Monday, 23 December 2024

സൂപ്പർ മാർക്കറ്റുകളിലെ പേ അറ്റ് പമ്പുകളിൽ ഫ്യൂവൽ നിറയ്ക്കുന്നവരുടെ കാർഡിൽ നിന്ന് 99 പൗണ്ട് ഹോൾഡിംഗ് ഫീ ഈടാക്കാൻ സാധ്യത.

സൂപ്പർ മാർക്കറ്റുകളിലെ പേ അറ്റ് പമ്പുകളിൽ ഫ്യൂവൽ നിറയ്ക്കുന്നവരുടെ കാർഡിൽ നിന്ന് ഒരു പൗണ്ട് ഹോൾഡിംഗ് ഫീ ഈടാക്കുന്ന പതിവിൽ മാറ്റം വരുന്നു. ഹോൾഡിംഗ് ഫീ 99 പൗണ്ടിലേയ്ക്ക് ഉയർത്തുമെന്നാണ് സൂചന. അസ്ദ, സെയിൻസ്ബറീസ്, ടെസ്കോ, മോറിസൺസ് എന്നീ സൂപ്പർ മാർക്കറ്റുകളിൽ ഇത് നടപ്പാക്കാനാണ് സാധ്യത. നിലവിൽ പേ അറ്റ് പമ്പുകളിൽ  ഫ്യൂവൽ നിറയ്ക്കുന്ന ട്രാൻസാക്ഷന് അനുമതി നൽകുന്നതിന് മുമ്പായി ഒരു പൗണ്ട് ഹോൾഡിംഗ് ഡിപ്പോസിറ്റായി സൂപ്പർമാർക്കറ്റ് റിസർവ് ചെയ്യും. ഫ്യൂവൽ നിറച്ചതിൻ്റെ തുക രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷമായിരിക്കും ബാങ്കിൽ നിന്ന് നൽകുന്നത്. വിസാ, മാസ്റ്റർ കാർഡ് എന്നിവ ഉപയോഗിക്കുന്നവർക്കാണ് ഹോൾഡിംഗ് ഫീ ഈടാക്കുന്നത്. ട്രാൻസാക്ഷൻ പൂർത്തിയായ ശേഷം ഹോൾഡിംഗ് ഫീ തിരിച്ചു ലഭിക്കും.

2021 മുതലാണ് ഹോൾഡിംഗ് ഫീ 99 പൗണ്ടാക്കുന്ന ട്രയൽ യുകെയിൽ ആരംഭിച്ചത്. യൂറോപ്പിൻ്റെ മറ്റു ഭാഗങ്ങളിൽ ഇത് ഏകദേശം നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. ഹോൾഡിംഗ് ഫീ, ട്രാൻസാക്ഷൻ പൂർത്തിയാവുന്നതു വരെ അക്കൗണ്ടിൽ സൂപ്പർ മാർക്കറ്റ് ഹോൾഡ് ചെയ്യും. എന്നാൽ ഫ്യുവൽ നിറച്ചതിൻ്റെ തുക മാത്രമേ ബാങ്കുകൾ ഈടാക്കുകയുള്ളൂ.  ട്രാൻസാക്ഷൻ സെക്യൂരിറ്റി വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഹോൾഡിംഗ് ഫീ വർദ്ധന നടപ്പാക്കുന്നതെന്നാണ് വിശദീകരണം.

എന്നാൽ അക്കൗണ്ടിൽ ബാലൻസ് തുക 99 പൗണ്ട് ഇല്ലെങ്കിലും ഫ്യുവൽ നിറയ്ക്കാം. ബാലൻസുള്ള തുകയ്ക്ക് തുല്യമായ തുകയ്ക്ക് ഫ്യുവൽ നിറച്ചു കഴിയുമ്പോൾ പമ്പ് ഓട്ടോമാറ്റിക് കട്ട് ഓഫ് ആകും.

Other News