Thursday, 23 January 2025

കൊറോണ വ്യാപന നിയന്ത്രണങ്ങൾ ഫലപ്രദമല്ലെന്ന് ഇംപീരിയൽ കോളജ് ലണ്ടനിലെ റിസർച്ചർമാർ. ഇംഗ്ലണ്ടിൽ ദിനംപ്രതി 100,000 ത്തോളം പുതിയ കേസുകൾ

കൊറോണ വ്യാപനം കുറയ്ക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഫലപ്രദമല്ലെന്ന് ഇംപീരിയൽ കോളജ് ലണ്ടനിലെ റിസർച്ചർമാർ സൂചിപ്പിച്ചു. ഇംഗ്ലണ്ടിൽ ദിനംപ്രതി 100,000 ത്തോളം പുതിയ കേസുകൾ ഉണ്ടാകുന്നതായി കണക്കാക്കുന്നു. ഇൻഫെക്ഷൻ വ്യാപനം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഉടനടി നടപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. റിയാക്ട് 1 സ്റ്റഡി അനുസരിച്ച് 78 ൽ ഒരാൾക്കു വീതം ഇംഗ്ലണ്ടിൽ വൈറസ് ബാധിച്ചിട്ടുണ്ട്. ഒൻപതു ദിവസങ്ങൾ കൂടുമ്പോൾ ഇൻഫെക്ഷനുകളുടെ എണ്ണം ഇരട്ടിക്കുകയാണ്. കോവിഡിൻ്റെ രണ്ടാം ഘട്ടത്തിലെ ക്രിട്ടിക്കൽ സ്റ്റേജിലാണ് ഇംഗ്ലണ്ടെന്ന് ലീഡ് റിസർച്ചറായ പ്രൊഫസർ പോൾ എലിയട്ട് പറഞ്ഞു. ഇംഗ്ലണ്ടിൻ്റെ എല്ലാ റീജിയണുകളിലും ഇൻഫെക്ഷനിൽ വർദ്ധനവുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ അപര്യാപ്തതയോ അവ പൂർണമായും പിന്തുടരുന്നതിൽ പൊതുജനങ്ങൾ കാണിക്കുന്ന വിമുഖതയോ ആവാം വൈറസ് വ്യാപന നിയന്ത്രണം സാധ്യമാകാത്തതിൻ്റെ കാരണങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും കൃത്യതയുള്ള പഠനമാണ് റിയാക്ട് 1. കൊറോണ ലക്ഷണങ്ങൾ ഉള്ളവരിൽ നിന്നും ഇല്ലാത്തവരിൽ നിന്നും ആയിരക്കണക്കിന് സ്വാബുകൾ ശേഖരിച്ചാണ് ഇതിൽ വിശകലനം നടത്തുന്നത്. ഒക്ടോബർ 16 മുതൽ 25 വരെയുള്ള കാലയളവിലാണ് ഏറ്റവും പുതിയ പഠനം നടത്തിയത്. ഇംഗ്ലണ്ടിൻ്റെ നോർത്ത് ഭാഗങ്ങളിലാണ് വ്യാപനം ഏറ്റവും കൂടുതലുള്ളത്. യോർക്ക് ഷയർ ആൻഡ് ഹംബർ റീജിയണിൽ 36 ൽ ഒരാൾക്ക് വീതം വൈറസ് ബാധയുണ്ട്. നോർത്ത് വെസ്റ്റിൽ 44 ന് ഒന്ന് എന്ന നിരക്കാണ് കാണിക്കുന്നത്. എന്നാൽ വ്യാപന നിരക്ക് സൗത്തിൽ കുത്തനെ ഉയരുന്നതായി പഠനം പറയുന്നു. ലണ്ടനിൽ കൊറോണ റീ പ്രൊഡക്ഷൻ നമ്പർ 2.86 ആണ് എന്നും അനുമാനിക്കുന്നു. സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ റീ പ്രൊഡക്ഷൻ നമ്പർ 2 ന് മുകളിലാണ്.

Other News