ബൈഡൻ ഇൻ, ട്രംപ് ഔട്ട്... ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻ്റ് പദത്തിലേയ്ക്ക്. കമലാ ഹാരിസ് ആദ്യത്തെ വനിതാ വൈസ് പ്രസിഡൻറ്
അമേരിക്കയുടെ നാല്പത്തിയാറാമത്തെ പ്രസിഡൻ്റായി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ അമേരിക്കൻ വൈസ് പ്രസിഡൻ്റായ അദ്ദേഹം ഇതുവരെ 273 ഇലക്ടറൽ കോളജ് വോട്ടുകൾ നേടി. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് 214 ഇലക്ടറൽ കോളജ് വോട്ടുകൾ മാത്രമാണ് ഇതുവരെ ലഭിച്ചത്. പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് വിജയിക്കാൻ 270 ഇലക്ടറൽ കോളജ് വോട്ടുകളാണ് വേണ്ടിയിരുന്നത്. 1900 ന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ വോട്ട് ചെയ്ത ഇലക്ഷനാണ് അമേരിക്കയിൽ നടന്നത്. ജോ ബൈഡന് 74 മില്യണോളം വോട്ടുകൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. 50 സംസ്ഥാനങ്ങളുള്ളതിൽ 45 ലെയും റിസൾട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കമലാ ഹാരിസായിരിക്കും അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡൻ്റ്. ജമൈക്കൻ - ഇന്ത്യൻ വംശജയായ കമലാ ഹാരിസ് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകും.