Sunday, 06 October 2024

സ്തനാർബുദ പരിശോധന എങ്ങനെയാണ് സ്വയം നടത്തേണ്ടത്?

ബോബി സോമനാഥ്, ഹൾ

ഒക്ടോബർ മാസം ലോകരാജ്യങ്ങളിലൊക്കെയും സ്തനാർബുദത്തെ കുറിച്ച് കൂടുതൽ ബോധവത്കരണം നടത്തുന്ന മാസമാണ്. മാറി വരുന്ന ജീവിത രീതികളും ജനിതക ഘടനയിലുള്ള മാറ്റങ്ങളും സ്തനാർബുദരോഗികളുടെ എണ്ണം ഓരോ വർഷവും കൂടുതലാക്കുന്നു. സ്ത്രീകൾക്ക് ഉണ്ടാകാവുന്ന അർബുദങ്ങളിൽ ബ്രസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദമാണ് ഇപ്പോഴും ഒന്നാമത് നിൽക്കുന്നത്. ബ്രസ്റ്റ് സ്ക്രീനിങ്ങ് പ്രോഗ്രാം 50 വയസ്സ് മുകളിലുള്ള സ്ത്രീകളിലാണ് സാധാരണ ആരംഭിക്കുന്നത്. പക്ഷേ 20 വയസ്സ് മുതൽ സ്തനങ്ങളുടെ സ്വയം പരിശോധന - BSE (Breast Self Examination) സ്തനങ്ങൾക്കുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും എളുപ്പം കണ്ടു പിടിക്കുവാൻ സാധിക്കും. പുതിയ ഗവേഷണങ്ങളുടെ കാര്യക്ഷമത കൊണ്ട്, നേരത്തെ രോഗം കണ്ടു പിടിച്ചാൽ ബ്രെസ്റ്റ് ക്യാൻസർ രോഗികളുടെ മരണനിരക്ക് കുറച്ച് , ആയൂർദൈർഘ്യം വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു.

BSE (ബ്രെസ്റ്റ് സെൽഫ് എക്സാമിനേഷൻ) നടത്തേണ്ടത് എല്ലാ മാസങ്ങളിലും ആർത്തവം തുടങ്ങി അഞ്ചു മുതൽ ഏഴ് വരെയുള്ള ദിവസങ്ങൾക്കിടയിൽ ഒരു ദിവസം അല്ലെങ്കിൽ ആർത്തവവിരാമം ആയ സ്ത്രീകൾ എല്ലാ മാസവും ക്യത്യമായ ഒരു ദിവസം.

സ്വയം പരിശോധന ചെയ്യേണ്ട വിധം

1)ഒരു കണ്ണാടിക്ക് മുൻപിൽ വസ്ത്രങ്ങൾ മാറ്റി സ്വന്തം സ്തനങ്ങളുടെ സാധാരണ ആകൃതിയും വലിപ്പവും ശ്രദ്ധിക്കുക. കൈകൾ വശങ്ങളിൽ തൂക്കിയിട്ടും കൈകൾ അരയിൽ പിടിച്ചു കൊണ്ട് സ്തനങ്ങൾക്ക് സാരമായ വലിപ്പവ്യത്യാസം ഉണ്ടോ എന്ന് ശ്രദ്ധിക്കുക (ചെറിയ വലിപ്പ വ്യത്യാസങ്ങൾ സ്വഭാവികമാണ്) 
2) സ്തനങ്ങളിൽ തടിപ്പ് അസാധാരണമായ തൊലിയുടെ ചുരുങ്ങൽ, നിറവ്യത്യാസം , മുലക്കണ്ണുകളുടെ കുഴിയൽ, മുല കണ്ണുകളിലൂടെ രക്തം കലർന്ന സ്രവം പുറത്തേക്ക് വരിക എന്നിവ ശ്രദ്ധിക്കുക
3) ഒരു കട്ടിലിൽ നിവർന്ന് കിടന്ന് പരിശോധിക്കുന്ന സ്തനത്തിൻ്റെ വശത്തുള്ള കൈ തലക്ക് മുകളിൽ വച്ച് മറു കൈയ്യുടെ നടുക്കത്തെ മൂന്ന് വിരൽ ഉപയോഗിച്ച് സ്തനങ്ങൾക്ക് ചുറ്റും വൃത്താകൃതിയിൽ അമർത്തി, ഉള്ളിൽ മുഴയോ തടിപ്പുകളോ ഉണ്ടോ എന്ന് പരിശോധിക്കുക. ഒപ്പം കക്ഷ കുഴിയും മുൻ കഴുത്തിൻ്റെ ഭാഗങ്ങളും ഇതുപോലെ പരിശോധിക്കുക.
4) നേരിയ വ്യത്യാസങ്ങൾ പോലും ശ്രദ്ധയിൽ പെട്ടാൽ ആരോഗ്യ വിദഗ്ദ്ധരുടെ ഉപദേശം തേടുക.
5) പുരുഷൻമാരിൽ സ്തനാർബുദം വളരെ വിരളമാണെങ്കിലും (1% in Indian statistics) ശ്രദ്ധിക്കുക, വിദഗ്ധോപദേശം തേടുക എന്നതിൽ ഒരിക്കലും മടി കാണിക്കരുത്.
സ്തനങ്ങൾക്കുണ്ടാവുന്ന എല്ലാ രോഗങ്ങളും ക്യാൻസർ ആണെന്ന് ഭയക്കേണ്ടതില്ല. ക്യാൻസർ ആണെങ്കിൽ നേരത്തെ അറിയുന്നതുവഴി ഉടനെ ചികിത്സ തുടങ്ങാനും, ചികിത്സാ രീതികളെ ലഘൂകരിക്കാനും സാധിക്കും .അതോടൊപ്പം ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്ക് ക്യാൻസർ വളരാതിരിക്കാനും നൂതന ചികിത്സാരീതികൾ വളരെയധികം സഹായിക്കുന്നു.
50 ശതമാനം ബ്രസ്റ്റ് ക്യാൻസർ രോഗികളും സ്വയം പരിശോധനയിലൂടെയാണ് രോഗലക്ഷണങ്ങൾ ആദ്യമായി അറിയുന്നത്. ഇന്നു മുതൽ നമ്മുടെ ആരോഗ്യത്തെ കുറിച്ച് നമുക്ക് കൂടുതൽ ബോധവാൻമാരാകാം. ശരിയായ ഭക്ഷണ രീതികളും ചിട്ടയായ വ്യായാമവും ക്യാൻസർ രോഗത്തെ ഒരു പരിധി വരെ അകറ്റി നിർത്തുന്നു. നമ്മുടെ ശാരീരികാരോഗ്യമാണ് നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും മാനസികാരോഗ്യത്തെയും സന്തോഷങ്ങളെയും നിയന്ത്രിക്കുന്നത്!
സ്തനങ്ങളുടെ ആരോഗ്യം അഭിമാനത്തിൻ്റെയും സംസ്കാരത്തിൻ്റെയും ബഹുമാനത്തിൻ്റെയും അതിലേറെ ആത്മധൈര്യത്തിൻ്റെയും ഭാഗമാണ്!

Other News