Thursday, 21 November 2024

ക്രിസ്മസിന് കുടുംബങ്ങൾക്ക് ഒന്നിച്ചു ചേരുന്നതിനായി ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ ഗവൺമെൻ്റ് ആലോചിക്കുന്നു

ക്രിസ്മസിന് കുടുംബങ്ങൾക്ക് ഒന്നിച്ചു ചേരുന്നതിനായി ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ ഗവൺമെൻ്റ് ആലോചിക്കുന്നു. ക്രിസ്മസ് കാലം സാധാരണ സ്ഥിതിയിലേയ്ക്ക് മടക്കിക്കൊണ്ടു വരാൻ പരമാവധി പരിശ്രമിക്കുമെന്ന് ഗവൺമെൻ്റിൻ്റെ മെഡിക്കൽ അഡ്വൈസർ ഓൺ കോവിഡ് സൂസൻ ഹോപ്കിൻസ് പറഞ്ഞു. ഇതിനുള്ള പദ്ധതികൾ അവലോകനം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് അവർ സൂചിപ്പിച്ചു. എന്നാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വരുത്തുന്ന ഇളവ് ഹ്രസ്വകാലത്തേയ്ക്ക് മാത്രമായിരിക്കും. ക്രിസ്മസ് ഈവ് മുതൽ അഞ്ച് ദിവസത്തേയ്ക്ക് വീടുകളിൽ മറ്റു കുടുംബങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനാനുമതി നല്കാൻ ആലോചനകൾ നടക്കുന്നതായി സൺ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ സമാനമായ ലോക്ക് ഡൗൺ ഇളവുകൾ നല്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് ഏതാനും ആഴ്ചകൾ കഴിഞ്ഞായിരിക്കും. ഇൻഫെക്ഷൻ നിരക്കിൽ കുറവുണ്ടാകുന്ന സാഹചര്യത്തിൽ മാത്രമേ അനുകൂല തീരുമാനത്തിന് സാധ്യതയുള്ളു. എന്നാൽ ധാരാളം ആളുകൾ പങ്കെടുക്കുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്ന് ഗവൺമെൻ്റ് ആവശ്യപ്പെടും. കൂടാതെ പബ്ലിക് ട്രാൻസ്പോർട്ടിന് പകരം കാറുകളിലുള്ള യാത്രയ്ക്ക് മുൻഗണന നല്കണമെന്നും നിർദ്ദേശിക്കുമെന്നാണ് കരുതുന്നത്.
 

Other News