റബർ കൃഷിക്കുള്ള സബ്സിഡി തുടരുമെന്ന് കേന്ദ്രം.
റബർ കൃഷിയ്ക്ക് നൽകി വന്നിരുന്ന സബ്സിഡി തുടരുമെന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. പാർലമെന്റിൽ ജോസ് കെ. മാണി എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2020 ഏപ്രിൽ മുതൽ കഴിഞ്ഞ ഡിസംബർ വരെ 10.69 കോടി രൂപയും 2017-18 മുതൽ 2019-20 വരെ 5.6 കോടി രൂപയും സബ്സിഡിയിനത്തിൽ കേരളത്തിലെ റബർ കർഷകർക്കു നൽകി. 2017-18 മുതൽ മുടങ്ങിയിരുന്ന സബ്സിഡി 2020 ഏപ്രിൽ മുതലാണു പുനഃസ്ഥാപിച്ചത്. 2019-20 ൽ 5,33,500 ടണ്‍ ആയിരുന്ന റബർ ഉത്പാദനം കഴിഞ്ഞ വർഷം 5,19,500 ടണ്ണായി കുറഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരി, ലോക്ഡൗണ്‍ എന്നിവയും 2020 സെപ്റ്റംബറിൽ ദക്ഷിണ കേരളത്തിലുണ്ടായ കനത്ത മഴ, ചുഴലിക്കാറ്റ് തുടങ്ങിയവയും നേരിയ ഉൽപാദന കുറവിന് കാരണമായെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.