Friday, 10 January 2025

കൊറോണ ഇൻഫെക്ഷനിൽ നിന്ന് മുക്തരായവരിൽ ആൻ്റിബോഡിയുടെ സാന്നിധ്യം കുറഞ്ഞു വരുന്നതായി പഠന റിപ്പോർട്ട്. 'ഹേർഡ് ഇമ്മ്യൂണിറ്റി' എന്ന ആശയം ഫലപ്രദമല്ലെന്ന് സൂചന

കൊറോണ ഇൻഫെക്ഷനിൽ നിന്ന് മുക്തരായവരിൽ ആൻ്റിബോഡിയുടെ സാന്നിധ്യം കുറഞ്ഞു വരുന്നതായി റിസർച്ചർമാർ വ്യക്തമാക്കി. സമ്മറിൽ ലോക്ക് ഡൗൺ ഇളവു വരുത്തിയതിനു ശേഷം ഉള്ള കണക്കനുസരിച്ച് ആൻ്റിബോഡി ഉള്ളവരുടെ എണ്ണത്തിൽ 26 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. യുകെയിലെ സയൻ്റിസ്റ്റുകൾ മുന്നോട്ട് വച്ചിട്ടുള്ള ഹേർഡ് ഇമ്മ്യൂണിറ്റി എന്ന ആശയം ഫലപ്രദമാകില്ലെന്ന് റിസർച്ച് സൂചിപ്പിക്കുന്നു. രാജ്യത്തെ ജനസംഖ്യയുടെ 50 മുതൽ 60 ശതമാനം വരെയാളുകൾക്ക് ആൻ്റിബോഡി ലഭ്യമായാൽ കോവിഡിൻ്റെ വ്യാപനം നിയന്ത്രിക്കാൻ കഴിയുമെന്നാണ് സയൻ്റിസ്റ്റുകൾ കരുതിയിരുന്നത്. പഠനത്തിൻ്റെ ഭാഗമായി 365,000 ആളുകളെ ഇംപീരിയൽ കോളജ് ലണ്ടൻ ജൂണിനും സെപ്റ്റംബറിനുമിടയിൽ സ്ക്രീൻ ചെയ്തിരുന്നു. റീയാക്ട് 2 എന്ന പേരിൽ നടന്ന പഠനമനുസരിച്ച് ജൂൺ അവസാന സമയത്തും ജൂലൈയുടെ തുടക്കത്തിലും 6 ശതമാനം പേരിൽ ആൻ്റിബോഡി കാണപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ മാസം നടത്തിയ ടെസ്റ്റിൽ ആൻ്റിബോഡി ഉള്ളവരുടെ എണ്ണം 4.4 ശതമാനമായി കുറഞ്ഞു. ഈ റിസൾട്ടുകൾ പരിഗണിക്കുമ്പോൾ ഹേർഡ് ഇമ്മ്യൂണിറ്റി വഴി കൊറോണ വ്യാപനത്തെ നിയന്ത്രിക്കാമെന്ന ആശയം കൈവരിക്കാൻ കഴിയില്ലെന്ന് വ്യക്തമാകുന്നതായി റിസർച്ചർമാരിൽ ഒരാളായ പ്രൊഫസർ ഹെലൻ വാർഡ് പറഞ്ഞു.

ഗ്രേറ്റ് ബാരിംഗ്ടൺ ഡിക്ളറേഷൻ എന്ന പേരിൽ മുന്നോട്ട് വയ്ക്കപ്പെട്ട നിർദ്ദേശമനുസരിച്ച് പ്രായക്കൂടുതലുള്ളവരും ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഷീൽഡിംഗിൽ കഴിയുകയും ആരോഗ്യമുള്ളവരിലും യുവജനങ്ങളിലൂടെയും വൈറസ് വ്യാപനം സംഭവിക്കുകയും ചെയ്യുന്നതു വഴി ഹേർഡ് ഇമ്മ്യൂണിറ്റി നേടാൻ കഴിയുമെന്നാണ് സയൻ്റിസ്റ്റുകൾ പറഞ്ഞിരുന്നത്. എന്നാൽ നിരവധി സയൻ്റിസ്റ്റുകൾ ഈ നിർദ്ദേശത്തിനെതിരെ രംഗത്തു വന്നിരുന്നു. ബ്ളാക്ക്, ഏഷ്യൻ ആൻഡ് മൈനോറിറ്റി കമ്യൂണിറ്റികളിൽ നിന്നുള്ള യുവജനങ്ങളിലാണ് ആൻ്റിബോഡിയുടെ സാന്നിധ്യം ഏറ്റവും കൂടുതലായി കണ്ടുവരുന്നതെന്ന് റിസർച്ച് വ്യക്തമാക്കുന്നുണ്ട്. ഇൻഫെക്ഷൻ ഉള്ളവരുമായി ഇവർ കൂടുതൽ സമ്പർക്കത്തിൽ വരുന്നതു മൂലമാണിതെന്ന് കരുതുന്നു.

 

Other News