Sunday, 24 November 2024

ബ്രിട്ടൺ രണ്ടാമതൊരു കൊറോണ വേവിലേയ്ക്ക് പ്രവേശിക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 'റൂൾ ഓഫ് സിക്സ്' പൊതുജനങ്ങൾ ഗൗരവമായി എടുക്കണമെന്ന് അഭ്യർത്ഥന

ബ്രിട്ടൺ രണ്ടാമതൊരു കൊറോണ വേവിലേയ്ക്ക് പ്രവേശിക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൂചിപ്പിച്ചു. കോവിഡ് വ്യാപനം കുറയ്ക്കാൻ അനുയോജ്യമായ മുൻകരുതലുകൾ പൊതുജനങ്ങൾ എടുക്കാത്ത പക്ഷം മരണസംഖ്യ ആദ്യ തവണ ഉണ്ടായതിനടുത്ത് എത്താമെന്ന് സയൻ്റിസ്റ്റുകൾ മുന്നറിയിപ്പ് നല്കി. ഇംഗ്ലണ്ടിൽ മുഴുവനായും ഭാഗിക ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ഗവൺമെൻ്റിൻ്റെ പരിഗണയിലാണ്. ഇംഗ്ലണ്ടിൻ്റെ നോർത്ത് വെസ്റ്റ്, യോർക്ക് ഷയർ, മിഡ് ലാൻഡ്സ് എന്നീ ഭാഗങ്ങളിൽ ഈയിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ 13.5 മില്യൺ ജനങ്ങളെ ഭാഗിക ലോക്ക് ഡൗണിലാക്കിയിട്ടുണ്ട്.

യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസും സ്പെയിനും നിലവിൽ അഭിമുഖീകരിക്കുന്ന കൊറോണ വ്യാപനം ബ്രിട്ടണിലും സംഭവിക്കാമെന്ന് ബോറിസ് ജോൺസൺ സൂചിപ്പിച്ചു. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥ പ്രവർത്തനക്ഷമമാന്നെന്ന് ഉറപ്പു വരുത്താൻ കഴിയുന്നത്ര നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം മറ്റൊരു ലോക്ക് ഡൗണിലേയ്ക്ക് പോകാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച മുതൽ ഇംഗ്ലണ്ടിൽ ഏർപ്പെടുത്തിയിരിക്കുന്ന റൂൾ ഓഫ് സിക്സ് പൊതുജനങ്ങൾ ഗൗരവമായി എടുക്കണമെന്നും ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ കടുത്ത നിയന്ത്രണങ്ങൾ കൊറോണ വ്യാപനത്തെ നിയന്ത്രിക്കാൻ ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചനയാണ് ഗവൺമെൻ്റ് നല്കുന്നത്.
 

Other News