ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകൾ പെരുകുന്നു. ഹാക്കിംഗിലൂടെ നിരവധി പേർക്ക് പണം നഷ്ടമാകുന്നു. ഇരയായവരിൽ നിരവധി മലയാളികളും.
ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നു. നിലവിൽ ആക്ടീവായ അക്കൗണ്ടുകളുടെ അതേ പേരിൽ തന്നെ ഫോട്ടോകൾ അടക്കമുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെടുന്നത്. ഇതിൽ നിന്ന് വീണ്ടും ഫ്രണ്ട് റിക്വസ്റ്റുകൾ അയച്ച് സാധാരണമെന്ന് തോന്നുന്ന അക്കൗണ്ട് രൂപപ്പെടുത്തിയാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. തുടർന്ന് മെസഞ്ചറിലൂടെ ഫേസ് ബുക്ക് ഫ്രണ്ടിനെ ബന്ധപ്പെട്ട് സുഖാന്വേഷണം നടത്തിയാണ് ഇരകളെ സൃഷ്ടിക്കുന്നത്. ഇപ്പോൾ ഏതെങ്കിലും ഒരു സ്ഥലത്താണെന്നും അത്യാവശ്യമായി കുറെ പണം വേണമെന്നും ഏതാനും ദിവസത്തിനുള്ളിൽ മടക്കിത്തരാമെന്നും പറഞ്ഞാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്. ഗൂഗിൽ പേ വഴി പണം നല്കാനാവശ്യപ്പെടുന്ന വ്യാജ അക്കൗണ്ട് ഹോൾഡർ, വളരെ വിശ്വസനീയമായ രീതിയിൽ പണം കൈക്കലാക്കി മുങ്ങുകയാണ് പതിവ്. അക്കൗണ്ട് ഹാക്കിംഗിലൂടെ നിരവധി പേർക്ക് പണം നഷ്ടമായിട്ടുണ്ട്. ഇരയായവരിൽ നിരവധി മലയാളികളുമുണ്ട്.
ദിവസേന നിരവധി ആളുകളാണ് തങ്ങളുടെ അക്കൗണ്ടുകൾ ഹാക്കായതായി പോസ്റ്റ് ചെയ്യുന്നത്. പണം ആവശ്യപ്പെട്ടുള്ള മെസേജ് കണ്ട് ഒന്നും ചിന്തിക്കാതെ പേയ്മെൻ്റ് നടത്തുന്നവർ നിരവധിയാണ്. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലെ സുഹൃത്തിനോട് നേരിട്ട് കാര്യം സംസാരിക്കുമ്പോഴാണ് പലരും ഇതൊരു തട്ടിപ്പായിരുന്നുവെന്ന് അറിയുന്നതു തന്നെ. അപ്പോഴേയ്ക്കും പലർക്കും പണം നഷ്ടമായിരിക്കും. പതിവില്ലാതെ വരുന്ന മെസഞ്ചർ മെസേജുകൾ അവഗണിക്കുകയും എന്തെങ്കിലും സംശയാസ്പദമായ ആക്ടിവിറ്റികൾ ഉണ്ടാകുന്ന പക്ഷം ഫേസ് ബുക്കിന് റിപ്പോർട്ട് ചെയ്യുകയുമാണ് വേണ്ടത്. ഫേസ്ബുക്ക് അക്കൗണ്ടുകൾ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന ലെവലിൽ സെക്യൂരിറ്റിയുള്ള പാസ് വേർഡിനാൽ സംരക്ഷിക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.