Thursday, 07 November 2024

ബ്രിട്ടനിൽ നിന്നും രണ്ടു ലക്ഷത്തോളം സ്വാബുകൾ ഇറ്റലിയിലേക്കും ജർമനിയിലേയ്ക്കും പരിശോധനയ്ക്ക് അയച്ചതായി രേഖകൾ

യുകെ ഗവൺമെന്റിന്റെ ലോകോത്തരമായ കോവിഡ് -19 ടെസ്റ്റിംഗ് സംവിധാനം വേണ്ടവിധം പ്രവർത്തന സജ്ജമല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.185,000 സ്വാബുകളാണ് പരിശോധനയ്ക്കായി ജർമ്മനിയിലേക്കും ഇറ്റലിയിലേക്കും അയച്ചത്. ഓഗസ്റ്റ് ആരംഭം മുതൽ 35,000-ത്തിലധികം ടെസ്റ്റുകൾ റദ്ദാക്കി.
ദിവസേന 375,000 ടെസ്റ്റുകൾ പരിശോധിക്കാൻ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സെപ്റ്റംബർ ആദ്യ ആഴ്ചയിൽ 437,000 ടെസ്റ്റുകൾ എണ്ണത്തിൽ കുറഞ്ഞതായാണ് രേഖകൾ സൂചിപ്പിക്കുന്നത്

കോവിഡ് വ്യാപനത്തിന്റെ നിരക്ക് വർദ്ധിച്ചതു മൂലം നോർത്തേൺ ഇംഗ്ലണ്ടിലെ ഹോട്ട്‌സ്‌പോട്ടുകൾ ടെസ്റ്റുകൾ നടത്താൻ സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും പ്രദേശവാസികൾ നൂറുകണക്കിന് മൈലുകളാണ് ടെസ്റ്റ് നടത്താൻ യാത്ര ചെയ്യേണ്ടി വരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ബ്രിട്ടനിലെ ഏറ്റവും ഉയർന്ന അണുബാധ നിരക്കുള്ള (ഒരു ലക്ഷം ആളുകൾക്ക് 180 പ്രതിവാര കേസുകൾ) ബോൾട്ടൺ നഗരത്തിൽ വ്യാഴാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കുമിടയിൽ പരിശോധനകളൊന്നും ലഭ്യമല്ല.

കഴിഞ്ഞയാഴ്ച ആദ്യം ടെസ്റ്റിംഗ് സിസ്റ്റത്തിലെ ഒരു തകരാർമൂലം ലണ്ടൻ, കോൺ‌വാൾ എന്നിവിടങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളെ ടെൽ‌ഫോർഡിലെ ഒരു പരിശോധനാ സ്ഥലത്തേക്ക് അയയ്‌ക്കുകയുണ്ടായി. ലബോറട്ടറികൾക്ക് ടാർജറ്റ് നേടാൻ കഴിയുന്നില്ലെന്ന് എൻ‌എച്ച്‌എസ് ടെസ്റ്റ് ആന്റ് ട്രെയ്‌സിലെ ടെസ്റ്റിംഗ് ഡയറക്ടർ സാറാ-ജെയ്ൻ മാർഷ് കഴിഞ്ഞ ആഴ്ച സമ്മതിച്ചിരുന്നു. പാൻഡെമിക്കിന്റെ തുടക്കത്തിൽ 133 മില്യൺ പൗണ്ട് ടെസ്റ്റിംഗ് കരാർ എടുത്ത റാൻഡോക്സിന് വലിയ സ്റ്റാഫിംഗ് പ്രശ്‌നങ്ങളുള്ളതു കാരണം ആയിരക്കണക്കിന് ടെസ്റ്റുകൾ ഒഴിവാക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ലൈറ്റ്ഹൗസ് ലബോറട്ടറികളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ തീവ്രമായ ശ്രമത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നും അതിനായി അൻപതിലധികം സർവകലാശാലകൾക്ക് കത്തെഴുതിയെന്നും മെയിൽ ഓൺ സൺഡേ വെളിപ്പെടുത്തി. രോഗലക്ഷണങ്ങളില്ലെങ്കിലോ കോവിഡ് ടെസ്റ്റ് നിർദ്ദേശിച്ചിട്ടില്ലെങ്കിലോ, കൈ കഴുകുകയും മാസ്ക് ധരിക്കുകയും സാമൂഹിക
അകലം പാലിക്കുകയും മറ്റ് കോവിഡ് നിയമങ്ങൾ പാലിക്കുകയും ചെയ്താൽ സ്വയം പരിരക്ഷിക്കാൻ കഴിയുമെന്ന് ആരോഗ്യ-സാമൂഹ്യ പരിപാലന വകുപ്പ് വക്താവ് പറഞ്ഞു.

Other News