Tuesday, 03 December 2024

നാഷണൽ ലോക്ക് ഡൗൺ ഗൈഡ് ലൈനുകൾ പ്രഖ്യാപിച്ചു. കൊറോണ വ്യാപന നിരക്കിൽ കുറവുണ്ടാകാത്ത പക്ഷം ഇംഗ്ലണ്ടിലെ ലോക്ക് ഡൗൺ ദീർഘിപ്പിച്ചേക്കും. ഇൻ്റർനാഷണൽ ട്രാവലിനും നിയന്ത്രണം. സ്കൂളുകൾ അടച്ചിടണമെന്ന് ടീച്ചേഴ്സ് യൂണിയനുകൾ

കൊറോണ വ്യാപന നിരക്കിൽ കുറവുണ്ടാകാത്ത പക്ഷം ഇംഗ്ലണ്ടിൽ വ്യാഴാഴ്ച മുതൽ ഡിസംബർ 2 വരെ പ്രഖ്യാപിച്ച നാഷണൽ ലോക്ക് ഡൗൺ നീട്ടേണ്ടി വരുമെന്ന് ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ മൈക്കൽ ഗോവ് സൂചിപ്പിച്ചു. കൊറോണ റീ പ്രൊഡക്ഷൻ നമ്പർ ഒന്നിൽ താഴെയെത്തിക്കുകയാണ് ലോക്ക് ഡൗണിൻ്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകുന്നേരം നടന്ന ഡൗണിംഗ് സ്ട്രീറ്റ് പ്രസ് കോൺഫറൻസിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഒരു മാസം നീളുന്ന ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. റീ പ്രൊഡക്ഷൻ നമ്പർ ഒന്നിൽ താഴെയാകുന്നതുവരെ ലോക്ക് ഡൗൺ തുടരണമെന്ന് ലേബർ പാർട്ടി ലീഡർ സർ കെയ്ർ സ്റ്റാമർ ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ ലോക്ക് ഡൗൺ ഗൈഡ് ലൈനുകൾ അനുസരിച്ച് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തു പോകാൻ പാടില്ല. എഡ്യൂക്കേഷൻ, ചൈൽഡ് കെയർ, വർക്ക്, മെഡിക്കൽ സംബന്ധമായ കാര്യങ്ങൾ, ഫുഡ് ഷോപ്പിംഗ്, പ്രായമായവർക്കുള്ള കെയർ, വോളണ്ടിയർ വർക്ക്, സപ്പോർട്ട് ബബിളിലുള്ളവരെ സന്ദർശിക്കൽ എന്നിവയ്ക്ക് മാത്രമേ പുറത്ത് പോകാൻ അനുവാദമുള്ളൂ. നഴ്സറികളും സ്കൂളുകളും കോളജുകളും യൂണിവേഴ്സിറ്റികളും തുറന്നു പ്രവർത്തിക്കും.

ഇൻഡോറിലും പ്രൈവറ്റ് ഗാർഡനിലുമുള്ള സന്ദർശനം വിലക്കിയിട്ടുണ്ട്. വ്യത്യസ്ത ഭവനങ്ങളിൽ നിന്നുള്ളവർ സമ്പർക്കത്തിൽ വരുന്നത് അനുവദനീയമല്ല. ആവശ്യമെങ്കിൽ വ്യത്യസ്ത ഭവനത്തിൽ നിന്നുള്ള ഒരാളെ പൊതു സ്ഥലത്ത് വച്ച് കൂടിക്കാഴ്ച നടത്താവുന്നതാണ്. നോൺ എസൻഷ്യൽ റീറ്റെയിൽ ഷോപ്പുകൾ അടച്ചിടും. ക്ളിക്ക് ആൻഡ് കളക്ട് ഡെലിവറികൾക്കായി ഇവ തുറക്കാൻ അനുമതിയുണ്ട്. പബുകൾ, ബാറുകൾ, റെസ്റ്റോറൻ്റുകൾ എന്നിവ അടയ്ക്കും. ടേക്ക് എവേ, ഡെലിവറി സർവീസുകൾ തുടരാവുന്നതാണ്. ആൽക്കഹോൾ ടേയ്ക്ക് എവേ അനുവദിക്കുന്നതല്ല. ജിമ്മുകൾ, സ്വിമ്മിംഗ് പൂളുകൾ അടക്കമുള്ള ഇൻഡോർ ആൻഡ് ഔട്ട് ഡോർ ഫസിലിറ്റികൾ പ്രവർത്തിക്കാൻ പാടില്ല. ബ്യൂട്ടി സലൂണുകൾ, പേഴ്സണൽ കെയർ ഫസിലിറ്റികൾ, എൻ്റർടെയ്ൻമെൻ്റ് വെന്യൂകൾ എന്നിവ അടയ്ക്കും.

മതപരമായ ആരാധനാലയങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല. ഫ്യൂണറൽ, പ്രാർത്ഥനകളുടെ ബ്രോഡ്കാസ്റ്റിംഗ്, വ്യക്തിഗത പ്രാർത്ഥനകൾ, ചൈൽഡ് കെയർ, ബ്ലഡ് ഡൊണേഷൻ, ഫുഡ് ബാങ്ക് എന്നിവയ്ക്കായി ആരാധനാലയങ്ങൾ ഉപയോഗിക്കാം. കൺസ്ട്രക്ഷൻ, മാനുഫാക്ചറിംഗ് സൈറ്റുകൾക്ക് പ്രവർത്തനാനുമതിയുണ്ട്. വിവാഹങ്ങൾ, സിവിൽ പാർട്ട്ണർഷിപ്പ് സെറമണികൾ എന്നിവ ലോക്ക് ഡൗൺ സമയത്ത് നടത്താൻ പാടില്ല. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇതിന് അനുമതി നല്കും. ഫ്യൂണറൽ ചടങ്ങുകളിൽ 30 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ.

മാതാപിതാക്കൾ വേർപിരിഞ്ഞു താമസിക്കുകയാണെങ്കിൽ കുട്ടികൾക്ക് മറ്റൊരു ഭവനത്തിലേയ്ക്ക് മാറുന്നതിന് നിരോധനം ബാധകമല്ല. ആരോഗ്യപരമായ പ്രശ്നങ്ങളുള്ളവരും 60 വയസിൽ കൂടുതൽ പ്രായമുള്ളവരും കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ഗവൺമെൻ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരോട് ഷീൽഡിംഗ് ചെയ്യാൻ ആവശ്യപ്പെടില്ല. ഈ കാറ്റഗറിയിലുള്ളവർ കഴിയുന്നതും വർക്ക് ഫ്രം ഹോം രീതി പിന്തുടരണം. ഓവർ നൈറ്റ് സ്റ്റേ, സെക്കൻ്റ് ഹോമിലെ താമസം, ഹോളിഡേ എന്നിവ അനുവദനീയമല്ല. ഇത് യുകെയിലും രാജ്യത്തിനു പുറത്തും നിരോധിച്ചിട്ടുണ്ട്. ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പബ്ളിക് ആൻഡ് പ്രൈവറ്റ് ട്രാൻസ്പോർട്ട് ഉപയോഗിച്ചുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ കഴിയുന്നതും ഒഴിവാക്കണമെന്ന് ഗവൺമെൻ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജോബ് സെൻറർ, കോർട്ടുകൾ, സിവിൽ രജിസ്ട്രേഷൻ ഓഫീസുകൾ തുടങ്ങിയ പബ്ളിക് സർവീസുകൾ തുറന്നു പ്രവർത്തിക്കും. ഔട്ട് ഡോർ എക്സർസൈസിനായി സ്വന്തം ഭവനത്തിലെ അംഗങ്ങൾക്കൊപ്പമോ, മറ്റൊരു ഭവനത്തിലെ ഒരാൾക്കൊപ്പമോ പുറത്തു പോകാവുന്നതാണ്. മറ്റു രാജ്യങ്ങളിലേയ്ക്കുള്ള യാത്രകൾക്കും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിൽ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടാം നാഷണൽ ലോക്ക് ഡൗണിൻ്റെ ഭാഗമായി സ്കൂളുകൾ അടച്ചിടണമെന്ന് ടീച്ചിംഗ് യൂണിയനുകൾ ആവശ്യപ്പെട്ടു. കീ വർക്കേഴ്സിൻ്റെ കുട്ടികൾക്ക് ചൈൽഡ് കെയർ സൗകര്യമൊരുക്കുന്നതിനു മാത്രമായി സ്കൂൾ തുറന്ന് പ്രവർത്തിക്കാവൂ എന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയനിലെ 70,000 ത്തോളം ടീച്ചർമാരും സപ്പോർട്ട് സ്റ്റാഫുകളും അഭ്യർത്ഥിച്ചു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കനുസരിച്ച് സെക്കണ്ടറി സ്കൂളുകളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഇൻഫെക്ഷനുകളുടെ നിരക്ക് സെപ്റ്റംബറിനെ അപേക്ഷിച്ച് 50 ഇരട്ടി കൂടുതലാണ്. വൈറസ് വ്യാപനത്തിൻ്റെ കേന്ദ്രമായി സ്കൂളുകൾ മാറുകയാണെന്ന് യൂണിയൻ ജനറൽ സെക്രട്ടറി കെവിൻ കോർട്ട്നി പറഞ്ഞു.
 

Other News