Wednesday, 22 January 2025

യുക്മ ദേശീയ വാർഷിക പൊതുയോഗവും  ദേശീയ കലാമേളയുടെ ഫലപ്രഖ്യാപനവും വിജയികൾക്കുള്ള സമ്മാനദാനവും ഫെബ്രുവരി 19 ശനിയാഴ്ച ബർമിംങ്ങ്ഹാമിൽ......കോവിഡ് മഹാമാരിയുടെ വെല്ലുവിളികളെ നേട്ടമാക്കി  മാറ്റിയ ഒരുവർഷക്കാലം

അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി)

യുക്മ ദേശീയ സമിതിയുടെ വാർഷിക പൊതുയോഗം മുൻപ് അറിയിച്ചിരുന്നതു പോലെ ഫെബ്രുവരി 19 ശനിയാഴ്ച രാവിലെ 10 മണിക്ക് ബർമിംഗ്ഹാമിൽ നടക്കും. പൊതുയോഗത്തെ തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ യുക്മ ദേശീയകലാമേള - 2021 ൻ്റെ ഫലപ്രഖ്യാപനവും വിജയികൾക്കുള്ള സമ്മാനദാനവും നടത്തുന്നതാണ്. പൊതുയോഗത്തിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നതാണ്.

കോവിഡ് മഹാമാരി മൂലം ഗവൺമെൻ്റ് നിർദ്ദേശങ്ങൾ പാലിച്ച് യോഗങ്ങൾ നടത്തുവാൻ  സമ്മേളന ഹാളുകൾ കിട്ടുവാൻ ബുദ്ധിമുട്ടിയ സാഹചര്യത്തിൽ  കഴിഞ്ഞ വർഷം ഓൺലൈൻ മീറ്റിംഗിലൂടെയാണ് വാർഷിക പൊതുയോഗം സംഘടിപ്പിച്ച് റിപ്പോർട്ടും, കണക്കും അവതരിപ്പിച്ച് അംഗീകാരം നേടിയത്. 

കഴിഞ്ഞ വർഷം  യുക്മ ജനറൽ കൗൺസിൽ  പ്രതിനിധികളെ നേരിട്ട് ക്ഷണിച്ച് യുക്മയുടെ ദേശീയ വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും നടത്തുവാൻ  സാധിക്കാതെ പോയതിനാൽ 2021-2022 ലെ വാർഷിക പൊതുയോഗം വലിയ പ്രതീക്ഷയോടെയാണ് ഫെബ്രുവരി 19ന് നടത്താൻ യുക്മ ദേശീയ സമിതി  തീരുമാനിച്ചിരിക്കുന്നത്. യു കെയിലെ ഭരണ നേതൃത്വം ജനജീവിതം സാധാരണ നിലയിലാക്കുവാനുള്ള  നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തിക്കഴിഞ്ഞ സാഹചര്യത്തിൽ  യുക്മയുടെ എല്ലാ പരിപാടികളും ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും മാറ്റി കോവിഡിന് മുൻപെന്ന പോലെ സാധാരണ രീതിയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.  ഫെബ്രുവരി 19 ന് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തോടെ  യുക്മയുടെ പരിപാടികൾ സാധാരണ നിലയിലേക്ക് മാറുമെന്നാണ് ദേശീയ സമിതി വിലയിരുത്തുന്നത്.  

ബർമിംഗ്ഹാമിൽ രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം ആറ് മണിവരെ ആയിരിക്കും യുക്മ ദേശീയ പൊതുയോഗവും കലാമേളയുടെ ഫലപ്രഖ്യാപനവും വിജയികൾക്കുള്ള സമ്മാനദാനവും  നടക്കുന്നതെന്ന് ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. യുക്മയുടെ നൂറ്റി ഇരുപതോളം അംഗ അസോസിയേഷനുകളിൽ നിന്നായി മുന്നൂറ്റിയമ്പതോളം പ്രതിനിധികൾ യോഗത്തിനെത്തുമെന്ന് വിലയിരുത്തപ്പെടുന്നു.

2019 മാർച്ച് 09 ശനിയാഴ്ച ബർമിംഗ്ഹാമിൽ നടന്ന ദേശീയ പൊതുയോഗത്തിൽ ആണ് നിലവിലുള്ള ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടത്. ശ്രീ. മനോജ്‌കുമാർ പിള്ള പ്രസിഡന്റായുള്ള ദേശീയ സമിതി സംഭവ ബഹുലമായ മൂന്ന് വർഷം പൂർത്തിയാക്കുമ്പോൾ, അത് യുക്മയുടെ ചരിത്രത്തിൽ തന്നെ വീരോചിതമായി ഇടംപിടിച്ചിരിക്കുകയാണ്.

ഈ ഭരണ സമിതിയുടെ ആദ്യ ഒരു വർഷക്കാലം കേരളാ പൂരം വള്ളംകളി മുതൽ ആദരസന്ധ്യ വരെ അഭിമാനകരങ്ങളായ നിരവധി പരിപാടികൾ സംഘടിപ്പിച്ച് വിജയിപ്പിക്കുവാൻ യുക്മക്ക് കഴിഞ്ഞിട്ടുണ്ട്. തുടർന്ന് കോവിഡ് മഹാമാരിക്കിടയിൽ ലോകം വിറങ്ങലിച്ച് നിന്ന കാലഘട്ടത്തിലും യുക്മയുടെ  പ്രവർത്തനങ്ങൾ ഏററവും മികച്ചതാക്കി മാറ്റാൻ യുക്മ ദേശീയ സമിതിക്ക് സാധിച്ചു. കോവിഡ് കാലഘട്ടത്തിൽ രണ്ട് വർഷവും കലാമേളകൾ മുടക്കം വരുത്താതെ ഓൺലൈനിൽ സംഘടിപ്പിക്കുവാനും, 2021-ൽ ചരിത്രത്തിലാദ്യമായി ഓണാഘോഷം  മലയാള മനോരമയുമായി  ചേർന്ന് സംഘടിപ്പിക്കുവാനും സാധിച്ചത് നിലവിലെ കമ്മിറ്റിയുടെ എടുത്ത് പറയാവുന്ന നേട്ടങ്ങളാണ്. കൂടാതെ  മലയാളികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിൽ ഇടപെടാനും പരിഹാരം കാണുവാനും യുക്മ ദേശീയ സമിതിക്ക് സാധിച്ചു.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്,  വൈസ് പ്രസിഡൻ്റുമാരായ അഡ്വ.എബി സെബാസ്ററ്യൻ, ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലിന സജീവ്, ട്രഷറർ അനീഷ് ജോൺ, ജോയിന്റ് ട്രഷറർ ടിറ്റോ തോമസ്, റീജിയണുകളിൽ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങൾ, റീജിയണൽ പ്രസിഡന്റുമാർ മറ്റു ഭാരവാഹികൾ തുടങ്ങിയ യുക്മ മുൻനിര പ്രവർത്തകർ ഉൾപ്പെടുന്ന എല്ലാവരുടേയും ഒത്തൊരുമയുടെയുള്ള പ്രവർത്തനമാണ് ഈ കമ്മിറ്റിയുടെ വിജയത്തിനാധാരം.

ദേശീയ പൊതുയോഗത്തിൽ പങ്കെടുക്കുവാൻ അർഹരായവരുടെ പരിഷ്ക്കരിച്ച പ്രതിനിധി പട്ടിക യുക്മ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുയോഗത്തിൽ പങ്കെടുക്കുന്നവർ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. പൊതുയോഗത്തിന് മുന്നോടിയായി രാവിലെ ഒൻപതുമണി മുതൽ പത്ത് മണിവരെ ദേശീയ നിർവാഹക സമിതി യോഗവും ചേരുന്നതാണ്.

യുക്മ ദേശീയ പൊതുയോഗവും യുക്മ ദേശീയകലാമേള - 2021 ൻ്റെ ഫലപ്രഖ്യാപനവും സമ്മാനദാനവും നടക്കുന്ന  ഹാളിന്റെ മേൽവിലാസം:-

St. Mary’s Church Hall,

30 Hob'smoat Meadow, Solihull, 

B92 8PN.

UUKMA National PRO & Media Coordinator

Other News