ബ്രിട്ടണിലെ പണപ്പെരുപ്പം 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത.
ബ്രിട്ടണിലെ പണപ്പെരുപ്പം 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ജനുവരിയിലെ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് 5.5 ശതമാനമാണ് രേഖപ്പെടുത്തപ്പെട്ടത്. കഴിഞ്ഞ മാസം ഇത് 5.4 ശതമാനമായിരുന്നു. ഇതുമൂലം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വീണ്ടും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിനു മുൻപ് 1992 ൽ ബ്രിട്ടണിൽ പണപ്പെരുപ്പ നിരക്ക് 7.1 ശതമാനത്തിൽ എത്തിയിരുന്നു.
ഏപ്രിലിൽ നാഷണൽ ഇൻഷുറൻസും എനർജി നിരക്കും വർദ്ധിപ്പിക്കുന്നത് പൊതുജനങ്ങളുടെ മേൽ അധികഭാരമടിച്ചേൽപ്പിക്കും. 54 ശതമാനത്തോളമാണ് ഗ്യാസ്, ഇലക്ട്രിസിറ്റി നിരക്കുകൾ വർദ്ധിക്കുന്നത്. നിലവിൽ റീട്ടെയിൽ പ്രൈസ് ഇൻഡെക്സ് 7.8 ശതമാനമാണ്. യുകെയ്ക്ക് ഇപ്പോൾ 1.2 ട്രില്യൺ പൗണ്ട് പൊതുകടമുണ്ട്. ആയതിനാൽ നാഷണൽ ഇൻഷുറൻസ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ഗവൺമെൻ്റ് പിന്നോട്ട് പോവാനിടയില്ല. ബാങ്ക് ഓഫ് ഇംഗ്ലണ്ട് 0.25 അല്ലെങ്കിൽ 0.5 ശതമാനം വർദ്ധന പലിശ നിരക്കിൽ വീണ്ടും വരുത്തുന്നത് മോർട്ട്ഗേജിൽ അധിക ബാധ്യത ഉണ്ടാക്കും.
ഇരട്ടയക്കത്തിലുള്ള ശമ്പള വർദ്ധന ലഭിക്കണമെന്ന് സ്റ്റാഫുകൾ ആവശ്യമുയർത്തിക്കഴിഞ്ഞു. കൺസ്യൂമർ പ്രൈസ് ഇൻഡക്സ് രണ്ടു ശതമാനത്തിൽ നിലനിർത്തണമെന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ നയം. എന്നാൽ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ഏപ്രിൽ അവസാനത്തോടെ ഏഴു ശതമാനം കടക്കുമെന്നാണ് നിലവിലെ ട്രെൻഡ് നല്കുന്ന സൂചന.
To get 24 X 7 `Malayalam Times` news updates please use, add to Home screen option on your mobile