കോവിഡ് വാക്സിൻ നൽകുന്നതിനായുള്ള 42 ഓളം മാസ് വാക്സിനേഷൻ സെൻററുകൾ ഇംഗ്ലണ്ടിൽ തുറക്കും
കോവിഡ് വാക്സിൻ നൽകുന്നതിനായുള്ള 42 ഓളം മാസ് വാക്സിനേഷൻ സെൻററുകൾ ഇംഗ്ലണ്ടിൽ തുറക്കുന്നതിന് ഗവൺമെൻറ് നീക്കങ്ങളാരംഭിച്ചു. കോൺഫറൻസ് സെൻ്ററുകൾ, അരീനകൾ തുടങ്ങിയവ ഇതിനായി ഉപയോഗിക്കും. കൂടാതെ വാക്സിൻ നൽകുന്നതിനായി ആയിരക്കണക്കിന് സ്റ്റാഫുകളെയും പുതിയതായി നിയോഗിക്കും. വാക്സിൻ സ്റ്റോർ ചെയ്യുന്നതും വിതരണം നടത്തുന്നതും വാക്സിനേഷൻ നൽകുന്നതും സംബന്ധിച്ച ഡിപ്ളോയ്മെൻറ് പ്ളാൻ എൻഎച്ച്എസ് ഇംഗ്ലണ്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
എൻഎച്ച്എസിൻ്റെ 42 സസ്റ്റയിനബിളിറ്റി ആൻഡ് പാർട്ണർഷിപ്പ് ഏരിയകളിൽ കുറഞ്ഞത് ഓരോ മാസ് വാക്സിനേഷൻ സെൻ്റർ വീതവും കൂടാതെ സിറ്റികളിലും വലിയ ടൗണുകളിലും അധിക വാക്സിനേഷൻ സെൻ്ററും ഒരുക്കും. മാസ് വാക്സിനേഷൻ സെൻ്ററുകളിൽ ദിവസേന 2000 മുതൽ 5000 വരെ ആളുകൾക്ക് വാക്സിൻ നൽകും. ഡെർബി അരീന വാക്സിനേഷൻ സെൻ്ററിനായി വിട്ടു നൽകാൻ തയ്യാറാണെന്ന് സെർബി സിറ്റി കൗൺസിൽ എൻഎച്ച്എസിനെ അറിയിച്ചിട്ടുണ്ട്.