ലോക്കൽ കൗൺസിലിൻ്റെ എതിർപ്പുകളെ മറികടന്ന് യുകെ ഗവൺമെൻ്റ് നേരിട്ട് ഗ്രേറ്റർ മാഞ്ചസ്റ്ററിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വെരി ഹൈ ലെവൽ അലർട്ട് വെള്ളിയാഴ്ച മുതൽ.
ദിവസങ്ങളായി ലോക്കൽ കൗൺസിലുമായി തുടർന്നു വരുന്ന ചർച്ചകളിൽ തീരുമാനത്തിൽ എത്താൻ കഴിയാതെ വന്നതിനെത്തുടർന്ന് യുകെ ഗവൺമെൻറ് ഗ്രേറ്റർ മാഞ്ചസ്റ്ററിൽ വെള്ളിയാഴ്ച മുതൽ വെരി ഹൈ ലെവൽ അലർട്ട് പ്രഖ്യാപിച്ചു. ലോക്കൽ കൗൺസിലിൻ്റെ എതിർപ്പുകളെ മറികടന്നാണ് പ്രധാനമന്ത്രി നേരിട്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇന്നു വൈകുന്നേരം നടന്ന ഡൗണിംഗ് സ്ട്രീറ്റ് ബ്രീഫിംഗിൽ ബോറിസ് ജോൺസൺ ഇക്കാര്യം വിശദീകരിച്ചു. ലോക്ക് ഡൗൺ മൂലം അടച്ചിടേണ്ടി വരുന്ന ബിസിനസുകൾക്കും കമ്മ്യൂണിറ്റികളും സംരക്ഷണം നല്കാൻ 90 മില്യൺ പൗണ്ടിൻ്റെ സ്പെഷ്യൽ ഫൈനാൻഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേണാം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്രയും തുക നല്കാനാവില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.
കമ്യൂണിറ്റീസ് സെക്രട്ടറി റോബർട്ട് ജെൻറിക്കിൻ്റെ നേതൃത്വത്തിൽ ഡൗണിംഗ് സ്ട്രീറ്റും മാഞ്ചസ്റ്റർ കൗൺസിലുമായി നടന്ന ചർച്ചകൾ വിജയിത്തിലെത്തിയില്ല. കൊറോണ കേസുകൾ വർദ്ധിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ അലർട്ട് ലെവൽ വെരി ഹൈ ആയി ഉയർത്തുന്നതിന് മാഞ്ചസ്റ്റർ ലോക്കൽ കൗൺസിലിന് ഇന്നുച്ചയ്ക്ക് 2 മണി വരെ ഡൗണിംഗ് സ്ട്രീറ്റ് സമയം നല്കിയിരുന്നു. എന്നാൽ ഇതിന് ലോക്കൽ കൗൺസിൽ തയ്യാറാകാതിരുന്നതിനെ തുടർന്ന് ഗവൺമെൻ്റ് നേരിട്ട് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. 22 മില്യൺ പൗണ്ടിൻ്റെ ഫൈനാൻഷ്യൽ പാക്കേജ് മാഞ്ചസ്റ്ററിനായി പ്രഖ്യാപിച്ചിട്ടുണ്ട്.