ലിവർപൂൾ സിറ്റിയിൽ വ്യാപകമായ കൊറോണ ടെസ്റ്റിംഗ് നടത്തുമെന്ന് ഗവൺമെൻ്റ്. സ്കീമിൻ്റെ നടത്തിപ്പിനായി 2,000 ത്തോളം മിലിട്ടറി സ്റ്റാഫുകളെ വിന്യസിക്കും.
ലിവർപൂൾ സിറ്റിയിൽ വ്യാപകമായ കൊറോണ ടെസ്റ്റിംഗ് നടത്തുമെന്ന് ഗവൺമെൻ്റ് വ്യക്തമാക്കി. സിറ്റിയിൽ താമസിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും രണ്ടാഴ്ച കൂടുമ്പോൾ വൈറസ് ടെസ്റ്റ് ചെയ്യാം. രോഗലക്ഷണങ്ങളില്ലാത്തവർക്കും ഇതിൻ്റെ പ്രയോജനം ലഭ്യമാണ്. ടെസ്റ്റിൻ്റെ റിസൾട്ടുകൾ ഒരു മണിക്കൂറിനുള്ളിൽ ലഭ്യമാകുന്ന സംവിധാനം വിജയകരമെങ്കിൽ ഇംഗ്ലണ്ടിൻ്റെ മറ്റു ഭാഗങ്ങളിലേയ്ക്കും ക്രിസ്മസോടെ വ്യാപിപ്പിക്കും. ഏറ്റവും കൂടുതൽ ഇൻഫെക്ഷൻ നിരക്കും മരണങ്ങളും ലിവർപൂളിൽ നിന്നാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. 100,000 ന് 352 കേസുകൾ എന്ന അനുപാതത്തിലാണ് ഇൻഫെക്ഷൻ കാണപ്പെടുന്നത്. എന്നാൽ ഇംഗ്ലണ്ടിലെ ശരാശരി 153 മാത്രമാണ്. പുതിയ ടെസ്റ്റിംഗ് പൈലറ്റ് സ്കീം ഈയാഴ്ച ആരംഭിക്കും. ഇതിനായുള്ള ടെസ്റ്റ് സെൻ്ററുകൾ സിറ്റിയിലെ വിവിധ കേന്ദ്രങ്ങളിലും കെയർ ഹോമുകൾ, സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിലും തയ്യാറാക്കും. ടെസ്റ്റിനായി ഓൺലൈനിൽ ബുക്ക് ചെയ്യാം. ടെസ്റ്റ് സെൻ്ററുകളിൽ നേരിട്ട് എത്തിയും പരിശോധനയ്ക്ക് വിധേയമാകാം. സ്കീമിൻ്റെ നടത്തിപ്പിനായി 2,000 ത്തോളം മിലിട്ടറി സ്റ്റാഫുകളെ വിന്യസിക്കും.