Wednesday, 22 January 2025

മലയാളം മിഷൻ യുകെയുടെ പ്രവർത്തന മികവിന് അംഗീകാരം. കേരള ഗവൺമെൻ്റിൻ്റെ `കണിക്കൊന്ന` പുരസ്കാരം യുകെ ചാപ്റ്ററിന്

സി. എ. ജോസഫ്, പ്രസിഡന്റ്
മലയാളം മിഷൻ  യുകെ ചാപ്റ്റർ.


മലയാളം മിഷൻ യുകെ ചാപ്റ്ററിനെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനം സമ്മാനിക്കുന്ന ഒരു വാർത്തയാണ് ഇന്ന് ലഭിച്ചത്. കേരള ഗവൺമെന്റിന്റെ  മലയാളം മിഷൻ പ്രഖ്യാപിച്ച മൂന്ന് പ്രഥമ പുരസ്കാരങ്ങളിൽ ഒന്നായ 'കണിക്കൊന്ന' പുരസ്ക്കാരം ( ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും) മലയാളം മിഷൻ യുകെ ചാപ്റ്ററിനാണ് ലഭിച്ചത് എന്നുള്ള  വിവരം ബഹു.  സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ  ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2021 ജനുവരി ഒന്നു മുതൽ 2021 ഡിസംബർ 31 വരെയുള്ള ഒരു വർഷത്തെ  പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഈ പുരസ്കാരം നൽകിയിരിക്കുന്നത്. .

ദീർഘവീക്ഷണത്തോടെയും അതോടൊപ്പം നിശ്ചയദാർഢ്യത്തോടെയും മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ എല്ലാ പ്രവർത്തനങ്ങൾക്കും പ്രസിഡന്റ് എന്ന നിലയിൽ നേതൃത്വം നൽകുവാൻ എനിക്ക് ലഭിച്ച അവസരത്തിൽ ഞാൻ അഭിമാനിക്കുന്നു.

ഈ അംഗീകാരം  യുകെയിലെ മലയാള ഭാഷാസ്നേഹികളോടൊപ്പം ഞാൻ വിനയത്തോടെ ഹൃദയത്തോട് ചേർത്തുവെക്കുന്നു.

മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികളുടെയും പഠന കേന്ദ്രങ്ങളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ സഹകരണത്തിന്റെയും പ്രവർത്തനങ്ങളുടെയും ഫലമായാണ് ഈ അംഗീകാരം നേടുവാൻ കഴിഞ്ഞത്.

50 വിദേശ രാജ്യങ്ങളിലും 24  സംസ്ഥാനങ്ങളിലുമായി മലയാളം മിഷൻ ചാപ്റ്ററുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അവരുടെയെല്ലാം പ്രവർത്തനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. 2021 ജനുവരി ഒന്നു മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ യുകെയിലെ വളർന്നു വരുന്ന കുട്ടികളിൽ മലയാള ഭാഷയും സംസ്കാരവും എത്തിക്കുവാൻ ഞങ്ങൾ ചിട്ടയോടെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്കുള്ള ഒരു അംഗീകാരമായാണ് ഞങ്ങൾ ഈ പുരസ്കാരത്തെ കാണുന്നത്.  ഇനിയും വരും തലമുറയ്ക്കുവേണ്ടി കൂടുതൽ പ്രവർത്തനങ്ങൾ നടത്തുവാനുള്ള പ്രചോദനമായും ഞങ്ങൾ ഇതിനെ കരുതുന്നു.

2021 ജനുവരി മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളും പരിപാടികളുംമുൾപ്പെടുത്തി 9 /1 /2022ൽ ഞങ്ങൾ മലയാളം മിഷന് സമർപ്പിച്ച റിപ്പോർട്ട് ആണ് കണിക്കൊന്ന പുരസ്‌കാരത്തിനായി പരിഗണിച്ചത് .

മലയാളം മിഷൻ യുകെ ചാപ്റ്ററിൽ യു കെ സൗത്ത് , യു കെ മിഡ്ലാൻഡ്സ്, യുകെ നോർത്ത്, യു കെ സ്കോട്ട്ലൻഡ് , യുകെ യോർക്ക് ഷെയർ ആന്റ് ഹമ്പർ, യു കെ നോർത്തേൺ അയർലൻഡ് എന്നീ 6 മേഖലകളിലായി 49 പഠന കേന്ദ്രങ്ങളും 158 അധ്യാപകരും 927 പഠിതാക്കളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2020 നവംബറിലാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ടായി എന്ന നിയമിച്ചത്.
കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെയും നിയന്ത്രണങ്ങളിലൂടെയും കടന്നുപോയ കാലഘട്ടമായിട്ടും 2021 ജനുവരി മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഏവർക്കും മാതൃകാപരമായ ഒട്ടേറെ കാര്യങ്ങൾ മലയാളം മിഷൻ യുകെ ചാപ്റ്ററിന് നടത്തുവാൻ  കഴിഞ്ഞു.

മലയാളം മിഷൻ യുകെ ചാപ്റ്റർ നേതൃത്വത്തിൽ 2021 ൽ നടത്തിയിട്ടുള്ള പ്രധാനപ്പെട്ട ചില പരിപാടികളും അവയ്ക്ക് ഉപോൽബലകമായ ചിത്രങ്ങളും ഒരിക്കൽകൂടി ഈ പുരസ്കാര നിറവിൽ നിങ്ങളെ അറിയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

* മലയാള ഭാഷാ  പ്രചാരണത്തിനായി മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിച്ച 'മലയാളം ഡ്രൈവ്' പ്രഭാഷണ പരമ്പരയുടെ എട്ടാമത് പ്രഭാഷണം 2021 ജനുവരി മൂന്നാം തിയതി  അന്നത്തെ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ് " മലയാളം മലയാളി കേരളം" എന്ന വിഷയത്തിൽ നടത്തി.

* 2021 ജനുവരി ഒൻപതിന് പ്രഭാഷണ പരമ്പരയിലെ ഒൻപതാമത് പ്രഭാഷണം 'മലയാള സാഹിത്യവും ചലച്ചിത്ര ലോകവും'  എന്ന വിഷയത്തിൽ ഡോ പി കെ രാജശേഖരൻ നടത്തി.

* 2021 ജനുവരി 17 ന് 'മലയാളത്തനിമയുടെ ഭേദങ്ങൾ'എന്ന വിഷയത്തിൽ മലയാളം മിഷനിലെ മുൻ പ്രധാന അധ്യാപക പരിശീലകൻ ഡോ എം ടി ശശി പത്താമത് പ്രഭാഷണം നടത്തി.

* 2021ജനുവരി 24 ന് മലയാളം ഡ്രൈവിന്റെ പതിനൊന്നാമത് പ്രഭാഷണം 'കലയെഴുത്തിന്റെ മലയാളം' എന്ന വിഷയത്തിൽ ഡോ കവിതാ ബാലകൃഷ്ണൻ നടത്തി.

* 2021 ജനുവരി മുപ്പതിന് മലയാളം ഡ്രൈവിൽ പന്ത്രണ്ടാമത്തേ പ്രഭാഷണം 'ബാലസാഹിത്യത്തിൽ കടങ്കഥയുടെ പ്രാധാന്യം' എന്ന വിഷയത്തിൽ പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ പി രാധാകൃഷ്ണൻ ആലുവീട്ടിലിൽ നടത്തി.

* 2021 ഫെബ്രുവരി 6ന് കണിക്കൊന്ന പഠനോത്സവം-ശില്പശാല സംഘടിപ്പിച്ചു.

* 2021 ഫെബ്രുവരി 7ന് 'ശാസ്ത്രം മലയാളത്തിലൂടെ' എന്ന വിഷയത്തിൽ മലയാളം ഡ്രൈവിൽ പതിമൂന്നാമത്തെ പ്രഭാഷണം ഡോ വൈശാഖൻ തമ്പി നടത്തി.

* 2021 ഫെബ്രുവരി 24 ന് നടത്തിയ പ്രാഥമിക അധ്യാപക ട്രെയ്നിംഗിൽ യുകെയിൽ നിന്ന് 23 അധ്യാപകരെ പങ്കെടുപ്പിച്ചു.

* സുഗതാഞ്ജലി ചാപ്റ്റർ തല കാവ്യാലാപന മത്സരം ചാപ്റ്റർ  അടിസ്ഥാനപ്പെടുത്തിയുള്ള സുഗതാഞ്ജലി കാവ്യാലാപന മത്സരം സംഘടിപ്പിച്ച് ജൂനിയർ,സീനിയർ വിഭാഗങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച യുകെയിൽ നിന്നുള്ള കുട്ടികളെ മാർച്ച് 6, 7 തീയതികളിൽ മലയാളം മിഷൻ നടത്തിയ ആഗോളതല മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.

* 2021 മാർച്ച് 20ന് കണിക്കൊന്ന മാതൃക പoനോത്സവം നടത്തി

* 21-3-2021 ന് മുൻപായി സമർപ്പിക്കേണ്ട യുകെ സെൻസസിൽ പ്രധാന ഭാഷ മലയാളം എന്ന് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള  ഒരു വീഡിയോ ക്യാമ്പയിൻ സംഘടിപ്പിച്ചു.

*  'കണിക്കൊന്ന'പഠനോത്സവം 2021 ഏപ്രിൽ 10ന് വിജയകരമായി നടത്തി.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ചിരകാലാഭിലാഷമായ കണിക്കൊന്ന പഠനോത്സവം നടത്തി. മലയാളം മിഷന്റെ ചാപ്റ്ററുകൾ യൂറോപ്യൻ രാജ്യങ്ങളിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും കണിക്കൊന്ന പഠനോത്സവം ആദ്യമായി സംഘടിപ്പിച്ചത് മലയാളം മിഷൻ യുകെ ചാപ്റ്റർ ആണ് എന്നത് ഞങ്ങൾക്ക് കൂടുതൽ അഭിമാനം സമ്മാനിച്ച കാര്യമാണ്.13 പഠന കേന്ദ്രങ്ങളിൽ നിന്നായി 152 പഠിതാക്കൾ കണിക്കൊന്ന പഠനോത്സവത്തിൽ പങ്കെടുത്തു.

15 ) കണിക്കൊന്ന പഠനോത്സവം റിസൾട്ട് പ്രഖ്യാപനം 2021 ഏപ്രിൽ 21ന് നടത്തി.

കണിക്കൊന്ന പഠനോത്സവത്തിൽ പങ്കെടുത്ത കുട്ടികളുടെ മൂല്യനിർണ്ണയം അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി മലയാളം മിഷനെ അറിയിക്കുകയും നേരത്തേ പ്രഖ്യാപിച്ചിരുന്നതു പോലെ 2021 ഏപ്രിൽ 21ന് തന്നെ ഫലം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. പഠനോത്സവത്തിൽ പങ്കെടുത്തവരിൽ 133 കുട്ടികൾ എ ഗ്രേഡിലും 19 കുട്ടികൾ ബി ഗ്രേഡിലും വിജയികളായി.

*  2021 മെയ് 9 ന് 'കോട്ടയം ടോക്ക് 'എന്ന ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു ചർച്ച നടത്തുകയും യുകെ ചാപ്റ്റർ പ്രസിഡൻറ് സി എ ജോസഫ് , വിദഗ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ് എസ് , യുകെയിലെ പ്രമുഖ സംഘടനയായ യുക്മയുടെ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, യുകെയിലെ എഴുത്തുകാരിയും അധ്യാപികയുമായ മീരാ കമല, എന്നിവരും സജീവമായി പങ്കെടുത്തു.

* വിദേശ രാജ്യങ്ങളിലുള്ള ചാപ്റ്ററുകളിലെ  പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ബഹു.സാംസ്കാരികവകുപ്പ് മന്ത്രിയുടെയും ബഹു.സാംസ്കാരിക സെക്രട്ടറിയുടെയും ബഹു. മലയാളം മിഷൻ ഡയറക്ടറുടെയും സാന്നിധ്യത്തിൽ  'ലോകമലയാളം ഒന്നിക്കുന്നു' എന്ന പേരിൽ 2021 ജൂൺ 5 ന് സംഘടിപ്പിച്ച പരിപാടിയിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സി എ ജോസഫ് ചർച്ചകളിൽ പങ്കെടുക്കുകയും ക്രീയാത്മകമായ ചില നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു.

* കോവിഡ് മഹാമാരിയുടെ പ്രയാസങ്ങളിലൂടെ കാന്നുപോയ  കേരളത്തിന് കൈത്താങ്ങാകുവാൻ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിനെ പങ്കെടുപ്പിച്ച് കഹൂട്ട് ക്വിസ് മത്സരം 2021 ജൂൺ 13 ന് സംഘടിപ്പിച്ചു. രജിസ്ട്രേഷനായി സമാഹരിച്ച തുകയും വിജയികൾ സംഭാവനയായി നൽകിയ സമ്മാന തുകയും ചേർത്ത് 980 പൗണ്ട് ലഭിച്ചു. ഈ തുകക്ക് തുല്യമായ  100970 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മലയാളം മിഷൻ യുകെ ചാപ്റ്റർ ഏവർക്കും മാതൃകയായി.

* 2021 ജൂലൈ 3 ന് യുകെ സൗത്ത് ഈസ്റ്റ് റീജിയണിലെ ഹോർഷം എന്ന സ്ഥലത്ത് "അമ്മ മലയാളം സ്കൂൾ' എന്ന പേരിൽ ആരംഭിച്ച പഠന കേന്ദ്രത്തിൽ കണിക്കൊന്ന പ്രവേശനോത്സവം സൂമിലൂടെ സംഘടിപ്പിച്ചു.

* 2021 സെപ്തംബർ 26-ാം തീയതി കണിക്കൊന്ന സർട്ടിഫിക്കറ്റ് വിതരണം നടത്തി

മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന സർട്ടിഫിക്കറ്റുകൾ കേരളത്തിൽ നിന്നും യുകെയിൽ എത്തിക്കുകയും 2021 സെപ്തംബർ 26-ാം തീയതി ഓൺലൈൻ മീറ്റിംഗിലൂടെ വിവിധ മേഖലകളിലെ സ്ക്കൂളുകളിലെ പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

* കേരള പിറവി 2021 ആഘോഷവും
നോട്ടിംഗ്ഹാം എൻ എം സി എ മലയാളം സ്‌കൂൾ ഉദ്ഘാടനവും സംഘടിപ്പിച്ചു.

നോട്ടിംങ്ങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന്റെ സഹകരണത്തോടെ കേരളപ്പിറവി ആഘോഷം 2021 ഒക്ടോബർ 31 ന് സംഘടിപ്പിച്ചു. പ്രശസ്ത ഗാനരചയിതാവ് ശ്രീ വയലാർ ശരത് ചന്ദ്ര വർമ്മ, മലയാളം മിഷൻ ഡയറക്റ്റർ പ്രൊഫ. സുജ സൂസൻ ജോർജ് എന്നിവർ മുഖ്യാഥിതികളായി പങ്കെടുത്തു . കേരള പിറവി ആഘോഷങ്ങളോടനുബന്ധിച്ച്  നോട്ടിംഗ്ഹാം എൻ എം സി എ  മലയാളം സ്ക്കൂളിന്റെ ഉദ്ഘാടനവും നടത്തി

* റേഡിയോ മലയാളം 'കിളിവാതിൽ'

27-12 -2021 മുതൽ 30 -12 -2021 വരെ സംപ്രേഷണം ചെയ്ത റേഡിയോ മലയാളത്തിലെ കിളിവാതിൽ എന്ന പരിപാടിയിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും സർഗ്ഗസൃഷ്ടികൾ ആണ് ഉൾപ്പെടുത്തിയത്. ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യൽ പ്രോഗ്രാമായി സംപ്രേഷണം ചെയ്ത ഈ പരിപാടിയിൽ ചാപ്റ്റർ പ്രസിഡന്റ്, വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നുള്ള അധ്യാപകർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു.

* മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെയുള്ള സജീവമായ സർഗാത്മക പ്രവർത്തനങ്ങൾ:

മലയാളം മിഷൻ യുകെ ചാപ്റ്റർ 2021 ജനുവരി മുതൽ ഡിസംബർ വരെ നടത്തിയിട്ടുള്ള പ്രധാനപ്പെട്ട എല്ലാ പരിപാടികളും മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് സ്ട്രീം ആയി സംപ്രേഷണം ചെയ്ത് കൂടുതൽ ആളുകളിൽ എത്തിച്ചിട്ടുണ്ട്.
കൂടാതെ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിലെ കുട്ടികളുടെ നിരവധി സർഗ്ഗസൃഷ്ടികൾ (കഥ,കവിത, ഗാനം, പ്രസംഗം മുതലായവ) മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിൽ ഈ കാലയളവിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ പ്രവർത്തനങ്ങൾക്കെല്ലാം എന്നോടൊപ്പം ആത്മാർഥമായി പ്രവർത്തിച്ച സെക്രട്ടറി ഏബ്രഹാം കുര്യൻ,വിദഗ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ് എസ്,കൺവീനർ ഇന്ദുലാൽ സോമൻ,  ജോയിന്റ് സെക്രട്ടറിമാരായ സ്വപ്ന പ്രവീൺ, രാജി രാജൻ, വൈസ് പ്രസിഡൻറ് ഡോ സീന ദേവകി, റീജിയണൽ  കോർഡിനേറ്റർമാരായ ആഷിക് മുഹമ്മദ് നാസർ, ബേസിൽ ജോൺ, ജിമ്മി ജോസഫ് ബിന്ദു കുര്യൻ, പ്രവർത്തക സമിതി അംഗങ്ങളായ മുരളി വെട്ടത്ത്, സുജു ജോസഫ്, ബിൻസി എൽദോ, വിനീതചുങ്കത്ത്, ദീപ സുലോചന, ശ്രീജിത്ത് ശ്രീധരൻ എന്നിവരോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു.

'കണിക്കൊന്ന'പുരസ്കാരം ലഭിക്കുന്നതിനായി  പരിഗണിച്ച 2021 ൽ മലയാളം മിഷനെ നയിച്ചിരുന്ന ബഹു.മുൻ ഡയറക്ടർ  പ്രൊഫ സുജ സൂസൻ ജോർജ്, ബഹു മുൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, ബഹു മുൻ ഭാഷാധ്യാപകൻ ഡോ എം ടി ശശി എന്നിവരും മലയാളം മിഷൻ ഓഫീസ് സ്റ്റാഫും നൽകിയ സഹായസഹകരണങ്ങൾ ഞങ്ങൾക്ക് വളരെ വിലപ്പെട്ടതായിരുന്നു. അതോടൊപ്പം മലയാളം മിഷന്റെ പുതിയ ഡയറക്ടറായി ചുമതലയേറ്റ പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കടയുടെയും മലയാളം മിഷന്റെ പുതിയ സാരഥികളുടെയും വിലയേറിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഞങ്ങളെ കൂടുതൽ കർമ്മനിരതരായി മുന്നോട്ടു നയിക്കുവാൻ ഉപകരിക്കുമെന്നും ഞങ്ങൾ കരുതുന്നു.

ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് മലയാളം മിഷൻ 'മലയാത്മ 2022' എന്ന പേരിൽ മാതൃഭാഷാ ദിനാഘോഷം സംഘടിപ്പിക്കുകയാണ്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ബഹു സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്നതും ബഹു മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ  വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിൽ മലയാത്മ 2022 ന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതുമാണ്. പ്രസ്‌തുത സമ്മേളനത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് സെക്രട്ടറി ഏബ്രഹാം കുര്യൻ മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ച കണിക്കൊന്ന പുരസ്കാരം ബഹു മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നതാണ് എന്നുള്ള വിവരം വളരെ സന്തോഷപൂർവ്വം എല്ലാവരെയും അറിയിക്കുന്നു.

മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ  തുടർന്നുള്ള പ്രവർത്തനങ്ങൾക്കും നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
 

Other News