ലോക്ക് ഡൗൺ സമയത്ത് ബോറിസിൻ്റെ ബർത്ത്ഡേ പാർട്ടി നടന്നതായി പുതിയ വെളിപ്പെടുത്തൽ. അന്വേഷണം നടത്തുമെന്ന് മെറ്റ് പോലീസ്. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ലേബർ പാർട്ടി ലീഡർ. ഡൗണിംഗ് സ്ട്രീറ്റ് പാർട്ടി ഗേറ്റ് വിവാദം പുതിയ തലങ്ങളിലേയ്ക്ക്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഡൗണിംഗ് സ്ട്രീറ്റിലെ സ്റ്റാഫുകളും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിലിരിക്കെ പാർട്ടികളിൽ പങ്കെടുത്തതായുള്ള വിവരം പുറത്തു വന്നതോടെ പാർട്ടി ഗേറ്റ് വിവാദം വീണ്ടും രൂക്ഷമാകുന്നു. ലോക്ക് ഡൗൺ സമയത്ത് ബോറിസിൻ്റെ ബർത്ത്ഡേ പാർട്ടി നടന്നതായാണ് പുതിയ വെളിപ്പെടുത്തൽ. ഇൻഡോറിൽ ആളുകൾ ഒത്തുചേരുന്നതിന് നിയന്ത്രണങ്ങൾ ഉള്ള സമയത്ത് ബോറിസിൻ്റെ അമ്പത്തിയാറാം ജന്മദിനം 2020 ജൂൺ 19 ന് ആഘോഷിച്ചതായാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ബോറിസിൻ്റെ പത്നി ക്യാരി സിമണ്ട്സ് സർപ്രൈസ് പാർട്ടി ഒരുക്കിയതായും 30 ഓളം ആളുകൾ 20- 30 മിനിട്ട് നീണ്ട ഗെറ്റുഗദറിൽ എത്തിയതായും പറയപ്പെടുന്നു. ബോറിസിന് ജന്മദിനാശംസ നേർന്ന ഇവർ പിക്നിക് ഫുഡും പങ്കുവെച്ചു.
എന്നാൽ ബോറിസിനൊപ്പം ജോലി ചെയ്യുന്ന സ്റ്റാഫുകളാണ് ഗെറ്റുഗദറിൽ എത്തിയതെന്നും ഇതൊരു പാർട്ടിയായി കണക്കാക്കേണ്ടതില്ലെന്നും ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻറ് ഷാപ്സ് പറഞ്ഞു. ദിവസം മുഴുവൻ ബോറിസിനൊപ്പമുണ്ടായിരുന്നവർ ബർത്ത്ഡേ വിഷ് ചെയ്യാൻ എത്തിയതാണെന്ന് ഷാപ്സ് സൂചിപ്പിച്ചു. ഡൗണിംഗ് സ്ട്രീറ്റിൽ മറ്റു ചില ദിവസങ്ങളിലും പാർട്ടികൾ നടന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ നിയന്ത്രങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനായി സീനിയർ സിവിൽ സെർവൻ്റായ സ്യൂ ഗ്രേയെ നിയോഗിച്ചിരുന്നു. അടുത്തയാഴ്ച ഇതിൻ്റെ ഇടക്കാല റിപ്പോർട്ട് പുറത്തു വരാനിരിക്കെയാണ് ബർത്ത്ഡേ പാർട്ടി നടത്തിയെന്ന പുതിയ വിവരം പുറത്തു വന്നിരിക്കുന്നത്.
ഡൗണിംഗ് സ്ട്രീറ്റിൽ കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ നടന്ന പാർട്ടികൾ ലോക്ക് ഡൗൺ റൂളുകളുടെ ലംഘനമാണോയെന്ന് അന്വേഷണം നടത്തുമെന്ന് പോലീസ് പ്രഖ്യാപിച്ചു. ഇന്നു രാവിലെ മെറ്റ് പോലീസ് കമ്മീഷണർ ക്രെസിദ ഡിക്ക് ആണ് ഇക്കാര്യം ലണ്ടൻ അസംബ്ളിയെ അറിയിച്ചത്. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ലേബർ പാർട്ടി ലീഡർ സർ കെർ സ്റ്റാമർ വീണ്ടും ആവശ്യപ്പെട്ടു. കൺസർവേറ്റീവ് പാർട്ടിയിലെ ഏതാനും ബാക്ക്ബെഞ്ച് എം.പിമാരും ഈയാവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബോറിസ് മന്ത്രിസഭയിലെ ഒരു മന്ത്രി രാജിവയ്ക്കുകയും കൺസർവേറ്റീവ് എം.പിമാരിലൊരാൾ പാർട്ടി വിട്ട് ലേബർ പാർട്ടിയിൽ ചേരുകയും ചെയ്തിരുന്നു.