കോണ്ടാക്ട്ലെസ് കാർഡ് കളക്ഷനുമായി ചർച്ച് ഓഫ് ഇംഗ്ലണ്ട്.
Premier News Desk
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ദേവാലയങ്ങളിൽ പ്രാർത്ഥനാ മധ്യേയുള്ള കളക്ഷനുകൾക്ക് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു തുടങ്ങി. കോണ്ടാക്ട്ലെസ് കാർഡുകൾ ഉപയോഗിച്ചുള്ള കളക്ഷന് ഉപയോഗിക്കുന്ന പ്രത്യേക പ്ളേറ്റുകൾ യോർക്കിലെ കത്തീഡ്രലിൽ ആദ്യമായി ഉപയോഗിച്ചു. ആർച്ച് ബിഷപ്പ് ഓഫ് കാന്റെർബറിയും ആർച്ച് ബിഷപ്പ് ഓഫ് യോർക്കും നൂറു കണക്കിന് വിശ്വാസികളും പങ്കെടുത്ത ഞായറാഴ്ച രാവിലെയുള്ള ശുശ്രൂഷയുടെ സമയത്താണ് ബ്രോൺസ് ഡിജിറ്റൽ പ്ളേറ്റുകളിൽ വിശ്വാസികളിൽ നിന്നും ഡൊണേഷൻ സ്വീകരിച്ചത്.
അഞ്ചു പൗണ്ടിന്റെയോ പത്തു പൗണ്ടിന്റെയോ ഗുണിതങ്ങളായുള്ള തുകകൾ ഡിജിറ്റൽ പ്ളേറ്റിലേയ്ക്ക് കോണ്ടാക്ട്ലെസ് സംവിധാനമുപയോഗിച്ച് ട്രാൻസ്ഫർ ചെയ്യാൻ കഴിയും. വിവാഹം, മാമ്മോദീസ എന്നീ അവസരങ്ങളിൽ കളക്ഷൻ നടത്തുന്നതിനായി ഡിജിറ്റൽ സംവിധാനം വ്യാപകമായി ഉപയോഗിക്കാനാണ് പദ്ധതി. ഇതു മൂലം കളക്ഷനുകളിൽ 97 ശതമാനം വരെ വർദ്ധന ലഭിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.