Thursday, 19 September 2024

ഫൈസറിൻ്റെ കോവിഡ് വാക്സിൻ ബ്രിട്ടൺ അപ്രൂവ് ചെയ്തു. വാക്സിനേഷൻ അടുത്തയാഴ്ച മുതൽ ആരംഭിക്കാൻ അനുമതി. 50 എൻഎച്ച്എസ് ഹോസ്പിറ്റലുകൾ സ്റ്റാൻഡ് ബൈയിൽ

കോവിഡിനെതിരെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും ബയോ എൻടെക്കും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ ബ്രിട്ടൺ അപ്രൂവ് ചെയ്തു. വാക്സിനേഷൻ അടുത്തയാഴ്ച മുതൽ ആരംഭിക്കാൻ ബ്രിട്ടണിലെ ഡ്രഗ് റെഗുലേറ്റർ അനുമതി നല്കി. കൊറോണയ്ക്കെതിരെ 95 ശതമാനം പ്രതിരോധശേഷി നൽകുമെന്ന് ട്രയലിൽ തെളിഞ്ഞ ഫൈസർ വാക്സിൻ സുരക്ഷിതമാണെന്ന് യുകെ ഡ്രഗ് റെഗുലേറ്റർ വ്യക്തമാക്കി. പ്രായമായവർക്കും ഹൈ റിസ്ക് വിഭാഗത്തിലുള്ളവർക്കുമാണ് വാക്സിൻ ആദ്യം നൽകുന്നത്. വാക്സിൻ്റെ 40 മില്യൺ ഡോസുകൾ ബ്രിട്ടൺ ഓർഡർ ചെയ്തിട്ടുണ്ട്. ഇത് 20 മില്യണാളുകൾക്ക് വാക്സിനേഷൻ നൽകാൻ പ്രയോജനപ്പെടും. 10 മില്യൺ ഡോസുകൾ ആദ്യഘട്ടത്തിൽ ഉടൻ ലഭ്യമാകും. 800,000 ഡോസുകൾ അടുത്ത ദിവസങ്ങളിൽ യുകെയിലെത്തും.

ബ്രിട്ടൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പ്രോഗ്രാമിന് എൻഎച്ച്എസ് സജ്ജമാണെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് പറഞ്ഞു. ഇതിനായി 50 ഹോസ്പിറ്റലുകൾ സ്റ്റാൻഡ് ബൈയിലുണ്ട്. കോൺഫറൻസ് സെൻ്ററുകളും വലിയ വെന്യൂകളും വാക്സിനേഷനായി ഉപയോഗിക്കും.

പത്തു മാസങ്ങൾ കൊണ്ടാണ് ഫൈസറും ബയോ എൻടെക്കും ചേർന്ന് വാക്സിൻ വികസിപ്പിച്ചത്. കൊറോണ വൈറസിൻ്റെ ജനറ്റിക് കോഡിൻ്റെ ഒരു ചെറിയ ഭാഗം ഉപയോഗിച്ചാണ് എംആർഎൻഎ എന്നറിയപ്പെടുന്ന വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. ഇത് ശരീരത്തിൽ പ്രവർത്തനക്ഷമമായി കോവിഡ് വൈറസിനെതിരെ പ്രതിരോധം തീർക്കും. മനുഷ്യരിൽ ആദ്യമായാണ് ഇത്തരത്തിലുള്ള വാക്സിൻ ഉപയോഗിക്കുന്നതിനായി അനുമതി നല്കപ്പെടുന്നത്. ബെൽജിയത്തിൽ നിർമ്മിക്കുന്ന വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കുകയും ട്രാൻസ്പോർട്ട് ചെയ്യുകയും വേണം. പ്രത്യേക ബോക്സുകളിൽ ഡ്രൈ ഐസിലാണ് ഇത് സ്റ്റോർ ചെയ്യുന്നത്. വിതരണ സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ ഫ്രിഡ്ജിൽ അഞ്ചു ദിവസം വരെ സൂക്ഷിക്കാൻ കഴിയും. രണ്ട് വാക്സിൻ ഇൻജക്ഷനുകളാണ് നൽകേണ്ടത്. 21 ദിവസത്തെ ഇടവേളയിൽ നൽകേണ്ട വാക്സിൻ്റെ രണ്ടാമത്തേത് ബൂസ്റ്റർ ഡോസാണ്.
 

Other News