Thursday, 23 January 2025

റീഡിംഗ് ഗ്ലാസുകൾക്ക് പകരം ഇനി ഐ ഡ്രോപ്സുകൾ. ബ്രിട്ടനിലെ 10 മില്യൺ ആളുകൾക്ക്‌ ഇത് പ്രയോജനം ചെയ്യും

ക്ലിനിക്കൽ ടെസ്റ്റിംഗിലിരിക്കുന്ന പുതിയ ഐ ഡ്രോപ്സുകൾ റീഡിംഗ് ഗ്ലാസുകൾ ഉപയോഗിക്കുന്നവർക്ക് 12 മണിക്കൂറുകളോളം മികച്ച കാഴ്ച ലഭ്യമാക്കാൻ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്. ഈജിപ്തിലെ അൽ-അസർ സർവകലാശാലയിൽ നടത്തിയ പഠനത്തെ കുറിച്ച് ഇന്റർനാഷണൽ ജേണൽ ഓഫ് ഒഫ്താൽമിക് റിസർച്ചിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് റീഡിംഗ് ഗ്ലാസുകൾക്ക് പകരം ഐ ഡ്രോപ്സുകൾ നിലവിൽ വരാനുള്ള സാധ്യതയെ കുറിച്ച് വിശദീകരിച്ചത്. നിരവധി ഐഡ്രോപ്പ് ഉൽപ്പന്നങ്ങളിൽ യുഎസിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇത് വിജയകരമാണെങ്കിൽ, അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ അവ യുകെയിൽ ലഭ്യമാകും. ബ്രിട്ടനിലെ 10 മില്യൺ ആളുകൾക്ക്‌ ഇത് പ്രയോജനം ചെയ്യും.

പരീക്ഷണം വിജയകരമായാൽ റീഡിംഗ് ഗ്ലാസുകളെ ആശ്രയിക്കുന്നവർക്ക് ഉടൻ തന്നെ ദിവസേനയുള്ള ഐ ഡ്രോപ്സുകൾ പകരമായി ഉപയോഗിക്കാൻ കഴിഞ്ഞേക്കും. ഇത് 12 മണിക്കൂർ വരെ മികച്ച കാഴ്ച പുന:സ്ഥാപിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

അടുത്തുള്ള ഒബ്‌ജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മെനുകൾ വായിക്കാനോ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാനോ ക്രോസ് വേർഡ്‌സുകൾ ചെയ്യാനോ ബുദ്ധിമുട്ടുന്ന രാജ്യത്തെ ഏകദേശം 10 മില്യൺ ആളുകളെ ഇത് സഹായിക്കും. 50 വയസ്സിനു മുകളിലുള്ളവരിൽ 40 ശതമാനത്തിലധികം പേരെ ബാധിക്കുന്ന സ്വാഭാവിക വാർദ്ധക്യ പ്രക്രിയയുടെ ഭാഗമായ പ്രെസ്ബിയോപിയയുടെ ഫലമാണിത്. പ്രായമാകുന്തോറും കണ്ണിന്റെ മുൻവശത്തുള്ള ലെൻസ് ദൃഢമാകുന്നത് മൂലം കണ്ണിന്റെ പുറകിലുള്ള റെറ്റിനയിലേക്ക് തൊട്ടടുത്തുള്ള കാഴ്ച ശരിയായി ഫോക്കസ് ചെയ്യാൻ സാധിക്കാതെ വരുന്നു.

ശരിയായ കോണിൽ വെളിച്ചം കണ്ണിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നതിലൂടെ റീഡിംഗ് ഗ്ലാസുകൾ പ്രവർത്തിക്കുന്നു, അതിനാൽ വസ്തുക്കൾ കൂടുതൽ വ്യക്തമായി കാണപ്പെടും. ചിലർ പ്രസ്ബയോപിയയ്ക്കായി ശസ്ത്രക്രിയ നടത്തുന്നു, ഒരു കണ്ണിന് 2,500 പൗണ്ട് വരെ ഈ ശാസ്ത്ര ക്രിയയ്ക്ക്‌ ചിലവാകും. എന്നാൽ ഐ ഡ്രോപ്സുകൾ കൂടുതൽ സൗകര്യപ്രദമായ പരിഹാരമാകും.

ഗ്ലോക്കോമ പോലുള്ള കാഴ്ച നഷ്ടപ്പെടുത്തുന്ന അവസ്ഥകളെ ചികിത്സിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന കാർബച്ചോൾ, ബ്രിമോണിഡിൻ ടാർട്രേറ്റ് എന്നീ രണ്ട് മരുന്നുകൾ അവയിൽ അടങ്ങിയിരിക്കുന്നു. കൃഷ്ണമണി ചെറുതാക്കുന്നതിലൂടെ അവ പ്രവർത്തിക്കുന്നു, കണ്ണിലേക്ക് പ്രവേശിക്കുന്ന പ്രകാശം വളരെ ചെറിയ വിടവിലൂടെ കടന്നുപോകുന്ന ഒരു ‘പിൻഹോൾ’ പ്രഭാവം സൃഷ്ടിച്ച്, ഇമേജുകൾ ഫോക്കസ് ചെയ്യിക്കുന്നു. പ്രെസ്ബിയോപിയ ബാധിച്ച 57 രോഗികൾ ഉൾപ്പെട്ട ഒരു സമീപകാല പഠനത്തിൽ, മിക്കവർക്കും കാഴ്ചയിൽ 12 മണിക്കൂറെങ്കിലും നീണ്ടുനിന്ന പുരോഗതി രേഖപ്പെടുത്തി. അതിനുശേഷം, കൃഷ്ണമണി പൂർവ്വ സ്ഥിയിലാവുകയും വാക്കുകളും ചിത്രങ്ങളും വീണ്ടും മങ്ങുകയും ചെയ്തു. രാവിലെ തന്നെ ഐ ഡ്രോപ്സ്‌ ഉപയോഗിച്ചാൽ പകൽ മുഴുവൻ കാഴ്ചശക്തി ശരിയായി പ്രവർത്തിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

എന്നാൽ, ഐ ഡ്രോപ്സുകൾ കണ്ണുകൾക്ക് ദീർഘകാല നാശമുണ്ടാക്കില്ലെന്ന് ഉറപ്പാക്കാൻ വലിയ പഠനങ്ങൾ ആവശ്യമാണെന്ന് ലണ്ടനിലെ മൂർഫീൽഡ്സ് ഐ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് നേത്രരോഗവിദഗ്ദ്ധൻ മെലാനി ഹിംഗോറാണി പറഞ്ഞു.

Other News