Monday, 23 December 2024

പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്തു. കൊറോണ ഇൻഫെക്ഷൻ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

യുകെയിൽ കൊറോണ ഇൻഫെക്ഷൻ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി 8 മണിക്ക് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് ബ്രിട്ടണിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. പാർലമെൻ്റിൽ ഇതുമായി ബന്ധപ്പെട്ട സ്റ്റേറ്റ്മെൻറ് പ്രധാനമന്ത്രി നേരത്തെ നല്കിയിരുന്നു. വ്യാഴാഴ്ച മുതൽ റെസ്റ്റോറൻ്റുകൾ, പബുകൾ, ബാറുകൾ എന്നിവ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. ഹോസ്പിറ്റാലിറ്റി മേഖലയിൽ കസ്റ്റമേഴ്സിന് ടേബിൾ സർവീസ് മാത്രമേ അനുവദിക്കുകയുള്ളൂ. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലയിലെ സ്റ്റാഫുകൾക്ക് ഫേസ്കവറിംഗ് നിർബന്ധമാക്കി. ടാക്സി ഉപയോഗിക്കുമ്പോൾ യാത്രക്കാരും ഫേസ്കവറിംഗ് ധരിക്കണം. ഫേസ് കവറിംഗ് ധരിക്കാത്തവർക്കും റൂൾ ഓഫ് സിക്സ് ലംഘിക്കുന്നവർക്കും 200 പൗണ്ട് ഫൈൻ ഏർപ്പെടുത്തി. വെഡിംഗുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 30 ൽ നിന്ന് 15 ആയി കുറച്ചു. ഈ നിയന്ത്രണങ്ങൾ ആറു മാസക്കാലം നീണ്ടു നിന്നേക്കാമെന്ന് ബോറിസ് സൂചിപ്പിച്ചു. കോബ്രാ കമ്മിറ്റിയുടെ അടിയന്തിര മീറ്റിംഗ് ഇന്നു രാവിലെ നടന്നിരുന്നു. സീനിയർ മിനിസ്റ്റർമാരും സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലെ ഫസ്റ്റ് മിനിസ്റ്റർമാരുമായി ബോറിസ് കൂടിക്കാഴ്ച നടത്തി. കഴിയുന്നതും ആളുകൾ വർക്ക് ഫ്രം ഹോം രീതി നടപ്പാക്കണമെന്ന നിർദ്ദേശവും ഗവൺമെൻ്റ് മുന്നോട്ട് വച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ആവശ്യമെങ്കിൽ പോലീസിനെയും മിലിട്ടറിയെയും ഉപയോഗിക്കും.

യുകെയിലെ കൊറോണ വൈറസ് അലർട്ട് ലെവൽ മൂന്നിൽ നിന്ന് നാലിലേയ്ക്ക് ഉയർത്തിയിട്ടുണ്ട്. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലെ ചീഫ് മെഡിക്കൽ അഡ് വൈസർമാരാണ് ഇതുസംബന്ധിച്ച് ശുപാർശ നല്കിയത്. കൊറോണ ഇൻഫെക്ഷൻ നിരക്ക് വളരെ കൂടുതൽ / അല്ലെങ്കിൽ കുത്തനെ ഉയരുന്നു എന്നതാണ് ലെവൽ 4 അലർട്ട് സൂചിപ്പിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ ഉണ്ടായില്ലെങ്കിൽ ഒക്ടോബർ പകുതിയോടെ ദിവസേന 50,000 പുതിയ ഇൻഫെക്ഷനുകൾ യുകെയിൽ ഉണ്ടാകാമെന്നും ചീഫ് മെഡിക്കൽ അഡ് വൈസർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും ഇൻഫെക്ഷനുകൾ ഉണ്ടാകുന്ന പക്ഷം നവംബർ പകുതിയോടെ ദിവസവും 200 ഓളം മരണങ്ങൾ കൊറോണ മൂലം ഉണ്ടാകുന്ന സ്ഥിതിയിലേയ്ക്ക് രാജ്യം നീങ്ങുമെന്നും സർ പാട്രിക് വാലൻസും പ്രൊഫസർ ക്രിസ് വിറ്റിയും സൂചിപ്പിച്ചിരുന്നു.
 

Other News