പാടാതിരിക്കാൻ എനിക്കാവതില്ലേ... കോവിഡ് കാലവും സംഗീതമയമാക്കി യുകെയിലെ നാലു മലയാളി ഡോക്ടർമാർ... മലയാളം പാട്ടുകൾ റെക്കോർഡിംഗ് നടത്തിയത് ഇംഗ്ലീഷുകാരി...
മലയാള മണ്ണിൽ നിന്നും അനേകകാതം അകലെയാണെങ്കിലും കോവിഡ് കാലമാണെങ്കിലും സർഗാത്മകതയെ വെള്ളകോട്ടിനുള്ളിൽ അധികകാലം മറച്ചു വെക്കാനാവില്ലെന്നു തെളിയിച്ചിരിക്കുന്നു മാഞ്ചസ്റ്ററിൽ ഒത്തുചേർന്ന ഈ നാലു മലയാളി ഭിഷഗ്വരന്മാർ. വെസ്റ്റേൺ മ്യൂസിക് റെക്കോർഡ് ചെയ്യുന്ന ഇംഗ്ലീഷുകാരുടെ സ്റ്റുഡിയോയിൽ നമ്മുടെ മലയാളം പാട്ടു പാടി റെക്കോർഡ് ചെയ്യാൻ സാധിക്കുമോ അവർക്കിഷ്ട്പ്പെടുമോ എന്ന സന്ദേഹത്തോടെയാണ് എല്ലാവരും സ്റ്റുഡിയോയിൽ എത്തിയത്. ഏഴു മണിക്കൂറോളം നീണ്ട റെക്കോർഡിങ്ങിൽ വളരെ സൗഹാർദ്ദത്തോടെ മലയാള സംഗീതം ആസ്വദിച്ചു മറ്റാരുടെയും സഹായം കൂടാതെ റെക്കോർഡ് ചെയ്തു തന്ന ജോർജിയ എന്ന വെസ്റ്റേൺ സംഗീതത്തിൽ ഡിഗ്രിയുള്ള ഇംഗ്ലീഷുകാരി പെൺകൊടി സംഗീതത്തിന് ഭാഷയുടെ അതിർവരമ്പില്ലെന്നും അതിനു ഹൃദയത്തിന്റെ ഒരു ഭാഷ മാത്രമേയുള്ളൂ എന്നും തെളിയിച്ചു.
നോർത്ത് വെയിൽസിൽ ജനറൽ പ്രാക്റ്റീഷനർ ആയ ഡോ. അജിത് കർത്തയാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഡോ. സവിത മേനോനും ഡോ. അജിത് കർത്തയുമാണ് ഗാനങ്ങൾ മനോഹരമായി ആലപിച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് സംസ്ഥാന യുവജോനോത്സവ സ്കൂൾ മത്സര വേദിയിൽ ഓട്ടൻതുള്ളലിന് രണ്ടാംസ്ഥാനം കരസ്ഥമാക്കുകയും കഥകളി സംഗീതത്തിനും ലളിതഗാനത്തിനും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള കലാകാരനാണ് ഡോ. അജിത് കർത്ത. വളരെക്കാലത്തിനു ശേഷം ഗാനങ്ങൾ ചിട്ടപ്പെടുത്തി പാടാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് മുൻ ശബരിമല മേൽശാന്തി കിഴക്കേടത്തു ഗണപതി നമ്പൂതിരിയുടെ മകളുടെ മകനായ മീനച്ചിൽ കർത്താ കുടുബത്തിലെ ഡോ. അജിത് കർത്ത.
ഡോ. സവിത മേനോനെ യുകെയിലെ സംഗീത സദസ്സുകൾക്ക് ചിരപരിചിതമാണ്. രണ്ടു ഗാനങ്ങൾക്ക് വരികളെഴുതിയതു തൃശ്ശൂർകാരനായ ഡോ. ജയൻ മണ്ണത്ത് ബിർമിങ്ഹാമിൽ ഗ്യാസ്‌ട്രോ എന്ററോളജിസ്റ് ആണ്. അദ്ദേഹം യുകെയിലെ മലയാളി മെഡിക്കൽ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നുണ്ട്. ബ്രിട്ടീഷ് സൊസൈറ്റി ഓഫ് ഗ്യാസ്റ്ററോ എന്റെറോൾജിയുടെ വിവിധ നാഷണൽ കമ്മിറ്റികളിൽ മെമ്പറായ ഡോ. ജയന് അമേരിക്കൻ സൊസൈറ്റി ഗ്യാസ്റ്ററോ എന്റെറോൾജിയുടെ റിസർച്ച് അവാർഡ് മുൻപ് ലഭിച്ചിട്ടുണ്ട്.
ഒരു ഗാനവും കവിതയും യോർക്ഷയറിൽ നിന്നുള്ള സൈക്കിയാട്രിസ്റ്റ് ഡോ. ജോജി കുര്യാക്കോസിന്റെയാണ്. അദ്ദേഹം ഇതിനു മുൻപ് വിജയ് യേശുദാസ് പാടിയ എന്റെ വിദ്യാലയം, പി ജയചന്ദ്രൻ പാടിയ ഒരു പുഞ്ചിരി അകലെ എന്ന ആൽബങ്ങൾക്കു വരികൾ എഴുതുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് .അയ്യപ്പ ഗാനങ്ങളും ക്രിസ്ത്യൻ ഡിവോഷണൽ ഗാനങ്ങളും വരികൾ എഴുതി നിർമ്മിച്ചിട്ടുള്ള ഡോ. ജോജി യു കെയിൽ ഉറ്റ സുഹൃത്തുക്കൾക്കൊപ്പം ഗാനങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്നുള്ള സന്തോഷത്തിലാണ്.
അജിത്തും ജയനും ജോജിയും രാഗലയം യുകെ എന്ന ബാനറിൽ ഈ പാട്ടുകൾ യൂട്യൂബിൽ ലാഭേച്ഛ ഇല്ലാതെ റിലീസ് ചെയ്യാനുള്ള അവസാന മിനുക്കുപണികളിലാണ്. ഇനിയും ഇതുപോലെയുള്ള വർക്കുകൾ ചെയ്യാൻ കഴിയും എന്ന വിശ്വാസത്തിലാണ് മൂവരും. മാഞ്ചസ്റ്ററിലെ HQ സ്റ്റുഡിയോയിൽ വെച്ച് കോവിട് പ്രോട്ടോകോൾ പാലിച്ചാണ് ഈ റെക്കോർഡിങ്‌സ് എല്ലാം നടത്തിയത്.