Monday, 23 December 2024

ആഗോള താപനത്തിനെതിരെ ലോകത്തെ നയിച്ച സ്കൂൾ വിദ്യാർത്ഥിനി. ഗ്രേറ്റ റ്റുൻബെർഗ് എന്ന പതിനാറുകാരി.

ആഗോള താപനത്തിനെതിരെ ലോകത്തെ നയിച്ച സ്കൂൾ വിദ്യാർത്ഥിനി. ഗ്രേറ്റ റ്റുൻബെർഗ് എന്ന പതിനാറുകാരി.

ഗ്രേറ്റ റ്റുൻബെർഗ് എന്ന പതിനാറുകാരി ലോക പ്രശസ്തിയിലേയ്ക്ക് ഉയർന്നു കഴിഞ്ഞു. ആഗോള താപനത്തിനെതിരെ അന്താരാഷ്ട്ര ജനതയ്ക്ക് മുന്നറിയിപ്പ് നല്കുന്ന പ്രതിഷേധ പ്രസ്ഥാനങ്ങളുടെ മുൻനിരപ്പോരാളിയാണ് ഗ്രേറ്റ എന്ന സ്വീഡിഷുകാരി പെൺകുട്ടി. സ്റ്റോക്ഹോമിൽ ജനിച്ച ഗ്രേറ്റ 2018 ആഗസ്റ്റിലാണ് സ്കൂൾ ബഹിഷ്കരിച്ച് സ്വീഡിഷ് പാർലമെന്റിനു മുമ്പിൽ ആഗോളതാപനം നിയന്ത്രിക്കുവാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് സമരത്തിനു നേതൃത്വം നല്കിയത്. ലോകത്തിന്റെ നാനാഭാഗങ്ങളിലേയ്ക്കും സമരത്തിന്റെ സന്ദേശം എത്തിച്ചേരുകയും അത് ഒരു അന്താരാഷ്ട്ര പ്രതിഷേധമായി വളരുകയും ചെയ്തു. അതേ വർഷം നടന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുണൈറ്റഡ് നേഷൻസിന്റെ കോൺഫറൻസിനെ അഭിസംബോധന ചെയ്ത ഗ്രേറ്റ റ്റുൻബർഗ് അന്താരാഷ്ട്ര തലത്തിൽ താപനം നിയന്ത്രിക്കാനായി കടുത്ത നടപടി ഉണ്ടാകണമെന്ന് വിവിധ രാഷ്ട്രത്തലവന്മാരോട് അഭ്യർത്ഥിച്ചു. ഗ്രേറ്റയുടെ പിന്നിൽ അണിനിരന്ന പ്രതിഷേധ മാർച്ചുകളിൽ രണ്ടു മില്യണിലേറെ വിദ്യാർത്ഥികളാണ് 2019 ൽ പങ്കെടുത്തത്. അന്താരാഷ്ട്ര രംഗത്ത് അവഗണിക്കപ്പെടാനാവാത്ത ശക്തിയായി ഗ്രേറ്റ മാറി ക്കഴിഞ്ഞു. OCD യും സെലക്ടീവ് മ്യൂട്ടിസവും അസ്പർഗർ സിൻഡ്രവും ബാധിച്ച ബാല്യകാലത്ത് ഗ്രേറ്റ അവയെ തന്റെ അമാനുഷിക ശക്തിയായി കണക്കാക്കി. ആഗോള താപനത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ചെറുപ്പത്തിലേ മനസിലാക്കി അതിനെതിരായ പോരാട്ടം ആരംഭിച്ചത് സ്വന്തം കുടുംബത്തിലായിരുന്നു. ആദ്യമായിത്തന്നെ തന്റെ മാതാപിതാക്കളെ അവൾ സസ്യഭുക്കാക്കി മാറ്റി, യാത്രയ്ക്കായി വാഹനങ്ങൾ ഉപേക്ഷിച്ച് സൈക്കിൾ ഉപയോഗിച്ചു. വിമാനയാത്രകൾ വരെ ഒഴിവാക്കി. സ്വന്തം കുടുംബത്തിന്റെ കാർബൺ ഫുട് പ്രിൻറ് കുറയ്ക്കുക എന്ന ദൗത്യം വിജയകരമായി നടപ്പാക്കിയ ഗ്രേറ്റ പിന്നീട് പൊതുസമൂഹത്തിന്റെ ബോധവൽക്കരണത്തിനായി ശ്രമങ്ങളാരംഭിച്ചു. 2019 ലെ ഇൻറർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളാണ് ഗ്രേറ്റയെ തേടിയെത്തിയത്. കഴിഞ്ഞ ആഗസ്റ്റിൽ യുകെയിലെ പ്ലിമൗത്തിൽ നിന്ന് യുഎസിലേയ്ക്ക് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സോളാർ പാനലും അണ്ടർ വാട്ടർ ടർബൈനും ഘടിപ്പിച്ച നൗകയിൽ ഗ്രേറ്റ യാത്ര ചെയ്തു. കാർബൺ ന്യൂട്രലായ ഈ ട്രാൻസ് അറ്റ്ലാന്റിക് ക്രോസിംഗ്, ഗ്രേറ്റ പിൻതുടരുന്ന ആശയങ്ങളുടെ ഒരു വിളംബരമായിരുന്നു. ഇന്ന് ദി ഗ്രേറ്റ എഫക്ട് ലോകമെമ്പാടും ചർച്ചയായിക്കൊണ്ടിരിക്കുന്നു. നമ്മുടെ ലോകത്തെ സംരക്ഷിക്കുവാൻ പതിനാറുകാരി പെൺകുട്ടി തുടക്കം കുറിച്ച മുന്നേറ്റം ലോകജനത ഏറ്റെടുത്തു കഴിഞ്ഞു.

Other News