എന്തിനാണ് നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻ അടയ്ക്കുന്നത്. സെൽഫ് എംപ്ളോയിഡായാലും ഇത് ബാധകമാണോ?
പതിനാറു വയസിൽ കൂടുതൽ പ്രായമുള്ള ഒരു വ്യക്തി, ഒരു ആഴ്ചയിൽ 184 പൗണ്ടിൽ കൂടുതൽ സമ്പാദിക്കുകയോ അതല്ലങ്കിൽ വർഷത്തിൽ 6515 പൗണ്ടിൽ കൂടുതൽ ലാഭമുണ്ടാക്കുന്ന സെൽഫ് എംപ്ളോയിഡ് ബിസിനസ് നടത്തുകയോ ചെയ്യുകയാണെങ്കിൽ നാഷണൽ ഇൻഷുറൻസ് അടയ്ക്കണം.
ഒരാളുടെ എംപ്ളോയിമെന്റ് സ്റ്റാറ്റസ്, എത്രമാത്രം വരുമാനമുണ്ട്, നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷനിൽ വന്നിട്ടുള്ള ബ്രെക്ക് പീരിയഡ് എന്നിവയനുസരിച്ചാണ് അടയ്ക്കേണ്ട തുക നിശ്ചയിക്കപ്പെടുന്നത്. നാഷണൽ ഇൻഷുറൻസ് ക്ലാസുകൾ ഗവൺമെൻറ് വ്യക്തമായി നിർവ്വചിച്ചിട്ടുണ്ട്. ആഴ്ചയിൽ184 പൗണ്ടിൽ കൂടുതൽ സമ്പാദിക്കുന്ന സ്റ്റേറ്റ് പെൻഷൻ പ്രായത്തിനു താഴെയുള്ളവരാണ് ക്ലാസ് 1 ൽ വരുന്നത്. ക്ലാസ് 1A അല്ലെങ്കിൽ 1B യിൽ ഉള്ളവരുടെ കോൺട്രിബ്യൂഷൻ തൊഴിൽ ദാതാവാണ് അടയ്ക്കുന്നത്. വർഷം 6515 പൗണ്ടിലേറെ ലാഭമുണ്ടാക്കുന്ന സെൽഫ് എംപ്ളോയിഡായ ആളുകളാണ് ക്ലാസ് 2 ൽ വരുന്നത്. നാഷണൽ ഇൻഷുറൻസ് പെയ്മെൻ്റിൽ വന്നിരിക്കുന്ന ഗ്യാപ് ഒഴിവാക്കുന്നതിനായി വോളൻററി കോൺട്രിബ്യൂഷൻസ് നടത്തുന്നവർ ക്ലാസ് 3 ൽ വരുന്നു. വർഷം 9569 പൗണ്ടിലേറെ വരുമാനമുള്ള സെൽഫ് എംപ്ളോയിഡായ ആളുകളാണ് ക്ലാസ് 4 ൽ വരുന്നത്.
2021-22 ലെ നിരക്കനുസരിച്ച് വാർഷിക വരുമാനം 9568 പൗണ്ടിൽ താഴെയാണെങ്കിൽ നാഷണൽ ഇൻഷുറൻസ് അടയ്ക്കേണ്ടതില്ല. £9568 - £50,270 നും ഇടയ്ക്കാണ് വാർഷിക വരുമാനമെങ്കിൽ 12% നാഷണൽ ഇൻഷുറൻസ് നല്കണം. 50,270 പൗണ്ടിനു മുകളിലുള്ള വരുമാനത്തിൻ്റെ 2 ശതമാനവും നൽകണം.
സ്റ്റേറ്റ് പെൻഷനും മറ്റു ബെനഫിറ്റുകൾക്കും യോഗ്യത നേടാൻ നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻ ആവശ്യമാണ്. അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെട്ടതാണ് നാഷണൽ ഇൻഷുറൻസ് നമ്പർ. പേ സ്ളിപ്പ്, P60 എന്നിവയിൽ ഈ നമ്പർ പ്രിൻറ് ചെയ്തിരിക്കും. എംപ്ളോയർ, HM റവന്യൂ ആൻഡ് കസ്റ്റംസ്, വർക്ക് ആൻഡ് പെൻഷൻ ഡിപ്പാർട്ട്മെൻറ്, ലോക്കൽ കൗൺസിൽ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ, സ്റ്റുഡൻറ് ലോൺ കമ്പനി, പെൻഷൻ പ്രൊവൈഡർ, ഇൻഡിവിഡ്വൽ സേവിംഗ്സ് അക്കൗണ്ട് പ്രൊവൈഡർ, ഫൈനാൻഷ്യൽ സർവീസ് പ്രൊവൈഡർമാർ എന്നിവർ നാഷണൽ ഇൻഷുറൻസ് നമ്പർ ഉപയോഗിച്ചാണ് ഓരോ വ്യക്തികളുമായി ബന്ധപ്പെട്ട സാമ്പത്തിക വിശകലനം നടത്തുന്നത്.
ക്ലാസ് 1,2,3 കോൺട്രിബ്യൂഷൻ വഴി ബേസിക് സ്റ്റേറ്റ് പെൻഷൻ, അഡീഷണൽ സ്റ്റേറ്റ് പെൻഷൻ, ന്യൂ സ്റ്റേറ്റ് പെൻഷൻ, കോൺട്രിബ്യൂഷൻ ബെയിസ്ഡ് ജോബ് സീക്കേഴ്സ് അലവൻസ്, കോൺട്രിബ്യൂഷൻ ബെയിസ്ഡ് എംപ്ളോയിമെൻറ് ആൻഡ് സപ്പോർട്ട് അലവൻസ്, മറ്റേണിറ്റി അലവൻസ്, ബിറീവ്മെന്റ് സപ്പോർട്ട് പെയ്മെന്റ് എന്നിങ്ങനെയുള്ള പല ബെനഫിറ്റുകൾക്കും യോഗ്യത നേടാവുന്നതാണ്.