കൊറോണ ഒരിക്കൽ ബാധിച്ചവരിൽ ആറ് മാസത്തോളം പ്രതിരോധശേഷി ഉണ്ടാകുമെന്ന് റിസർച്ചർമാർ
കൊറോണ ഒരിക്കൽ ബാധിച്ചവരിൽ ആറ് മാസത്തോളം പ്രതിരോധശേഷി ഉണ്ടാകുമെന്ന് റിസർച്ചർമാർ വെളിപ്പെടുത്തി. ആദ്യമായാണ് ഇതുസംബന്ധിച്ചുള്ള വിശദമായ ഒരു പഠന റിപ്പോർട്ട് പുറത്തു വരുന്നത്. ആറ് മാസത്തിലേറെ മറ്റൊരു ഇൻഫെക്ഷനെ തടയുവാനുള്ള പ്രതിരോധശേഷി ലഭിക്കുമോയെന്ന് അറിയുവാനാവശ്യമായ ഡാറ്റാ ഇതുവരെ ലഭ്യമല്ല. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ഓക്സ്ഫോർഡ് യൂണിവേഴ്സി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റും സംയുക്തമായാണ് പഠനം നടത്തിയത്.
30 ആഴ്ച നീണ്ട പഠനത്തിൽ 12,810 ഹെൽത്ത് കെയർ വർക്കേഴ്സിൽ നിന്ന് ഇതിനാവശ്യമായ വിവരങ്ങൾ ശേഖരിച്ചു. ഇവർക്ക് കോവിഡ് ബാധിച്ചിരുന്നോ എന്നറിയാൻ ആൻ്റിബോഡി ടെസ്റ്റ് നടത്തുകയാണ് സ്റ്റഡിയുടെ ഭാഗമായി ആദ്യം ചെയ്തത്. 11,052 ൽ ആൻ്റിബോഡി ഇല്ലാതിരുന്ന 89 സ്റ്റാഫുകളിൽ കോവിഡ് ലക്ഷണങ്ങൾ ദൃശ്യമായി. ആൻറിബോഡി ഉണ്ടായിരുന്ന 1246 പേരിൽ ആർക്കും കോവിഡ് ലക്ഷണങ്ങൾ പിന്നീട് ദൃശ്യമായില്ല. ആൻ്റിബോഡിയില്ലാത്ത 76 സ്റ്റാഫുകൾ കോവിഡ് പോസിറ്റീവായപ്പോൾ ആൻ്റിബോഡിയുള്ള 3 പേർ മാത്രമാണ് പോസിറ്റീവായത്. പോസിറ്റീവായ ആൻ്റിബോഡിയുള്ള 3 പേരിൽ കോവിഡിൻ്റെ യാതൊരു ലക്ഷണവും കാണപ്പെട്ടില്ല.