Monday, 23 December 2024

ബ്രിട്ടണിലെ പബ്ളിക് സെക്ടറിൽ ജോലി ചെയ്യുന്നവർക്ക് അടുത്ത വർഷം ശമ്പള വർദ്ധന ലഭിക്കാൻ സാധ്യതയില്ല

ബ്രിട്ടണിലെ പബ്ളിക് സെക്ടറിൽ ജോലി ചെയ്യുന്നവർക്ക് അടുത്ത വർഷം ശമ്പള വർദ്ധന ലഭിക്കാൻ സാധ്യതയില്ല. കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി വൻ സാമ്പത്തിക ബാധ്യത ഉണ്ടായതു മൂലം പൊതു ചെലവിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ട്രഷറി തയ്യാറെടുക്കുകയാണ്. 5.5 മില്യണോളം പബ്ളിക് സെക്ടർ സ്റ്റാഫുകളെ പുതിയ നീക്കം ബാധിച്ചേക്കും. ആംഡ് ഫോഴ്സസ്, പോലീസ്, ടീച്ചേഴ്സ്, സിവിൽ സേർവൻ്റുകൾ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് പേ ഫ്രീസ് നേരിടേണ്ടി വരും. എന്നാൽ കൊറോണ പ്രതിസന്ധിയെ നേരിടാൻ പ്രവർത്തനങ്ങളെ മാനിച്ച് എൻഎച്ച്എസ് സ്റ്റാഫുകളെ ഇതിൽ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന.

അതിഭീമമായ പൊതു കടമാണ് ബ്രിട്ടൺ നേരിടുന്നത്. സെപ്റ്റംബറിൽ 36.1 ബില്യൺ പൗണ്ട് ട്രഷറി കടമെടുത്തിട്ടുണ്ട്. ബ്രിട്ടൻ്റെ മൊത്തം പൊതുകടം 2.06 ട്രില്യൺ പൗണ്ടായി ഉയർന്നു. പൊതു ചെലവുകൾ സംബന്ധിച്ച റിവ്യൂ ചാൻസലർ റിഷി സുനാക്ക് അടുത്തയാഴ്ച നടത്തും. അതിനു ശേഷം വിവിധ ഡിപ്പാർട്ട്മെൻറുകൾക്ക് 2020-21 സാമ്പത്തിക വർഷത്തിൽ എത്രമാത്രം ഫണ്ട് ലഭ്യമാക്കണമെന്ന് തീരുമാനമെടുക്കും. പബ്ളിക് സെക്ടറിൽ മൂന്നു വർഷത്തേയ്ക്ക് ശമ്പള വർദ്ധന നൽകാതിരുന്നാൽ 2023 ഓടെ 23 ബില്യൺ പൗണ്ട് മിച്ചം വയ്ക്കാൻ കഴിയുമെന്നും എൻഎച്ച്എസ് വർക്കേഴ്സിനെ ഇതിൽ നിന്ന് ഒഴിവാക്കുന്ന പക്ഷം 15 ബില്യൺ പൗണ്ട് സേവ് ചെയ്യാമെന്നുമുള്ള സെൻ്റർ ഫോർ പോളിസി സ്റ്റഡീസിൻ്റെ റിപ്പോർട്ട് ട്രഷറി ഗൗരവമായി എടുത്തിട്ടുണ്ട്.

Other News