Monday, 23 December 2024

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് 50 പേരുടെ പാർട്ടി നടത്തി കൗമാരക്കാരൻ. 10000 പൗണ്ട് പിഴ ഈടാക്കി നോട്ടിംഗ്ഹാംഷെയർ പോലീസ്

കോവിഡ് നിയമങ്ങൾ കർശനമായി പിന്തുടരാനുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് വെള്ളിയാഴ്ച വൈകുന്നേരം ലെന്റണിലെ വീട്ടിൽ വീട്ടിൽ അൻപത് പേർക്ക് ആതിഥേയത്വം വഹിച്ച പത്തൊൻപതുകാരനായ യുവാവിൽ നിന്ന് 10000 പൗണ്ട് പിഴ ഇടാക്കിയതായി നോട്ടിംഗ്ഹാംഷെയർ പോലീസ് അറിയിച്ചു. ഇതിനെ തുടർന്ന് വാരാന്ത്യ പാർട്ടികൾ നടത്തുന്നതിലെ അപകട സാധ്യതയെകുറിച്ച് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

മുപ്പതിലധികം ആളുകളുടെ അനധികൃത ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നതിന് 10,000 പൗണ്ട് പിഴ ഈടാക്കാൻ പോലിസ് സേനയ്ക്ക് അധികാരമുണ്ട്. തിങ്കളാഴ്ച മുതൽ ആറിലധികം ആളുകൾ കൂട്ടം കൂടുന്നതിനെതിരെ കർശനമായ നിയമം നിലവിൽ വരും. നിയന്ത്രണങ്ങൾ ലംഘിച്ച് മറ്റുള്ളവരുടെ ജീവൻ മന:പൂർവ്വം അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ സ്റ്റീവ് കൂപ്പർ പറഞ്ഞു.

ബോൾട്ടണിലെ ഒരു വിവാഹ പാർട്ടിയിൽ നൂറോളം പേർ പങ്കെടുത്തതിനെത്തുടർന്ന് വെള്ളിയാഴ്ച പെനാൽറ്റി നോട്ടീസ് പുറപ്പെടുവിച്ചതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസും അറിയിച്ചു. ശനിയാഴ്ച പുലർച്ചെ മാഞ്ചസ്റ്ററിലെ ഒരു വീട്ടിൽ നടന്ന മുപ്പതു പേരുടെ ഒരു പാർട്ടിയും പോലിസ് ഇടപെട്ട്‌ നിർത്തി വെപ്പിച്ചു.

നിലവിലെ സാഹചര്യത്തിൽ നിയന്ത്രണമില്ലാതെ പാർട്ടികൾ നടത്തുന്നതും ആളുകൾ അധികമായി ഒത്തു ചേരുന്നതും തികച്ചും നിരുത്തരവാദിത്വപരമാണെന്ന് പോലിസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Other News