഇത് സഹായിക്കും. എൻ‌എച്ച്‌എസ് ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റത്തെ പിന്തുണയ്‌ക്കുന്നതിന് കോൺ‌ടാക്റ്റ് വിശദാംശങ്ങൾ‌ ശേഖരിക്കുന്നതിന് എളുപ്പവും ലളിതവുമായ മാർ‌ഗ്ഗം ക്യുആർ‌ കോഡുകൾ‌ വഴി ലഭിക്കും.

വിവിധ ബിസിനസ്സ്‌ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച മുതൽ സർക്കാർ വെബ്‌സൈറ്റിൽ നിന്ന് ക്യുആർ കോഡ് പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയും. കോൺടാക്റ്റ്-ട്രെയ്‌സിംഗ് അപ്ലിക്കേഷനുകൾ സമാരംഭിച്ച യുകെയുടെ നാല് രാജ്യങ്ങളിൽ അവസാനത്തേതാണ് ഇംഗ്ലണ്ടും വെയിൽസും. സ്‌കോട്ട്‌ലൻഡിന്റെ സ്വന്തം അപ്ലിക്കേഷൻ വ്യാഴാഴ്ച പ്രവർത്തനമാരംഭിച്ചു. വടക്കൻ അയർലണ്ടിന്റെ അപ്ലിക്കേഷൻ ജൂലൈയിലും പുറത്തിറക്കി.

Other News