പ്രിൻസ് ഫിലിപ്പിന് ബ്രിട്ടീഷ് ജനതയുടെ ആദരം. ആംഡ് ഫോഴ്സസ് 41 ഗൺ സല്യൂട്ട് നല്കി
വെള്ളിയാഴ്ച രാവിലെ അന്തരിച്ച പ്രിൻസ് ഫിലിപ്പിന് ബ്രിട്ടൻ ഔദ്യോഗികമായി ആദരമർപ്പിച്ചു. ആംഡ് ഫോഴ്സസ് 40 മിനിട്ട് നീണ്ട ഗൺ സല്യൂട്ട് നല്കിയാണ് റോയൽ നേവി ഓഫീസറായിരുന്ന പ്രിൻസ് ഫിലിപ്പിൻ്റെ മരണത്തിൽ അനുശോചിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം ലോർഡ് ഹൈ അഡ്മിറൽ പദവി അലങ്കരിച്ചിട്ടുണ്ട്. ബ്രിട്ടൻ്റെ ചരിത്രത്തിൽ റോയൽ കൺസോർട്ടിൽ ഏറ്റവുമധികം സേവനം അനുഷ്ഠിച്ച രാജകുടുംബാംഗമാണ് പ്രിൻസ് ഫിലിപ്പ്.
യുകെയിലെ വിവിധ ഭാഗങ്ങളിലും ജിബ്രാൾട്ടർ, റോയൽ നേവി വാർഷിപ്പുകൾ എന്നിവയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ 12.40 വരെയുള്ള സമയത്ത് ഓരോ മിനിട്ട് ഇടവിട്ട് ആചാരവെടി ഉതിർത്തു. ലണ്ടൻ, കാർഡിഫ്, ബെൽഫാസ്റ്റ്, എഡിൻബറോ, ഡെവൺപോർട്ട്, പോർട്സ്മൗത്ത് എന്നീ സിറ്റികളിലും ഗൺ സല്യൂട്ട് നടന്നു. ടിവിയിലൂടെയും ഓൺലൈനിലൂടെയും ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്ത ചടങ്ങ് മില്യൺ കണക്കിനാളുകൾ തത്സമയം വീക്ഷിച്ചു. പ്രിൻസ് ഫിലിപ്പിൻ്റെ മരണത്തെത്തുടർന്ന് ഇന്നലെ വെസ്റ്റ് മിൻസ്റ്റർ ആബെയിൽ 99 മിനിട്ടിനിടെ 99 തവണ മണി മുഴക്കിയിരുന്നു. ബ്രിട്ടീഷ് രാജ്ഞിയായ ക്വീൻ എലിസബത്തിൻ്റെ ഭർത്താവായ 99 കാരനായ പ്രിൻസ് ഫിലിപ്പ് ഇന്നലെ രാവിലെയാണ് വിട വാങ്ങിയത്.