Thursday, 07 November 2024

തൊഴിലില്ലായ്മ കുതിച്ചുയരുകയും കോവിഡിന്റെ രണ്ടാം തരംഗം സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്താൽ നെഗറ്റീവ് പലിശനിരക്ക് നടപ്പാക്കാനൊരുങ്ങി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

തൊഴിലില്ലായ്മ കുതിച്ചുയരുകയും കോവിഡിന്റെ രണ്ടാം തരംഗം സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്താൽ നെഗറ്റീവ് പലിശനിരക്ക് നടപ്പാക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നീക്കങ്ങളാരംഭിച്ചു. മോണിറ്ററി പോളിസി മീറ്റിങ്ങിൽ നിലവിലെ പലിശനിരക്ക് 0.1% തുടരാൻ തീരുമാനിച്ചിട്ടുണ്ട്. യുകെയുടെ സാമ്പത്തിക മേഖല നേരിടുന്ന അനിശ്ചിതത്വത്തെക്കുറിച്ച് യോഗം ഗൗരവമായി ചർച്ച ചെയ്തു.

ലോക്ക് ഡൗണിന്റെ ആഘാതത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും സാമ്പത്തിക മേഖല അസാധാരണമായി അനിശ്ചിതത്വത്തിലാണെന്ന് ബാങ്ക് (BoE) മുന്നറിയിപ്പ് നൽകി. ഇന്നത്തെ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിങ്ങിന്റെ മിനിട്ട്‌സ് പ്രകാരം പ്രൂഡൻഷ്യൽ റെഗുലേഷൻ അതോറിറ്റിയുമായി ചേർന്ന് നെഗറ്റീവ് പലിശനിരക്ക് ഏർപ്പെടുത്തുന്ന കാര്യം അടുത്ത മാസങ്ങളിൽ ബാങ്ക് പരിഗണിക്കും.

നിരക്ക് കുറയ്ക്കണോ, എപ്പോൾ കുറയ്ക്കണം എന്നത് നിലവിലെ സാഹചര്യത്തിൽ തീരുമാനമെടുക്കുക എന്നത് യുകെയുടെ സെൻ‌ട്രൽ ബാങ്ക് അഭിമുഖീകരിക്കുന്ന അസാധ്യമായ വെല്ലുവിളിയാണെന്ന് ഫിഡെലിറ്റി ഇന്റർനാഷണലിന്റെ ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ ടോം സ്റ്റീവൻസൺ പറയുന്നു. പകർച്ചവ്യാധിയുടെയും ബ്രെക്‌സിറ്റ് ചർച്ചകളുടെയും ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾ, ഓഗസ്റ്റിൽ പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞത്‌, ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതും സാമ്പത്തിക കുതിച്ചുചാട്ടത്തിന് തടസ്സമാകുമെന്ന് മീറ്റിങ്ങ് വിലയിരുത്തി.

ഗവൺമെന്റിന്റെ പിന്തുണാ പദ്ധതികൾ അവസാനിച്ചുകഴിഞ്ഞാൽ ഉണ്ടാകാവുന്ന വൻതോതിലുള്ള തൊഴിലില്ലായ്മയെക്കുറിച്ചും പാൻഡെമിക്കിൽ നിന്നുള്ള ദീർഘകാല സാമ്പത്തിക ക്ഷാമത്തെക്കുറിച്ചും ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൈറസിന്റെ രണ്ടാമത്തെ തരംഗമുണ്ടായാൽ സാമ്പത്തിക വിപണി പൂർണ്ണമായും തകരാറിലാകാനുള്ള സാധ്യതയും തള്ളി കളയാനാവില്ല.

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റ് പ്രവചിക്കുന്നത് യുകെ സമ്പദ്‌വ്യവസ്ഥ ഈ വർഷം 10 ശതമാനം ചുരുങ്ങുമെന്നാണ്. പാൻഡെമികിനെ തുടർന്ന് ജിഡിപിയിൽ 1.5 ശതമാനം കുറവുണ്ടാകുമെന്നും അത് സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്നും ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു.

Other News