Wednesday, 22 January 2025

ഇംഗ്ലണ്ടിലേയ്ക്കും സ്കോട്ട്ലൻഡിലേയ്ക്കും  എത്തുന്ന വിദേശങ്ങളിൽ നിന്നുള്ള വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഫെബ്രുവരി 11 മുതൽ കോവിഡ് ടെസ്റ്റ് ഒഴിവാക്കുമെന്ന് ഗവൺമെൻ്റ്.

ഫെബ്രുവരി 11 ന് രാവിലെ നാലു മണി മുതൽ ഇംഗ്ലണ്ടിലേയ്ക്കും സ്കോട്ട്ലൻഡിലേയ്ക്കും  എത്തുന്ന വാക്സിൻ സ്വീകരിച്ച വിദേശ യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് ഒഴിവാക്കുമെന്ന് ഗവൺമെൻ്റ് അറിയിച്ചു.  ഫെബ്രുവരിയിൽ സ്കൂൾ ഹാഫ് ടേം തുടങ്ങുന്ന സമയത്ത് കുടുംബവുമായി യാത്ര ചെയ്യുന്നവർക്ക് സൗകര്യപ്രദമാകുന്ന രീതിയിലാണ് ഈ ഇളവ് നടപ്പാക്കുന്നത്. വാക്സിനെടുക്കാത്ത യാത്രക്കാർക്ക് എട്ടാം ദിവസം നിർദ്ദേശിക്കപ്പെട്ടിരുന്ന ടെസ്റ്റും സെൽഫ് ഐസൊലേഷനും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവർ യാത്ര പുറപ്പെടുന്നതിനു മുൻപും യാത്രയ്ക്കു ശേഷമുള്ള രണ്ടാം ദിവസ ടെസ്റ്റും ചെയ്തിരിക്കണം. ഇംഗ്ലണ്ടിലേയ്ക്കും സ്കോട്ട്ലൻഡിലേയ്ക്കും  എത്തുന്ന യാത്രക്കാർ പാസഞ്ചർ ലൊക്കേറ്റർ ഫോം തുടർന്നും നൽകേണ്ടതാണ്. ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻറ് ഷാപ്സ് ആണ് ഇക്കാര്യം പാർലമെൻ്റിനെ അറിയിച്ചത്. നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതു വഴി ട്രാവൽ ഇൻഡസ്ട്രിയിലെ പ്രതിസന്ധി ലഘൂകരിക്കാനാകുമെന്നും വിദേശങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവ കുടുംബങ്ങൾക്ക് 100 പൗണ്ടോളം വരുന്ന അധികച്ചെലവ് കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി മുതൽ ഇംഗ്ലണ്ടിലെ 12 മുതൽ 15 വയസുവരെയുള്ള പ്രായക്കാർക്ക് ഇൻ്റർനാഷണൽ ഔട്ട് ബൗണ്ട് ട്രാവലിനായി   വാക്സിനേഷൻ സ്റ്റാറ്റസ് എൻഎച്ച്എസ് പാസിലൂടെ ലഭ്യമാക്കുമെന്നും ട്രാൻസ്പോർട്ട് സെക്രട്ടറി പറഞ്ഞു. 16 രാജ്യങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് കൂടി ബ്രിട്ടൺ അനുമതി നല്കി. ഇതുവരെ 180 രാജ്യങ്ങളുടെയും ടെറിട്ടറികളുടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് ബ്രിട്ടണിൽ അംഗീകാരം ലഭിച്ചു. 

Other News