അഭയാർത്ഥികളുടെ ഹോട്ടൽ അക്കോമഡേഷനായി ബ്രിട്ടൺ ദിനംപ്രതി ചിലവഴിക്കുന്നത് 1.2 മില്യൺ പൗണ്ട്.
അഭയാർത്ഥികളുടെ ഹോട്ടൽ അക്കോമഡേഷനായി ബ്രിട്ടൺ ദിനംപ്രതി 1.2 മില്യൺ പൗണ്ട് ചിലവഴിക്കുന്നതായി ഹോം സെക്രട്ടറി വെളിപ്പെടുത്തി. 37,000 ത്തോളം വരുന്ന അസൈലം സീക്കേഴ്സിനും അഫ്ഗാൻ അഭയാർത്ഥികൾക്കും സ്ഥിരമായ താമസ സ്ഥലം ഒരുക്കാൻ ഗവൺമെൻ്റ് ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഹോം സെക്രട്ടറി പ്രിതി പട്ടേലാണ് ഇക്കാര്യം ഹോം അഫയേഴ്സ് കമ്മിറ്റി മുമ്പാകെ അറിയിച്ചത്. ലോക്കൽ അതോറിറ്റികളുമായി സഹകരിച്ച് താമസ സൗകര്യം തയ്യാറാക്കുന്നതിന് ശ്രമിക്കുന്നുണ്ടെന്ന് ഹോം സെക്രട്ടറി പറഞ്ഞു. മിനിസ്ട്രി ഓഫ് ഡിഫൻസിൻ്റെ ബിൽഡിംഗുകൾ ഇതിനായി ഉപയോഗിക്കുന്നതും പരിഗണനയിലാണ്.
25,000 അസൈലം സീക്കേഴ്സും 12,000 അഫ്ഗാൻ അഭയാർത്ഥികളും ഇപ്പോൾ താത്കാലിക അക്കോമഡേഷനിൽ ബ്രിട്ടനിൽ ഉണ്ട്. അതിഭീമമായ തുക ഇക്കാര്യത്തിൽ ചെലവു വരുന്നത് നിയന്ത്രിക്കേണ്ടതുണ്ടെന്ന് ഹോം ഓഫീസ് ഒഫീഷ്യലുകൾ സൂചിപ്പിച്ചു. 300 ഓളം ലോക്കൽ കൗൺസിലുകൾ അഭയാർത്ഥികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി മുന്നോട്ട് വന്നിട്ടുള്ളത് തികച്ചും സ്വാഗതാർഹമാണെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.