ബ്രിട്ടണിലെ ലോക്ക് ഡൗൺ ഇളവുകൾ ഫെബ്രുവരി 22 ന് പ്രഖ്യാപിക്കും. സ്കൂളുകൾ മാർച്ച് 8 ന് തുറന്നേക്കും. 14.5 മില്യണാളുകൾക്ക് വാക്സിൻ നല്കി. റീ പ്രൊഡക്ഷൻ നമ്പർ ഒന്നിൽ താഴെ
ബ്രിട്ടണിൽ ഇതുവരെ 14.5 മില്യണാളുകൾക്ക് കോവിഡ് വാക്സിൻ നല്കി. തിങ്കളാഴ്ച്ചയോടെ 15 മില്യൺ ആളുകൾക്ക് വാക്സിൻ നൽകാനുള്ള ലക്ഷ്യം ഗവൺമെൻ്റ് കൈവരിക്കും. ടോപ്പ് റിസ്ക് കാറ്റഗറിയിലുള്ള നാല് ഗ്രൂപ്പുകളിൽ ഉള്ളവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നല്കിയത്. കെയർ ഹോമുകളിലെ റെസിഡൻറുകളും സ്റ്റാഫുകളും, 70 വയസിനു മുകളിൽ പ്രായമുള്ളവർ, എൻഎച്ച്എസിലെ ഫ്രണ്ട് ലൈൻ ആൻഡ് കെയർ സ്റ്റാഫ്, ഗൗരവകരമായ ആരോഗ്യ പ്രശ്നമുള്ളവർ എന്നീ വിഭാഗങ്ങളിലുള്ളവർക്കാണ് വാക്സിനേഷനിൽ മുൻഗണന നല്കിയത്. അര മില്യനോളം ആളുകൾക്ക് വാക്സിൻ്റെ രണ്ടാമത്തെ ഡോസും ലഭിച്ചിട്ടുണ്ട്. ഏഴ് ദിവസ ശരാശരി അനുസരിച്ച് 441,660 പേർക്ക് ദിനംപ്രതി ബ്രിട്ടണിൽ വാക്സിൻ നല്കുന്നുണ്ട്. കണക്കുകളനുസരിച്ച് ഇംഗ്ലണ്ടിലെ 75 വയസിനു മുകളിൽ പ്രായമുള്ള 93 ശതമാനം പേർക്കും വാക്സിൻ ലഭിച്ചു. എന്നാൽ ചില കമ്യൂണിറ്റികളിൽ വാക്സിനേഷൻ നിരക്കിൽ കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. വാക്സിനേഷന് വിമുഖ കാണിക്കുന്നവർക്ക് വീണ്ടും ചാൻസ് നല്കുമെന്നും ഓൺലൈൻ നാഷണൽ ബുക്കിംഗ് സർവീസ്, 119 നമ്പരിൽ വിളിക്കുക, ജിപി സർജറി എന്നീ മാർഗങ്ങളിലൂടെ ഇതിനായി അപ്പോയിൻ്റ്മെൻറ് എടുക്കാമെന്നും എൻഎച്ച്എസ് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പൊവിസ് പറഞ്ഞു.
267 ഹോസ്പിറ്റലുകൾ, 1034 ലോക്കൽ വാക്സിനേഷൻ സൈറ്റുകൾ, 90 വാക്സിനേഷൻ സെൻററുകൾ, 194 കമ്യൂണിറ്റി ഫാർമസികൾ എന്നിവ വഴിയാണ് ബ്രിട്ടൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പ്രോഗ്രാം നടന്നു വരുന്നത്. മെയ് മാസത്തോടെ ടോപ്പ് 9 പ്രയോറിറ്റി ഗ്രൂപ്പുകൾക്ക് വാക്സിനേഷൻ ലഭ്യമാക്കാനാണ് ഗവൺമെൻ്റ് നിശ്ചയിച്ചിരിക്കുന്നത്. യുകെയിൽ കൊറോണ റീപ്രൊഡക്ഷൻ നമ്പർ ഒന്നിന് താഴെയായിട്ടുണ്ട്. ജൂലൈ മാസത്തിനു ശേഷം ആദ്യമായാണ് റീ പ്രൊഡക്ഷൻ നമ്പർ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ ഇത്രയും താഴുന്നത്. 0.7 നും 0.9 നും ഇടയ്ക്കാണ് റീ പ്രൊഡക്ഷൻ നമ്പർ എന്നാണ് കണക്കാക്കുന്നത്. കൊറോണ ഇൻഫെക്ഷൻ നിരക്കിൽ ദിവസേന 2 മുതൽ 5 ശതമാനം വരെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിൽ ബ്രിട്ടണിൽ 621 കോവിഡ് മരണങ്ങളും 13,308 പുതിയ കൊറോണ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ 116,908 പേർ ബ്രിട്ടണിൽ കൊറോണ മൂലം മരിച്ചിട്ടുണ്ട്. ആകെ 4,027,106 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
നിലവിൽ ബ്രിട്ടണിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിലെ ഇളവുകൾ ഫെബ്രുവരി 22 ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കും. സ്കൂളുകൾ മാർച്ച് 8 മുതൽ തുറക്കുന്നത് മുൻഗണനാ വിഷയമായി ഗവൺമെൻ്റ് എടുക്കുമെന്നാണ് സൂചന. റീട്ടെയിൽ ഷോപ്പുകൾ, ഹോസ്പിറ്റാലിറ്റി സെക്ടർ എന്നിവ തുറക്കുന്നത് സംബന്ധിച്ചും തീരുമാനം പ്രഖ്യാപിച്ചേക്കും.
ഓക്സ്ഫോർഡ് വാക്സിൻ്റെ ക്ളിനിക്കൽ ട്രയൽ കുട്ടികളിൽ നടത്താൻ ഇതിനിടെ നടപടികളാരംഭിച്ചു. 6 നും 17 വയസിനുമിടയിൽ പ്രായമുള്ള 300 വോളണ്ടിയേഴ്സിലാണ് ട്രയൽ നടത്തുന്നത്. ഈ വീക്കെൻഡു മുതൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലും യൂണിവേഴ്സിറ്റിയുടെ ലണ്ടൻ, സൗത്താംപ്ടൺ, ബ്രിസ്റ്റോൾ എന്നിവിടങ്ങളിലെ പാർട്ണർ സൈറ്റുകളിലുമാണ് ഇതിന് തുടക്കം കുറിക്കുന്നത്.