Thursday, 19 September 2024

തിങ്കളാഴ്ച മുതൽ ബ്രിട്ടൺ എല്ലാ ട്രാവൽ കോറിഡോറുകളും അടയ്ക്കും. രാജ്യത്തെത്തുന്നവർ കോവിഡ് നെഗറ്റീവ്  ടെസ്റ്റ് റിസൾട്ട് ഹാജരാക്കണം. പത്തു ദിവസം സെൽഫ് ഐസൊലേഷനും ബാധകം

തിങ്കളാഴ്ച മുതൽ ബ്രിട്ടൺ എല്ലാ ട്രാവൽ കോറിഡോറുകളും അടയ്ക്കും. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് വൈകുന്നേരം നടന്ന ഡൗണിംഗ് സ്ട്രീറ്റ് ബ്രീഫിംഗിൽ ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചു. രാജ്യത്തെത്തുന്നവർ കോവിഡ് നെഗറ്റീവ്  ടെസ്റ്റ് റിസൾട്ട് ഹാജരാക്കണം.  ഇത് യാത്ര തിരിക്കുന്നതിനു മുൻപ് ലഭിച്ചതായിരിക്കണം. യുകെയിലെത്തിയാൽ പത്തു ദിവസം സെൽഫ് ഐസൊലേഷനും ബാധകമാക്കിയിട്ടുണ്ട്. അഞ്ചു ദിവസത്തിനു ശേഷം നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് ലഭ്യമായാൽ ക്വാരൻ്റീൻ അവസാനിപ്പിക്കാം. ചില രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാരൻ്റീനിൽ ഇളവ് നല്കിയിരുന്നത്  ഇതോടെ ഒഴിവാക്കപ്പെടും.

ബ്രസീലിൽ കോവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തിര നിയന്ത്രണങ്ങൾ ബ്രിട്ടൺ ഏർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 15 വരെ പുതിയ നിയന്ത്രണങ്ങൾ നിലവിലുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്രിട്ടൺ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ബോർഡറുകളിൽ കർശനമായി നടപ്പാക്കുമെന്ന് ബോറിസ് വ്യക്തമാക്കി.

കൊറോണ മൂലം കഴിഞ്ഞ 24 മണിക്കൂറിൽ 1280 മരണങ്ങൾ കൂടി ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തു. പുതിയതായി 55,761 കോവിഡ് കേസുകളും ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. ഇതുവരെ 87,291 പേർ യുകെയിൽ കോവിഡ് മൂലം മരിച്ചിട്ടുണ്ട്. കൊറോണ റീ പ്രൊഡക്ഷൻ നമ്പർ 1.2 - 1.3 നും ഇടയ്ക്കാണെന്ന് സയൻറിഫിക് അഡ് വൈസറി ഗ്രൂപ്പ് ഫോർ എമർജൻസീസ് സ്ഥിരീകരിച്ചു.

ബ്രിട്ടണിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. വ്യാപനം തടയാൻ ഏർപ്പെടുത്തിയിരിക്കുന്ന ഗൈഡു ലൈനുകൾ പൊതുജനങ്ങൾ അനുസരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യത്തെ കൊറോണ വൈറസ് ഇൻഫെക്ഷൻ്റെ പീക്ക് കഴിഞ്ഞതായി ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി സൂചിപ്പിച്ചു. എന്നാൽ ഹോസ്പിറ്റൽ അഡ്മിഷനുകളുടെ എണ്ണത്തിൽ ഇനിയും വർദ്ധനയുണ്ടാകാനുള്ള സാധ്യത ഉള്ളതായി അദ്ദേഹം പറഞ്ഞു.

ലണ്ടനിലെ ഹോസ്പിറ്റലുകളിൽ ഇൻറൻസീവ് കെയറിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള ഏതാനും രോഗികളെ ന്യൂകാസിലിലെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. 300 ലേറെ മൈൽ ദൂരത്തുള്ള ഹോസ്പിറ്റലിലേയ്ക്ക് ഈ അവസ്ഥയിലുള്ള രോഗികളെ മാറ്റുന്നതിൽ വിവിധ കേന്ദ്രങ്ങൾ ആശങ്ക പ്രകടിപ്പിച്ചു.
 

Other News