Wednesday, 22 January 2025

ബ്രിട്ടണിലെ എം.പിമാരുടെ സാലറി 85,291 പൗണ്ടായി ഉയർത്തണമെന്ന് നിർദ്ദേശം. ആയിരക്കണക്കിനാളുകൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഈ വർദ്ധന അനാവശ്യമാണെന്ന് വിമർശനം

ബ്രിട്ടണിലെ എം.പിമാരുടെ സാലറി 85,291 പൗണ്ടായി ഉയർത്തണമെന്ന നിർദ്ദേശം ദി ഇൻഡിപെൻഡൻ്റ് പാർലമെൻ്റ് സ്റ്റാൻഡാർഡ്സ് കമ്മിറ്റി മുന്നോട്ടുവച്ചു. കഴിഞ്ഞ മൂന്നു മാസത്തെ പബ്ളിക് സെക്ടറിലെ വാർഷിക വളർച്ചയുടെ അടിസ്ഥാനത്തിൽ 4.1 ശതമാനം ശമ്പളം കൂടുതൽ നൽകാനാണ് ശുപാർശ നൽകിയിരിക്കുന്നത്. ഇതനുസരിച്ച് ഓരോ എം.പിയുടെയും ശമ്പളം 3,360 പൗണ്ട് വർദ്ധിക്കും. കഴിഞ്ഞ മാർച്ചിൽ 3.1 ശതമാനം സാലറി വർദ്ധനവ് എം.പിമാർക്ക് നല്കിയിരുന്നു. ഇൻഫ്ളേഷൻ 1.5 ശതമാനമായിരുന്നപ്പോഴാണ് അതിലും ഉയർന്ന നിരക്കിൽ ശമ്പളം വർദ്ധിപ്പിച്ചത്. സ്റ്റാഫിൻ്റെയും ഓഫീസിൻ്റെയും ചെലവുകൾക്കുള്ള തുകയും കൂട്ടി നല്കിയിരുന്നു.

ആയിരക്കണക്കിനാളുകൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഈ വർദ്ധന അനാവശ്യമാണെന്നും ഒഴിവാക്കപ്പെടേണ്ടതാണെന്നും വിമർശനമുയർന്നിട്ടുണ്ട്. കഴിഞ്ഞ മാർച്ചിനും ഓഗസ്റ്റിനുമിടയ്ക്ക് 695,000 പേർക്കാണ് യുകെയിൽ ജോലി നഷ്ടപ്പെട്ടത്. ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്ന ശമ്പള വർദ്ധനവിനുള്ള നിർദ്ദേശത്തിൽ ബിസിനസ് സെക്രട്ടറി നാദിം സഹാവി എതിർപ്പ് പ്രകടിപ്പിച്ചു. ശമ്പളത്തിലുണ്ടാകുന്ന അധിക വർദ്ധനയ്ക്ക് സമാനമായ തുക ചാരിറ്റിയ്ക്ക് നൽകാൻ പല എം.പിമാരും താത്പ്പര്യമറിയിച്ചിട്ടുണ്ട്. കൺസൾട്ടേഷനു ശേഷമേ വർദ്ധനയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂ.

 

Other News