Monday, 23 December 2024

പ്രിയതമയോട് വിവാഹാഭ്യർത്ഥന നടത്തിയ മലനിരകളിൽ 27 വർഷത്തിനു ശേഷമെത്തിയ  ഡോക്ടർ 300 അടി താഴ്ചയിലേയ്ക്ക് വീണു മരിച്ചു. സംഭവം ലേക്ക് ഡിസ്ട്രിക്ടിൽ.

പ്രിയതമയോട് വിവാഹാഭ്യർത്ഥന നടത്തിയ ലേക്ക് ഡിസ്ട്രിക്കിലെ മലനിര സന്ദർശിക്കാൻ 27 വർഷത്തിനു ശേഷമെത്തിയ ഡോക്ടർ 300 അടി താഴ്ചയിലേയ്ക്ക് വീണു മരിച്ചു. ഡോ. ജെയ്മി ബട്ലർ തൻ്റെ ഭാര്യ മാർഗരറ്റിനോട് 1994 ൽ ഇവിടെ വച്ചാണ് വിവാഹാഭ്യർത്ഥന നടത്തിയത്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ആൽട്രിച്ചാമിൽ നിന്നുള്ള ഈ ദമ്പതികൾ കഴിഞ്ഞ നവംബറിൽ തങ്ങളുടെ പ്രണയാഭിലാഷം സാക്ഷാത്കരിച്ച മലനിരകളിൽ വീണ്ടുമെത്തുകയായിരുന്നു.

എന്നാൽ ഈ ദമ്പതികളുടെ ഓർമ്മ പുതുക്കലിൻ്റെ യാത്ര ഒരു ദുരന്തമായി മാറുകയായിരുന്നുവെന്ന് ഡെത്ത് ഇൻക്വസ്റ്റ് വെളിപ്പെടുത്തി. മലനിരകളിൽ സന്ദർശനത്തിനെത്തിയ 54 കാരനായ ഡോ. ബട്ലറും മാർഗരറ്റും നവംബർ 2 ന് ഉച്ചയ്ക്ക് ശേഷം നടക്കാനിറങ്ങി. മാർഗരറ്റിനോട് വിവാഹാഭ്യർത്ഥന നടത്തിയ സ്ഥലം കൃത്യമായി കണ്ടു പിടിക്കുന്നതിനായി മൂടൽമഞ്ഞിലൂടെ നടന്നു നീങ്ങിയ ഡോ. ബട്ലർ കാൽ വഴുതി മലയടിവാരത്തിലേയ്ക്ക് പതിക്കുകയായിരുന്നു.

ഡോ. ബട്ലർ തിരിച്ചെത്താൻ വൈകിയതിനാൽ മാർഗരറ്റ് തൻ്റെ പ്രിയതമനെ പേര് ചൊല്ലി ഉറക്കെ വിളിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. മാർഗരറ്റ് ഉടൻ തന്നെ പോലീസിനെ വിളിച്ചു. തിരച്ചിൽ നടത്തിയ മൗണ്ടൻ റെസ്ക്യൂ ടീം ഡോ. ബട്ലറെ 300 അടി താഴ്ചയിൽ ഗുരുതരമായി പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. ഡോ. ബട്ലർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മരണം ഒരു അപകടമായിരുന്നുവെന്ന് കൊറോണർ കിർസ്റ്റി ഗോമർസാൽ സ്ഥിരീകരിച്ചു. ഡോ. ബട്ലർക്കും മാർഗരറ്റിനും ഇരട്ടകളായ ആൺകുട്ടികൾ ഉണ്ട്. 

Other News