എൻഎച്ച്എസിന് 3 ബില്യൺ പൗണ്ടിൻ്റെ അധിക ഫണ്ടിംഗ് ഗവൺമെൻ്റ് ലഭ്യമാക്കും. മെൻ്റൽ ഹെൽത്ത് സപ്പോർട്ടിനായി 500 മില്യൺ പൗണ്ടും അനുവദിക്കും
എൻഎച്ച്എസിന് 3 ബില്യൺ പൗണ്ടിൻ്റെ അധിക ഫണ്ടിംഗ് ഗവൺമെൻ്റ് ലഭ്യമാക്കും. മെൻ്റൽ ഹെൽത്ത് സപ്പോർട്ടിനായി 500 മില്യൺ പൗണ്ടും അനുവദിക്കും. ബുധനാഴ്ചത്തെ സ്പെൻഡിംഗ് റിവ്യൂവിൽ ചാൻസലർ റിഷി സുനാക്ക് ഇത് പ്രഖ്യാപിക്കും. എന്നാൽ കൂടുതൽ പൊതുകടം എടുക്കുന്നത് അനിശ്ചിതമായി തുടരാനാവില്ലെന്ന് ഗവൺമെൻ്റ് സൂചിപ്പിച്ചു. ഒക്ടോബറിൽ 22.3 ബില്യൺ പൗണ്ട് ട്രഷറി കടമെടുത്തിരുന്നു. ബ്രിട്ടൻ്റെ മൊത്തം പൊതുകടം 2 ട്രില്യൺ പൗണ്ട് കടന്നിട്ടുണ്ട്.
വിൻ്റർ മാസങ്ങളിൽ എൻഎച്ച്എസിന് അധിക ഫണ്ടിംഗ് നല്കാറുണ്ടെങ്കിലും ഇത്ര വലിയ തുക ഇതുവരെയും അനുവദിച്ചിരുന്നില്ല. 2014/15 ൽ നല്കിയ 700 മില്യൺ പൗണ്ടാണ് കഴിഞ്ഞ 10 വർഷങ്ങളിലെ ഏറ്റവും വലിയ ഫണ്ടിംഗ്. എൻഎച്ച്എസിൽ മുടങ്ങി കിടക്കുന്ന ആയിരക്കണക്കിന് ഓപ്പറേഷനുകളും ട്രീറ്റ്മെൻറുകളും പുനരാരംഭിക്കാൻ അധിക ഫണ്ടിംഗ് സഹായകമാകും. 140,000 ത്തോളം പേർ എൻഎച്ച്എസിൽ ചികിത്സ കാത്ത് കഴിയുന്നുണ്ട്. യുവജനങ്ങൾക്കുള്ള സ്പെഷ്യലിസ്റ്റ് സർവീസുകൾ, സ്കൂളുകൾക്കും എൻഎച്ച്എസ് വർക്കേഴ്സിനുമുള്ള സപ്പോർട്ട് എന്നിവയ്ക്ക് മെൻ്റൽ ഹെൽത്ത് ഫണ്ട് ഉപയോഗിക്കും.