എൻഎച്ച്എസ് സ്റ്റാഫുകൾ നിർബന്ധമായും കോവിഡ് വാക്സിനെടുക്കണമെന്ന് ഡൊമനിക് റാബ്. അല്ലെങ്കിൽ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ്.
എൻഎച്ച്എസ് സ്റ്റാഫുകൾ നിർബന്ധമായും കോവിഡ് പ്രതിരോധ വാക്സിനെടുക്കണമെന്ന നിർദ്ദേശത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഡെപ്യൂട്ടി പ്രൈംമിനിസ്റ്റർ ഡൊമനിക് റാബ് സൂചിപ്പിച്ചു. ഡെഡ് ലൈനിനുള്ളിൽ വാക്സിനായി ബുക്ക് ചെയ്യാത്തവരെ പിരിച്ചുവിടുമെന്ന് നിലപാടിലാണ് ഡൊമനിക് റാബ്. ഹോസ്പിറ്റലുകളിൽ രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സ്റ്റാഫുകൾക്ക് സമ്പൂർണ്ണ വാക്സിനേഷൻ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 3 നകം വാക്സിനെടുക്കാൻ രജിസ്റ്റർ ചെയ്യാത്ത സ്റ്റാഫുകൾക്ക് ഡിസ്മിസൽ ലെറ്റർ നല്കുമെന്നും മാർച്ച് 31 വരെ നോട്ടീസ് പീരിയഡായി കണക്കാക്കുമെന്നുമാണ് സൂചന. 80,000 ത്തോളം എൻഎച്ച്എസ് സ്റ്റാഫുകൾ വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നതായാണ് കണക്കുകൾ. എന്നാൽ 90 ശതമാനത്തിലേറെ എൻഎച്ച്എസ് സ്റ്റാഫുകൾ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞെന്നും ഇത് വളരെ സ്വാഗതാർഹമാണെന്നും ഡൊമനിക് റാബ് വ്യക്തമാക്കി.
നിർബന്ധിത കോവിഡ് വാക്സിനേഷനെതിരെ വ്യാപകമായ പ്രതിഷേധവും തുടരുകയാണ്. ഡെഡ് ലൈൻ നല്കുന്ന നിലപാട് മയപ്പെടുത്തുമെന്നും അതല്ലെങ്കിൽ തിരിച്ചടി നേരിടേണ്ട സാഹചര്യം സംജാതമാകുമെന്നും റോയൽ കോളജ് ഓഫ് നഴ്സിംഗ് ചീഫ് എക്സിക്യൂട്ടീവ് പാറ്റ് കല്ലൻ പറഞ്ഞു. ഡെഡ് ലൈൻ ആറുമാസമെങ്കിലും നീട്ടണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് സൂചന പ്രധാനമന്ത്രി ബോറിസ് ജോൺസൺ നല്കി. ഇംഗ്ലണ്ടിൻ്റെ വിവിധ ഭാഗങ്ങളിൽ നിർബന്ധിത വാക്സിനേഷനെതിരെ പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്. ലണ്ടൻ, മാഞ്ചസ്റ്റർ, ലീഡ്സ്, ബിർമ്മിങ്ങാം എന്നിവിടങ്ങളിൽ വിവിധ സംഘടനകൾ ഫ്രീഡം റാലികൾ സംഘടിപ്പിച്ചു