ഹോം സെക്രട്ടറി പ്രിതി പട്ടേൽ മിനിസ്റ്റീരിയൽ കോഡ് ലംഘിച്ചെന്ന് അഡ്വൈസർ. ബോറിസ് റിപ്പോർട്ട് തള്ളി. മിനിസ്റ്റീരിയൽ കോഡ് അഡ്വൈസർ രാജിവച്ചു
പ്രധാനമന്ത്രി ബോറിസ് ജോൺസണിൻ്റെ മിനിസ്റ്റീരിയൽ കോഡ് അഡ്വൈസർ രാജിവച്ചു. ഹോം സെക്രട്ടറി പ്രിതി പട്ടേൽ മിനിസ്റ്റീരിയ കോഡ് ലംഘിച്ചതായി റിപ്പോർട്ട് നല്കിയ സർ അലക്സ് അലനാണ് സ്ഥാനമൊഴിഞ്ഞത്. പ്രധാനമന്ത്രി അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തള്ളിക്കളഞ്ഞിരുന്നു. ഹോം സെക്രട്ടറിയിൽ പൂർണ വിശ്വാസമുള്ളതായി പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. തൻ്റെ പെരുമാറ്റം മൂലം ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഹോം സെക്രട്ടറി പ്രിതി പട്ടേൽ പറഞ്ഞിരുന്നു. മിനിസ്റ്റീരിയൽ കോഡ് ലംഘിക്കുന്ന മന്ത്രിമാർ രാജിവയ്ക്കുന്ന കീഴ് വഴക്കമാണ് സാധാരണയായി പിന്തുടരാറുള്ളത്. ഹോം സെക്രട്ടറിയുടെ ഖേദ പ്രകടനവും ഹോം ഓഫീസിൽ നിലവിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതും പ്രധാനമന്ത്രി കണക്കിലെടുത്തിട്ടുണ്ടെന്ന് ഗവൺമെൻറ് സ്റ്റേറ്റ്മെൻ്റ് വ്യക്തമാക്കി.