വിർജിൻ മീഡിയയുടെ പേരിൽ യുകെയിൽ തട്ടിപ്പ്. ഓപ്പറേഷനുകൾ നടക്കുന്നത് ഇന്ത്യയിലെ കോൾ സെൻററുകളിൽ നിന്ന്
വിർജിൻ മീഡിയ കസ്റ്റമേഴ്സിൻ്റെ കോണ്ടാക്ട് ഡീറ്റെയ്ൽസ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ യുകെയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഓപ്പറേഷനുകൾ നടക്കുന്നത് പ്രധാനമായും ഇന്ത്യയിലെ കോൾ സെൻററുകളിൽ നിന്നാണ്. വിർജിൻ മീഡിയയുടെ ബ്രോഡ്ബാൻഡ് ഇടയ്ക്ക് കട്ടാകുന്നതായും ഇൻ്റർനെറ്റിന് തടസം വരുന്നതായും ടെക്നിക്കൽ റിപ്പോർട്ട് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് കോൾ വരുന്നത്. തുടർന്ന് റൂട്ടറിൻ്റെ നമ്പരും റീസെറ്റ് ചെയ്യുവാനും അവശ്യപ്പെടും. റൂട്ടറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സംബന്ധിച്ച് സന്ദേശങ്ങൾ കാണുന്നതിനായി കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത് റൺ കമാൻഡിൽ പോകുവാനും IP അഡ്രസ് നല്കുവാനുമടക്കം ഇവർ ആവശ്യപ്പെടുന്നുണ്ട്. റിപ്പയർ ചാർജായി അഡീഷണൽ പേയ്മെൻ്റ് എടുക്കാൻ ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യം വിളിക്കുന്ന വ്യക്തി കുറച്ചു സമയത്തിനു ശേഷം കോൾ സീനിയർ അഡ്വൈസറിനു കൈമാറുകയാണ് പതിവ്. ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് വിർജിൻ മീഡിയ നേരത്തെ വ്യക്തമാക്കിയിരുന്നു. വിശ്വസനീയമല്ലാത്ത ഇത്തരം കോളുകൾ ലഭിക്കുന്നതായി നിരവധി പേർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.