Wednesday, 18 September 2024

കൊടുങ്കാറ്റിൽ മൂന്നു മരണം. സ്റ്റോം യൂണിസിൻ്റെ സംഹാര താണ്ഡവത്തിൽ ബ്രിട്ടണിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്റ്റോം യൂണിസിനെ തുടർന്നുണ്ടായ അപകടങ്ങളിൽ ബ്രിട്ടണിൽ 3 മരണം റിപ്പോർട്ട് ചെയ്തു. ലണ്ടൻ, ഹാംപ്ഷയർ, മേഴ്സിസൈഡ് എന്നിവിടങ്ങളിൽ ഓരോരുത്തർ വീതം മരണമടഞ്ഞു. കഴിഞ്ഞ 30 വർഷത്തിനിടയിൽ ബ്രിട്ടൺ കണ്ടതിൽ വച്ച് ഏറ്റവും അപകടകാരിയായ കൊടുങ്കാറ്റാണ് ഇന്നലെ വീശിയടിച്ചത്. കാറ്റിൻ്റെ വേഗത ഐൽ ഓഫ് വൈറ്റിൽ 122 മൈൽ റെക്കോർഡ് ചെയ്തു. ബ്രിട്ടിഷ് എയർവേയ്സ് 130 ഫ്ളൈറ്റുകൾ റദ്ദാക്കിയിരുന്നു.. 460 ഓളം ഡൊമസ്റ്റിക് ഫ്ളൈറ്റുകളും ക്യാൻസൽ ചെയ്യപ്പട്ടു. ലണ്ടൻ ഹീത്രൂവിൽ ഫ്ളൈറ്റ് ലാൻഡിംഗ് വളരെ ദുഷ്കരമായി. ലണ്ടൻ ഹീത്രൂവിൽ പല ഫ്ളൈറ്റുകളും ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ കാറ്റിൽ ആടിയുലയുന്നതുമൂലം ആകാശത്ത് വട്ടമിട്ടു പറക്കേണ്ടി വന്നു. പല തവണ ശ്രമിച്ചാണ് ഫ്ളൈറ്റുകൾ ലാൻഡ് ചെയ്തത്.

ഇംഗ്ലണ്ടിൻ്റെ സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് ഭാഗങ്ങളിൽ സ്റ്റോം യൂണിസുമൂലം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മില്യൺ കണക്കിനാളുകൾ കനത്ത കാറ്റുമൂലം വീടിനുള്ളിൽ കഴിയേണ്ട അവസ്ഥയുണ്ടായി. നൂറു കണക്കിന് ട്രെയിൻ സർവീസുകൾ ക്യാൻസൽ ചെയ്തു. നിരവധി വീടുകൾക്ക് നാശം സംഭവിച്ചു. വ്യാപകമായ പവർകട്ടും റിപ്പോർട്ട് ചെയ്യപ്പെട്ടു. ലണ്ടൻഐയും ലെഗോ ലാൻഡുമടക്കമുള്ള റൈഡുകൾ അടയ്ക്കേണ്ടി വന്നു.

ലണ്ടനിലെ O2 അരീനയിൽ നിന്ന് 1000 പേരെ ഒഴിപ്പിച്ചു. അരീനയുടെ മേൽക്കൂരയ്ക്ക് കാറ്റിൽ കേടുപാടു സംഭവിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാറ്റത്ത് പറന്നു നടക്കുന്ന വസ്തുക്കൾ വന്ന് പതിച്ച് നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നിലവിലെ കണക്കനുസരിച്ച് 152,000 ഭവനങ്ങൾ പവർ കട്ടിലാണ്.

Other News