Wednesday, 22 January 2025

വിജയം...  അത് അടുത്ത് തന്നെ!!.. എൻ്റെ IELTS വിജയഗാഥ... യുകെയിൽ നഴ്സായ നബീൽ മുഹമ്മദ് ഹുസൈൻ എഴുതുന്നു.

"തോൽവികൾ വിജയത്തിലേക്കുള്ള ചവിട്ടു പടികളാണ്". ഈ പ്രസ്താവന  സ്ഥിരമായി നമ്മുടെ ജീവിതത്തിൽ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, അത് നമ്മൾ എപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിൽ അനുഭവിച്ചു  അറിഞ്ഞിട്ടുണ്ടോ?. തോൽവിയുടെ നിരാശ നമ്മളെ വിജയത്തിലേക്കുള്ള പ്രചോദനം ആയി നമ്മളെ മാറ്റിയിട്ടുണ്ടോ ?. അതെ. അത്തരം ജീവിത അനുഭവങ്ങൾ എല്ലാവരിലും തന്നെ ഉണ്ടാകും. പക്ഷെ, വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാനോ അക്ഷരങ്ങിലൂടെ എഴുതി പിടിപ്പിക്കാനോ സാധിക്കണമെന്നില്ല. നാം നമ്മുടെ ജീവിതത്തിലേക്ക് ഒരു Self-Introspection നടത്തി നോക്കിയാൽ ഒരു പക്ഷെ അത് മറ്റുള്ളവരിലേക്ക് പകർന്നു നല്കാൻ നമുക്ക് സാധിക്കും. അത്തരത്തിൽ എന്റെ വ്യകതി ജീവിതത്തിൽ നടന്ന ഒരു Success Story ആണ് ഞാൻ ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. 

എന്റെ IELTS വിജയഗാഥ.

നഴ്സിംഗ് പൂർത്തിയാക്കിയ ഏതൊരാളുടെയും സ്വപ്നമാണ് വിദേശത്തൊരു ഒരു ജോലി. പ്രത്യേകിച്ച് ഗൾഫ്, യു കെ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലാൻഡ് തുടങ്ങിയ അവരുടെ പട്ടിക ഇങ്ങനെ നീളുന്നു. ഇതിൽ ഗൾഫ് ഒഴിച്ച് മറ്റു ഇംഗ്ലീഷ് ഔദ്യോഗിക ഭാഷ ആയിട്ടുള്ള രാജ്യങ്ങളിൽ പ്രവേശിക്കാൻ IELTS വിജയം നിർബന്ധമാണ്. ഇത്തരത്തിൽ ഒരു സ്വപ്നവുമായി ഞാനും 2007 ൽ നഴ്സിംഗ് പഠനം പൂർത്തിയാക്കി. അതിനു ശേഷം എന്റെ സഹപാഠികളിൽ പലരും IELTS ട്രെയിനിങ് പൂർത്തിയാക്കി വിജയം കരസ്ഥമാക്കി മേല്പറഞ്ഞ രാജ്യങ്ങളിൽ ചേക്കേറി. പക്ഷെ അന്ന് എനിക്ക് ഭയമായിരുന്നു. IELTS പോയി തോറ്റാൽ വീണ്ടും എഴുതണം. അപ്പോഴുള്ള അവസ്ഥയിൽ ഒരു സ്ഥിരമായ ജോലിയിൽ പ്രവേശിക്കുക അതായിരുന്നു എന്റെ primary ഗോൾ. അങ്ങനെ IELTS സ്വപ്നം തത്കാലം ഒഴിവാക്കി 2011 ൽ സൗദി അറേബ്യയിൽ പോയി. അവിടെ ജോലിക്കു പോകുമ്പോഴും എന്റെ സ്വപ്നം IELTS BAND 7ഉം ന്യൂസീലാൻഡും ആയിരുന്നു.

എന്റെ ആദ്യത്തെ IELTS പരിശ്രമം നടത്തിയത് 2014 ൽ ആണ്. പ്രതേകിച്ചു പ്രാക്ടീസ് ഒന്നും ചെയ്യാതെ എന്നാൽ അത്യാവശ്യം തയ്യാറെടുപ്പ് നടത്തി പോയി. സ്വാഭാവികം, എട്ടു നിലയിൽ പൊട്ടി. എന്നിട്ടും എനിക്ക് സ്കോർ 6.0 കിട്ടി. പക്ഷെ ആ തോൽവി എന്നെ ഏറെ നിരാശപ്പെടുത്തി. ഞാൻ IELTS സ്വപ്നങ്ങൾ എല്ലാം മടക്കി പെട്ടിയിൽ വെച്ചു. പഠിക്കാൻ വേണ്ടി വാങ്ങിച്ച പുസ്‌തകങ്ങൾ മറ്റൊരുവന് കൊടുത്തു. അങ്ങനെ എന്റെ ജീവിതത്തിലെ 4 വർഷങ്ങൾ കൂടി കടന്നു, അതിനിടയിൽ വിവാഹം, മകളുടെ ജനനം അങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങൾ. സൗദിയിൽ എനിക്കൊരു BEST ഫ്രണ്ട് ഉണ്ടായിരുന്നു. അവൻ IELTS പാസ്സായി UK യിലേക്ക് പോയപ്പോൾ ഒരു നിമിഷം ഞാൻ ഒന്ന് വിഷമിച്ചു. അത് കൂടാതെ ചില വ്യക്തിപരമായ കാരണങ്ങളാൽ കുടുംബത്തെയും നാട്ടിലേക്ക് ആക്കേണ്ടി വന്നു. ഇതായിരുന്നു എന്റെ turning പോയിന്റ്. ചില ഗോൾ Re-setting.

ഒരു ദിവസം എന്റെ വാപ്പയുടെ കോൾ. "മോനെ, ODEPC കേരള നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നു. UK യിലേക്ക്, CV അയക്കുന്നുണ്ടോ?". ഞാൻ പറഞ്ഞു "ബാപ്പ, അതിന് IELTS പാസ്സാകണമല്ലോ?". ഇത് കേട്ടപ്പോൾ  ബാപ്പ ഒരു ചിരി "അതൊക്കെ നീ പാസ്സാകും. നീ ആദ്യം CV അയച്ചു കൊടുക്ക്". ബാപ്പയുടെ ഫോണിലൂടെയുള്ള ആ ചിരി. ശേഷം ഉമ്മയെ വിളിച്ചപ്പോഴും ഇത് തന്നെ മറുപടി "അതൊക്കെ നീ പാസ്സാകും". "You will definitely win" എന്ന പ്രസ്താവനക്ക് എത്രത്തോളം പ്രചോദനം ഉണ്ട് എന്ന് അന്നെനിക്ക് മനസ്സിലായി.

അങ്ങനെ എന്റെ IELTS ഉദ്യമം വീണ്ടും ആരംഭിച്ചു. 2018 നവംബർ. ഏതൊരു കാര്യത്തിലെന്ന DATA കളക്ഷൻ നടത്തി. നേരത്തെ IELTS പാസ്സായവരെ ബന്ധപ്പെട്ടു. ബുക്ക്സ് വാങ്ങിച്ചു. ഓൺലൈൻ കിട്ടുന്ന ബുക്ക്സ് ഡൌൺലോഡ് ചെയ്തു. അങ്ങനെ വർക്ക് ഔട്ട് തുടങ്ങി. മൂന്നാഴ്ച കഴിഞ്ഞു പോയി പരീക്ഷ എഴുതി....തോറ്റു !!! വീണ്ടും സ്കോർ 6 തന്നെ. !!! ശ്ശെടാ ....നല്ലപോലെ പഠിക്കാതെ പോയി എഴുതിയാലും തോറ്റു ...പഠിച്ചിട്ടു പോയി എഴുതിയിട്ടും തോറ്റു ...!!!പിന്നെ നമ്മുടെ സ്വഭാവം ഉണ്ടല്ലോ.. ടെസ്റ്റിംഗ് കൌൺസിൽ അങ്ങനെ ആണ്. തോൽപ്പിക്കാൻ ഇരിക്കയാണ്. അങ്ങനെ അങ്ങനെ.....!!!

ഞാൻ നേരത്തെ പറഞ്ഞ എന്റെ സുഹൃത് എനിക്കൊരു ഐഡിയ പറഞ്ഞു തന്നു. "നബീലെ, നീ ഇങ്ങനെ തോറ്റു തോറ്റു എന്ന് പറഞ്ഞു നടക്കാതെ എന്ത് കൊണ്ട് തോറ്റു എന്ന് സ്വയം ചിന്തിക്ക്". അതെനിക്കൊരു പുതിയ തിരിച്ചറിവായിരുന്നു. സ്വന്തം തോൽ‌വിയിൽ മറ്റുള്ളവരെ കുറ്റം പറയാതെ ആ തോൽവിയിൽ തനിക്കു പറ്റിയ പിഴവുകൾ കണ്ട് പിടിച്ചു, അത് തിരുത്തുക. അങ്ങനെ എന്റെ IELTS മിഷൻ 3 ആരംഭിച്ചു, പ്രാക്റ്റീസ് ചെയ്തു, ഡേറ്റ് എടുത്തു , എക്സാം എഴുതി......തോറ്റു !!! സ്കോർ 6.5

പക്ഷെ, ഈ മൂന്നാമത്തെ തോൽ‌വിയിൽ ഞാൻ ഒരു പ്രത്യേകത കണ്ടു. Listening നു 7.0 കിട്ടിയിരിക്കുന്നു. അപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി ഒന്നൂടെ ആഞ്ഞു പിടിച്ചാൽ കിട്ടും. അപ്പോഴും എന്നെ ഭീതിപ്പെടുത്തി ഒരു കാര്യം Essay Writing ആണ്. Listening നു 7.0 കിട്ടിയ ധൈര്യത്തിൽ വീണ്ടും പോയി എഴുതി.....തോറ്റെങ്കിലും രണ്ട് മോഡ്യൂളിൽ 7.0 കിട്ടി. ഇവിടെയാണ് ഞാൻ ആറു മാസം ഇടവേള എടുക്കാൻ തീരുമാനിച്ചത്. ഞാൻ എനിക്ക് പറ്റിയ ഈ നാല് തോൽവികളെയും ഒരു self ഇന്ട്രോസ്പെക്ഷന് വിധേയമാക്കി. അതിൽ നിന്ന് ഞാൻ ഒരു കാര്യം മനസ്സിലാക്കി. ഓരോ തവണയും എന്റെ score 0.5 വെച്ച് ഏതെങ്കിലും മൊഡ്യൂളിൽ കൂടുന്നുണ്ട്.

ഇനി ഒരു attempt നടത്തുവാണേൽ ഫുൾ തയ്യാറായി മാത്രമേ IELTS ഡേറ്റ് എടുക്കുകയുള്ളൂ എന്ന് തീരുമാനിച്ചു. അങ്ങനെ ഞാൻ ഓരോ മൊഡ്യൂളും തല നാരിഴ കീറി വർക്ക് ഔട്ട് ചെയ്തു. എനിക്ക് എവിടെയൊക്കെ പാളിച്ചകൾ പറ്റുന്നു എന്ന് മനസ്സിലാക്കി. എന്നെ ഏറെ കുഴക്കിയ essay writing, അതിനായി കൂടുതൽ സമയം കണ്ടെത്തി...ഓൺലൈനിൽ കിട്ടുന്ന essay എല്ലാം എഴുതി നോക്കി. sentence formation കൃത്യമായി മനസ്സിലാക്കി. സ്വന്തമായി essay എഴുതിയ ശേഷം മറ്റുള്ളവരെ കൊണ്ട് കറക്ട് ചെയ്യിപ്പിച്ചു. എന്നിട്ടും എനിക്കെന്തോ ഒരു കുറവ് ഉള്ളത് പോലെ തോന്നി. അങ്ങനെ ഞാൻ എന്റെ സുഹൃത്തിനോട് വീണ്ടും ചോദിച്ചു "എന്താ വേണ്ടത്"....അവൻ പറഞ്ഞു "നിന്റെ hand writing കൂടി ഒന്ന് നന്നാക്കിയാൽ മതി"...ശെടാ... ഞാൻ ഇത്രേം പ്രാവശ്യം IELTS എഴുതിയത് ഇത്ര മോശം hand writing കൊണ്ടാണോ??...എന്നാൽ ഓക്കേ ...അതും കൂടി നന്നാകാൻ തീരുമാനിച്ചു.

2019 നവംബർ IELTS mission 4. എക്സാം എഴുതി രണ്ടാഴ്ച കഴിഞ്ഞു. റിസൾട്ട് വരാൻ സമയമായി. രാത്രി 12 മണിക്കാണ് വെബ് സൈറ്റിൽ റിസൾട്ട് വരിക. ആ രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.. Already നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും കെട്ടിയോളും കുട്ടിയോളും എല്ലാം അറിഞ്ഞു "നബീൽ IELTS എഴുതാൻ പോവാണെന്നു " ഇനി ഇതിലും തോറ്റാൽ ..."നബീലെ നീ പിന്നേം തോറ്റോ " എന്നുള്ള പരിഹാസ ചിരി വേറെ. പക്ഷെ എന്റെ പ്രതീക്ഷ നഷ്ടപ്പെട്ടില്ല. റിസൾട്ട് വന്നു.. !!!ഞാൻ ജയിച്ചിരിക്കുന്നു...!! സ്കോർ 8.0 ... ഇത്രേം നാൾ തോറ്റതിന്റെ BENEFIT അടക്കം.

സുഹൃത്തുക്കളെ,തോൽവികൾ വിജയത്തിലേക്കുള്ള ചവിട്ടു പടികൾ എന്ന് പറയുന്നതിന്റെ എന്റെ ജീവിത അനുഭവമാണ് ഞാൻ ഇവിടെ പങ്കുവെച്ചത്. തോൽവികളിൽ നിന്ന് പഠിക്കുക. നിരാശനാകരുത് . വിജയം അടുത്ത് തന്നെ.!!
നന്ദി

Other News