Saturday, 11 January 2025

ഫൈസർ കോവിഡ് വാക്സിൻ്റെ ആദ്യ ലോഡ് യൂറോ ടണൽ വഴി ബ്രിട്ടണിലെത്തി

ഫൈസർ കോവിഡ് വാക്സിൻ്റെ ആദ്യ ലോഡ് ബ്രിട്ടണിൽ എത്തി. ഇത് സെൻട്രൽ ഹബിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഡെലിവറി നടത്തിയ ലൊക്കേഷൻ വെളിപ്പെടുത്തിയിട്ടില്ല. ബെൽജിയത്തിൽ നിർമ്മിച്ച വാക്സിൻ യൂറോ ടണൽ വഴിയാണ് യുകെയിൽ എത്തിച്ചത്. 99 ശതമാനത്തോളം ഹോസ്പിറ്റൽ അഡ്മിഷനുകളും മരണങ്ങളും വാക്സിനിലൂടെ ഒഴിവാക്കാൻ കഴിയുമെന്ന് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. വാക്സിനേഷൻ്റെ മുൻഗണനാക്രമം ജോയിൻ്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ ആണ് തീരുമാനിക്കുന്നത്.

കോവിഡിനെതിരെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും ബയോ എൻടെക്കും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ ബ്രിട്ടൺ ഇന്നലെയാണ് അപ്രൂവ് ചെയ്തത്. വാക്സിനേഷൻ അടുത്തയാഴ്ച മുതൽ ആരംഭിക്കാൻ ബ്രിട്ടണിലെ ഡ്രഗ് റെഗുലേറ്റർ അനുമതി നല്കിയിരിക്കുന്നത്. കൊറോണയ്ക്കെതിരെ 95 ശതമാനം പ്രതിരോധശേഷി നൽകുമെന്ന് ട്രയലിൽ തെളിഞ്ഞ ഫൈസർ വാക്സിൻ സുരക്ഷിതമാണെന്ന് യുകെ ഡ്രഗ് റെഗുലേറ്റർ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ്റെ 40 മില്യൺ ഡോസുകൾ ബ്രിട്ടൺ ഓർഡർ ചെയ്തിട്ടുണ്ട്. ഇത് 20 മില്യണാളുകൾക്ക് വാക്സിനേഷൻ നൽകാൻ പ്രയോജനപ്പെടും.

പത്തു മാസങ്ങൾ കൊണ്ടാണ് ഫൈസറും ബയോ എൻടെക്കും ചേർന്ന് വാക്സിൻ വികസിപ്പിച്ചത്. കൊറോണ വൈറസിൻ്റെ ജനറ്റിക് കോഡിൻ്റെ ഒരു ചെറിയ ഭാഗം ഉപയോഗിച്ചാണ് എംആർഎൻഎ എന്നറിയപ്പെടുന്ന വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. ഇത് ശരീരത്തിൽ പ്രവർത്തനക്ഷമമായി കോവിഡ് വൈറസിനെതിരെ പ്രതിരോധം തീർക്കും. മനുഷ്യരിൽ ആദ്യമായാണ് ഇത്തരത്തിലുള്ള വാക്സിൻ ഉപയോഗിക്കുന്നതിനായി അനുമതി നല്കപ്പെടുന്നത്. ബെൽജിയത്തിൽ നിർമ്മിക്കുന്ന വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കുകയും ട്രാൻസ്പോർട്ട് ചെയ്യുകയും വേണം. പ്രത്യേക ബോക്സുകളിൽ ഡ്രൈ ഐസിലാണ് ഇത് സ്റ്റോർ ചെയ്യുന്നത്. വിതരണ സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ ഫ്രിഡ്ജിൽ അഞ്ചു ദിവസം വരെ സൂക്ഷിക്കാൻ കഴിയും. രണ്ട് വാക്സിൻ ഇൻജക്ഷനുകളാണ് നൽകേണ്ടത്. 21 ദിവസത്തെ ഇടവേളയിൽ നൽകേണ്ട വാക്സിൻ്റെ രണ്ടാമത്തേത് ബൂസ്റ്റർ ഡോസാണ്.

Other News