ശുഭവാർത്തയെത്തി.... ഓക്സ്ഫോർഡ് കോവിഡ് വാക്സിന് ബ്രിട്ടൺ അപ്രൂവൽ നൽകി. വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും.
ഓക്സ്ഫോർഡ് കോവിഡ് വാക്സിന് ബ്രിട്ടൺ അപ്രൂവൽ നൽകി. വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്സ് റെഗുലേറ്ററി ഏജൻസിയാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്ര സെനക്കയും സംയുക്തമായി വികസിപ്പിച്ച വാക്സിന് വിതരണാനുമതി നല്കിയത്. ജനുവരി 4 മുതൽ വാക്സിനേഷൻ ആരംഭിക്കുന്ന കാര്യം ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് സ്ഥിരീകരിച്ചു.
ഓക്സ്ഫോർഡ് വാക്സിൻ്റെ 100 മില്യൺ ഡോസിന് ബ്രിട്ടൺ ഓർഡർ നല്കിയിട്ടുണ്ട്. 50 മില്യൺ ആളുകൾക്ക് വാക്സിൻ നല്കാൻ ഇത് പ്രയോജനപ്പെടും. ഓക്സ്ഫോർഡ് വാക്സിൻ ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ പര്യാപ്തമാണെന്ന് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്സ് റെഗുലേറ്ററി ഏജൻസിയുടെ ഹെഡായ ഡോ. ജൂൺ റെയ്ൻ പറഞ്ഞു. വാക്സിൻ്റെ സുരക്ഷ പൂർണമായും പരിശോധനയ്ക്ക് വിധേയമാക്കിയതായി അവർ അറിയിച്ചു.
ബ്രിട്ടീഷ് സയൻസിൻ്റെ വിജയമാണ് ഓക്സ്ഫോർഡ് വാക്സിനെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഏറ്റവും കൂടുതലാളുകൾക്ക് എത്രയും പെട്ടെന്ന് വാക്സിൻ നല്കാൻ നടപടി തുടങ്ങിയതായി അദ്ദേഹം അറിയിച്ചു.