ഇംഗ്ലണ്ടിൽ ക്രിസ്മസ് ബബിൾ ഇളവ് ഡിസംബർ 25 ന് മാത്രം. ലണ്ടനിലും സൗത്ത് ഈസ്റ്റിലും നാളെ മുതൽ ടിയർ 4 നിയന്ത്രണം. കൊറോണ വൈറസിൻ്റെ വകഭേദം അതിവേഗം വ്യാപിക്കുന്നതായി പ്രധാനമന്ത്രി
ലണ്ടനിലും സൗത്ത് ഈസ്റ്റിലും നാളെ മുതൽ ടിയർ 4 നിയന്ത്രണം പ്രഖ്യാപിച്ചു. കൊറോണ വൈറസിൻ്റെ വകഭേദം അതിവേഗം വ്യാപിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇന്ന് വൈകുന്നേരം നടന്ന ഡൗണിംഗ് സ്ട്രീറ്റ് ബ്രീഫിംഗിലാണ് ബോറിസ് ജോൺസൺ ഇക്കാര്യം വിശദീകരിച്ചത്. ഇംഗ്ലണ്ടിൽ ക്രിസ്മസ് ബബിൾ ഇളവ് ഡിസംബർ 25 ന് മാത്രമായി ചുരുക്കിയിട്ടുണ്ട്. ഡിസംബർ 23 മുതൽ 27 വരെ മൂന്നു വ്യത്യസ്ത ഭവനങ്ങളിൽ നിന്നുള്ളവർക്ക് ഒന്നിച്ചു ചേരാമെന്ന ഇളവിലാണ് അടിയന്തിരമായി മാറ്റം വരുത്തിയത്.
ടിയർ 4 നിയന്ത്രണങ്ങൾ പ്രകാരം സ്റ്റേ അറ്റ് ഹോം നിയന്ത്രണം നിലവിൽ വരും. നോൺ എസൻഷ്യൽ ഷോപ്പുകൾ അടച്ചിടണം. ജിമ്മുകളും ഹെയർ ഡ്രസേഴ്സും അടയ്ക്കും. ടിയർ 4 ൽ ഉള്ള പ്രദേശങ്ങളിൽ ക്രിസ്മസ് ബബിൾ അനുവദനീയമല്ല.
പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിൻ്റെ വകഭേദം കൂടുതൽ മാരകമല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ ഇത് 70 ശതമാനം കൂടുതൽ വേഗത്തിൽ പടരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ബ്രിട്ടൺ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന് കൈമാറിയിട്ടുണ്ട്.