Monday, 23 December 2024

നദീജലത്തിൽ പാരസെറ്റാമോളും കഫെയിനും നിക്കോട്ടിനും. ഫാർമസ്യൂട്ടിക്കൽ ഡ്രഗിനാൽ ഡൽഹി, ലണ്ടൻ, ന്യൂയോർക്ക് അടക്കമുള്ള നഗരങ്ങളിലെ നദികൾ മലിനമാക്കപ്പെടുന്നു.

ഫാർമസ്യൂട്ടിക്കൽ ഡ്രഗുകളുടെ അളവ് നദീ ജലത്തിൽ അപകടകരമായ നിലയിൽ കാണപ്പെടുന്നതായി പഠനങ്ങൾ വ്യക്തമാക്കി. നദീജലത്തിൽ പാരസെറ്റാമോളും കഫെയിനും നിക്കോട്ടിനും കോട്ടീനും അനുവദനീയമായ അളവിലും വളരെ കൂടുതലാണ്. ലോകമെമ്പാടുമുള്ള വിവിധ നദികളിലാണ് ഇതുസംബന്ധമായ പഠനം നടന്നത്. ഡൽഹി, ലണ്ടൻ, ന്യൂയോർക്ക് അടക്കമുള്ള നഗരങ്ങളിലെ നദികളെയും പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. 258 നദികളെക്കുറിച്ച് 1000 ലൊക്കേഷനുകളിൽ ഫാർമസ്യൂട്ടിക്കൽ ഡ്രഗുകളുടെ അളവ് മോണിട്ടർ ചെയ്തു. ബ്രസീലിലെ ആമസോൺ നദിയും പഠനത്തിൻ്റെ ഭാഗമായിരുന്നു.

61 തരം ഫാർമസ്യൂട്ടിക്കൽ ഡ്രഗുകളുടെ സാന്നിധ്യം ജലാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്നവയാണെന്ന് പ്രൊസീഡിംഗ് സ് ഓഫ് ദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് പുറത്തുവിട്ട റിപ്പോർട്ടിൽ വെളിപ്പെടുത്തി. ശുദ്ധജലജീവികൾക്കു ഭീഷണിയായി മെഡിസിനൽ കെമിക്കലുകൾ മാറുകയാണ്. ആൻറിമൈക്രോബിയൽ റെസിസ്റ്റൻസ് വർദ്ധിക്കുന്നതിനും ഇത് കാരണമാകും. ശുദ്ധജലത്തിൻ്റെ ഗുണമേന്മ കുറയാനും മലിനീകരണത്തിനും ഉള്ള സാധ്യതയും ഇത് വർദ്ധിപ്പിക്കുന്നു.

യൂണിവേഴ്സിറ്റി ഓഫ് യോർക്കിൽ നടത്തിയ അനാലിസിസിൽ നദികളുടെ ഇത്തരത്തിലുളള മലിനീകരണം അൻ്റാർട്ടിക്ക അടക്കമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും സംഭവിക്കുന്നുണ്ടെന്ന് വ്യക്തമായി. ബീറ്റാ ബേ്ളോക്കേഴ്സ്, ആൻ്റിബയോട്ടിക്സ്, ആൻറി ഡിപ്രസൻ്റ് സ്, സ്ളീപിംഗ്‌ മെഡിക്കേഷൻ, ആൻറിഹിസ്റ്റമിൻസ് എന്നിവയുടെയും അംശങ്ങൾ നദികളിൽ കാണപ്പെട്ടു. എന്നാൽ ഇവയിൽ പലതിൻ്റെയും അളവ് ദോഷകരമായ ലെവലിന് താഴെയായിരുന്നു.

പഠനത്തിനായുള്ള ജലസാമ്പിളുകൾ, മോഡേൺ മെഡിസിനുകൾ ഉപയോഗിക്കാത്ത വെനിസ്വേലയിലെ വില്ലേജുകൾ, ലാഗോസ്, ലാസ് വെഗാസ്, രാഷ്ട്രീയ അസ്ഥിരത നേരിടുന്ന ബാഗ്ദാദ്, പലസ്തീനിയൻ വെസ്റ്റ് ബാങ്ക് തുടങ്ങിയ വൈവിധ്യമാർന്ന പ്രദേശങ്ങളിൽ നിന്നാണ് ശേഖരിച്ചത്. ഇടത്തരം സാമ്പത്തിക വ്യവസ്ഥയുളള രാജ്യങ്ങളിലാണ് ഫാർമസ്യൂട്ടിക്കൽ ഡ്രഗ് മൂലമുള്ള ജലമലിനീകരണം കൂടുതലായി കാണപ്പെട്ടത്. മാലിന്യങ്ങൾ നദീതീരത്ത് നിക്ഷേപിക്കുന്നതും സെപ്റ്റിക്ക് ടാങ്കുകളിൽ നിന്നുള്ള മാലിന്യം നദിയിലേയ്ക്ക് ഒഴുക്കുന്നതും മലിനീകരണത്തിൻ്റെ ആക്കം കൂട്ടുന്നു.

യുകെയിലെ തെംസ് അടക്കമുള്ള 12 നദികളിലെ 54 ലൊക്കേഷനുകളിൽ ഡ്രഗിൻ്റെ സാന്നിധ്യം സംബന്ധിച്ച് പഠനം നടന്നു. ഇതിൽ ഗ്ലാസ്ഗോയിലെ ക്ളൈഡ് നദിയിലാണ് ഏറ്റവുമധികം മെഡിസിനൽ കെമിക്കലുകൾ കാണപ്പെട്ടത്.

Other News